**മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന
മേഖലാതലയോഗത്തിന് മുന്നോടിയായുള്ള ശിൽപശാല സംഘടിപ്പിച്ചു**
പത്തനംതിട്ട – അതിദാരിദ്ര്യ നിർമാർജന പദ്ധതി ജില്ലയിൽ മികച്ച രീതിയിൽ മുന്നേറുകയാണെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മന്ത്രിമാർ പങ്കെടുക്കുന്ന മേഖലാതലയോഗത്തിന് മുന്നോടിയായുള്ള ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു കളക്ടർ. അതിദാരിദ്ര്യനിർമാർജന പദ്ധതി, നവകേരളമിഷൻ, പൊതുമരാമത്ത്, മാലിന്യമുക്ത കേരളം, ജില്ല അഭിമുഖീകരിക്കുന്ന പൊതുവായ പ്രശ്‌നങ്ങൾ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായി തരംതിരിച്ചാണ് മേഖലാതല യോഗത്തിൽ ചർച്ച ചെയ്യുന്നത്.
അതിദാരിദ്ര്യ നിർമാർജന പദ്ധതിയിലൂടെ അർഹർക്ക് അവകാശരേഖകൾ ലഭ്യമാക്കുന്നതിനൊപ്പം അവർക്ക് വീട്, തൊഴിൽ, ആരോഗ്യസേവനങ്ങൾ എന്നിവയുൾപ്പെടെയുള്ളവ ലഭിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തും. ജില്ലയിലെ തുമ്പമൺ പഞ്ചായത്ത് അതിദരിദ്രരില്ലാത്ത പഞ്ചായത്തായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിദാരിദ്ര്യനിർമാർജന പദ്ധതി, നവകേരളമിഷൻ, പൊതുമരാമത്ത്, മാലിന്യമുക്ത കേരളം എന്നിവയ്ക്ക് മുൻഗണന നൽകിയാണ് സർക്കാർ ഓരോ ചുവടും വയ്ക്കുന്നത്. ലൈഫ് മിഷൻ പദ്ധതിയിലുൾപ്പെടുത്തി ഏനാത്ത് നിർമിക്കുന്ന ലൈഫ് ടവറിന്റെ നിർമാണം മികച്ച രീതിയിൽ പുരോഗമിക്കുന്നുണ്ട്. 56 യൂണിറ്റുകളാണ് ഇവിടെയുള്ളത്. പന്തളം മുടിയൂർക്കോണത്ത് നിർമിക്കുന്ന ലൈഫ് ഫ്ളാറ്റും ഉടൻ പൂർത്തീകരിക്കും.
ഹരിതകേരളം മിഷനിലുൾപ്പെടുത്തി നീർച്ചാലുകൾ പുനരുജ്ജീവിപ്പിക്കുന്ന പദ്ധതിയായ ഇനി ഞാൻ ഒഴുകട്ടെ ഓഗസ്റ്റോടെ പൂർത്തീകരിക്കും. രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന ജലബജറ്റ് ജില്ലയിൽ മല്ലപ്പള്ളി ബ്ലോക്കിൽ പൂർത്തിയായി കഴിഞ്ഞു. ജില്ലയിലെ മറ്റ് ബ്ലോക്കുകളിലും ഇത് ഉടൻ നടപ്പാക്കും. ഹയർസെക്കൻഡറി സ്‌കൂളുകൾ കേന്ദ്രീകരിച്ച് ജലഗുണ നിലവാര ലാബ് സ്ഥാപിക്കുന്ന പ്രവർത്തികൾ പുരോഗമിക്കുകയാണ്.
ജില്ലയിലെ പച്ചത്തുരുത്ത് സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണ്. മല്ലപ്പുഴശേരി ഇടപ്പാറക്കാവ് ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള സ്ഥലത്തുള്ള പച്ചതുരുത്ത് ജില്ലയിലെ പ്രധാനപ്പെട്ട ഒന്നാണ്. നിലവിൽ 97 പച്ചത്തുരുത്തുകളാണ് ഉള്ളത്. ആറെണ്ണം പുതുതായി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ചെണ്ണം മാതൃകാപച്ചതുരുത്തായി കണ്ടെത്തി സംരക്ഷിക്കുന്ന പദ്ധതിയും ഉടൻ ആരംഭിക്കും.
ചുറ്റുമതിലില്ലാത്ത നാല് സ്‌കൂളുകൾ കണ്ടെത്തിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലുൾപ്പെടുത്തി വേണ്ട നടപടികൾ സ്വീകരിക്കും. മഴയുടെ അളവ് കൂടുതലായ ജില്ലയായിട്ടും കുടിവെള്ളം വിതരണം ചെയ്യുന്ന അവസ്ഥയുണ്ട്. ഇത് തിരുവനന്തപുരത്ത് ചേരുന്ന മേഖലാതല കാബിനറ്റിൽ ഉന്നയിച്ച് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് യൂസർഫീ നൽകുന്ന കാര്യത്തിൽ ഇപ്പോഴും വിമുഖത കാണിക്കുന്നവരുണ്ട്. അക്കാര്യത്തിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വേണ്ടപ്രവർത്തനങ്ങൾ നടത്തും. ദ്രവമാലിന്യ സംസ്‌കരണത്തിനായി ജില്ലയിൽ എഫ്എസ്ടിപി പ്ലാന്റ് (ഫീക്കൽ സ്ളഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റ്), തെരുവുനായകളുടെ വന്ധ്യംകരണത്തിനായുള്ള എബിസി സെന്റർ, ഭിന്നശേഷിക്കാർക്കുള്ള റീഹാബിലിറ്റേഷൻ സെന്റർ, മല്ലപ്പള്ളി ഫയർസ്റ്റേഷൻ, വിമുക്തി റീഹാബിലിറ്റേഷൻ സെന്റർ എന്നിവ സ്ഥാപിക്കുന്നത് സംബന്ധിച്ചും ജില്ലയിലെ 100 ഹോം ഗാർഡുകളുടെ കുറവും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. 15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങൾ സംബന്ധിച്ചുള്ള തീരുമാനം സർക്കാരിൽ നിന്ന് തേടുമെന്നും ജില്ലാകളക്ടർ പറഞ്ഞു.
കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.


