വിദ്യാർത്ഥിനികളെ കുടുക്കാൻ സ്നാപ് ചാറ്റ് ; സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കി !!

Crime Alappuzha
Print Friendly, PDF & Email

കായംകുളം – ചേപ്പാടുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹൈസ്കൂൾ വിദ്യാർത്ഥിനിയെ സ്നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ടശേഷം ഒന്നരലക്ഷം രൂപ വിലയുള്ള സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കിയ മുങ്ങിയ യുവാക്കൾ പിടിയിൽ. വയനാട് സ്വദേശികളായ മിഥുൻദാസ് (19), അക്ഷയ് (21) എന്നിവരെയാണ് കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. ചേപ്പാട് സ്വദേശിനിയായ വിദ്യാർഥിനിയെ സ്നാപ് ചാറ്റിലൂടെ പരിചയപ്പെട്ട ശേഷം വാഹനത്തിൻറെ ആർസി ബുക്ക് പണയം വെച്ചത് തിരികെ എടുക്കാനാണന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് രണ്ട് പവൻ വരുന്ന സ്വർണ്ണ കൊലുസ്സും, ഒന്നേമുക്കാൽ പവൻ വരുന്ന സ്വർണ്ണമാലയും ഉൾപ്പെടെ മൂന്നേമുക്കാൽ പവൻ സ്വർണ്ണാഭരണങ്ങൾ കൈവശപ്പെടുത്തിയശേഷം പ്രതികൾ കടന്നുകളയുകയായിരുന്നു.

തുടർന്ന് മൊബൈൽഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ ഏലിയാസ് പി ജോർജ്ജിൻറെ നേതൃത്വത്തിൽ, എസ് ഐമാരായ അഭിലാഷ്, ശ്രീകുമാർ, സുരേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സജീവ് കുമാർ, അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.‌

ആധുനിക കാലത്ത് സാമൂഹിക മാദ്ധ്യമങ്ങളിലെ ചതിക്കുഴികൾ മനസ്സിലാകാതെ എത്രയോ ആളുകൾ തട്ടിപ്പിനിരയാകുന്നു. സ്‌കൂൾ പാഠ്യ പദ്ധതിയിൽ തന്നെ സാമൂഹിക മാദ്ധ്യമങ്ങളിലെ കള്ളത്തരങ്ങൾ ഒരു വിഷയമാക്കേണ്ടതും, വിദ്യാർത്ഥികളെ ഇന്നത്തെ സാമൂഹിക സാഹചര്യം മുതലെടുക്കുന്ന ക്രിമിനലുകളെ മനസ്സിലാക്കാനുള്ള വിദ്യാഭ്യാസം നൽകേണ്ടതുമാണ് .

Leave a Reply

Your email address will not be published. Required fields are marked *