പത്തനംതിട്ട: കടമ്മനിട്ട കല്ലേലി ജങ്ഷനിലെ മാർത്തോമ്മ പള്ളിയിൽ മോഷണം. ജനലിന്റെ മുകളിലായുള്ള ആർച്ച് ഭാഗത്തെ ചില്ലു തകർത്ത് ഉള്ളിൽ കടന്ന് വഞ്ചിയിലെ പണം അപഹരിച്ചു. പള്ളിയോട് ചേർന്ന ഓഫീസ് മുറിയിലെ മൂന്ന് അലമാരകളും മേശയും കുത്തിത്തുറന്നിട്ടുണ്ട്. ഇതിൽ സൂക്ഷിച്ചിരുന്ന രേഖകളുംപുസ്തകങ്ങളും വാരി വലിച്ചിട്ട നിലയിലാണ്. ഞായറാഴ്ച രാവിലെ ആറു മണിയോടെ പള്ളിയിൽ ആദ്യം എത്തിയ ഇടവക വികാരി റവ. ജേക്കബ് വർഗീസ് സ്‌കൂട്ടറിൽ ഒരാൾ അതിവേഗം പള്ളിമുറ്റത്ത് നിന്നും പോകുന്നത് കണ്ടിരുന്നു.
എന്നാൽ അദ്ദേഹം അത് കാര്യമാക്കിയില്ല. പിന്നീട് കപ്യാർ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ആറന്മുള പോലീസ് സ്ഥലത്ത് പരിശോധന നടത്തി. ഫിംഗർ പ്രിന്റ് വിഭാഗവും എത്തിയിരുന്നു. പള്ളിയിലെയും സമീപ ജങ്ഷനുകളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. സ്‌കൂട്ടറിൽ ഒരാൾ എത്തിയത് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പുലർച്ചെയാണ് മോഷ്ടാവ് എത്തിയതെന്ന് കരുതുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

