‘ലൂണ 25’ ചന്ദ്രനിൽ തകർന്നുവീണു; ചന്ദ്രയാൻ 3 ഭ്രമണ പഥത്തിലേക്ക്

India Gadget

ന്യൂഡൽഹി – ഇന്ത്യയുടെ അഭിമാന സംരംഭമായ ചന്ദ്രയാൻ 3ന് ഒപ്പം ചന്ദ്രനിൽ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന റഷ്യൻ ബഹിരാകാശ പേടകമായ ‘ലൂണ 25’ തകർന്നതായി റഷ്യയുടെ സ്ഥിരീകരണം. ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച റഷ്യയുടെ പേടകമായ ‘ലൂണ 25’ ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റഷ്യയുടെ ബഹിരാകാശ ഏജൻസിയാണ് അറിയിച്ചത്. പേടകത്തിന് സാങ്കേതികത്തകരാർ നേരിട്ടതായി അവർ ഇന്നലെ അറിയിച്ചിരുന്നു. ‘അസാധാരണ സാഹചര്യം’ നേരിടുന്നുവെന്നാണു റഷ്യയുടെ ബഹിരാകാശ ഏജൻസി ഇന്നലെ വൈകിട്ട് അറിയിച്ചത്.

ഓഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ 25 നാളെ ചന്ദ്രനിൽ ഇറക്കാനായിരുന്നു പദ്ധതി. ഇതിനു മുന്നോടിയായി പേടകം താഴ്ത്തുന്ന പ്രക്രിയയ്ക്കിടെ സാങ്കേതികപ്രശ്നമുണ്ടായെന്നാണ് വിവരം. ഇതിനു പിന്നാലെയാണ് ലൂണ 25 തകർന്നതായി റഷ്യ സ്ഥിരീകരിച്ചത്. ലൂണ 25മായുള്ള ബന്ധം നഷ്ടമായെന്നും, പേടകം ചന്ദ്രനിൽ ഇടിച്ചിറങ്ങിയെന്നുമാണ് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് അറിയിച്ചത്.

അതേസമയം, ചന്ദ്ര ഗർത്തങ്ങളുടെ ലൂണ അയച്ച ആദ്യ ദൃശ്യങ്ങൾ റഷ്യ ഇന്നലെ പുറത്തുവിട്ടിരുന്നു. അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷമാണു ചന്ദ്രനിലേക്കു റഷ്യ പേടകം അയച്ചത്. 2021 ഒക്ടോബറിൽ നടത്താനിരുന്ന വിക്ഷേപണമാണ് 2 വർഷത്തോളം വൈകി നടന്നത്.

ജൂലൈ 14ന് ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു പ്രവേശിച്ചതിനു തൊട്ടുപിന്നാലെയാണ് റഷ്യ പേടകം വിക്ഷേപിച്ചത്. ഇന്ധനക്ഷമതയ്ക്കായി വേറിട്ട പാത സ്വീകരിച്ച് ഓഗസ്റ്റ് 5ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാൻ രണ്ടാഴ്ച അവിടെ പഠനപരീക്ഷണങ്ങൾക്കായി ചെലവഴിച്ച ശേഷം 23നാണ് ചന്ദ്രനിലിറങ്ങുന്നത്. ലോക രാജ്യങ്ങളുടെ ഇടയിൽ ബഹിരാകാശ ദൗത്യങ്ങളുടെ പട്ടികയിൽ പ്രധാനമായ പേര് ഇന്ത്യക്ക് കൈവരിക്കാനാകുമെന്നാണ് കരുതുന്നത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *