കോഴഞ്ചേരി – തെരുവുനായയുടെ കടിയേറ്റ് അടൂരിലും, മുളക്കുഴ കോട്ടയിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി അടക്കം മൂന്ന് പേർക്ക് പരുക്ക്. നെല്ലിമുകൾ ജംഗ്‌ഷനിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കുളക്കട സ്വദേശി ആസാദ് റഹ്മാൻ, അർച്ചന എന്നിവർക്കാണ് കടിയേറ്റത്. ഇവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
മുളക്കുഴ കോട്ട പടിഞ്ഞാറ് വേലൂർ കുഴിയിൽ പ്രദീപിന്റെ മകൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിനീ ദേവികക്ക് വീട്ടിൽ വച്ചാണ് തെരുവ് നായയുടെ കടിയേറ്റത്. ഇന്നലെ രാവിലെ എഴിനാണ് സംഭവം. കുട്ടി ടെലിവിഷൻ കാണുന്നതിനിടെ തുറന്നിട്ട മുൻവാതിലിൽ കൂടി നായ കയറി വന്ന് താടിക്കും ചുണ്ടിനും കടിക്കുകയായിരുന്നു. നിലവിളി കേട്ട രക്ഷിതാക്കൾ ഓടി വന്നപ്പോൾ നായ ഓടി പോകുന്നതാണ് കണ്ടത്. ഉടൻ തന്നെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചികിത്സ തേടി. പ്രതിരോധ കുത്തിവെയ്പ്പും എടുത്തു. തെരുവ് നായക്കൾ ഗ്രാമപ്രദേശങ്ങളിൽ വൻതോതിൽ വർധിച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ എ.ബി.സി കേന്ദ്രങ്ങൾ ഒക്കെ നിർമ്മിക്കുമെന്ന് പറഞ്ഞെങ്കിലും ജില്ലയിൽ ഒരു കേന്ദ്രവും പ്രവർത്തിച്ചു തുടങ്ങിയില്ല. ജില്ലയിൽ ശരാശരി 25 ലധികം പേരെയാണ് ദൈനംദിനം തെരുവ് നായ്ക്കൾ കടിക്കുന്നത്.
What do you feel about this post?
Like
Love
Happy
Haha
Sad

