കലഞ്ഞൂർ: മധുരം പകർന്നും തേൻ വിളമ്പിയും ജോസ് യാത്ര തുടങ്ങിയിട്ട് 47 വർഷം പിന്നിടുന്നു. സംസ്ഥാന സർക്കാരിന്റെ മികച്ച തേൻ കർഷകനുള്ള അവാർഡ് കൈവരിച്ച കളീയ്ക്കൽ ജോസിന് ഇതൊരു പുതിയ തുടക്കമാണ്. 3500 വൻ തേനീച്ചകളെയും 300 ചെറുതേനീച്ചകളെയും പോറ്റി വളർത്തി വിളവെടുത്ത് പല കുടുംബങ്ങൾക്കും താങ്ങും തണലുമായി മാറി ഈ കർഷകൻ കർഷക സംരംഭങ്ങളുടെ മികച്ച വിജയ പ്രതീക്ഷയാണ്.
കേരളത്തിലെ പല ജില്ലകളിലൂടെ യാത്രചെയ്ത ചെറുകിട കർഷകരെ ഒപ്പം ചേർത്ത് തേൻ സംരംഭങ്ങളുടെ വലിയ ഒരു ശൃംഖല തന്നെ തീർത്തിരിക്കുകയാണ്. വനാതിർത്തി പങ്കിടുന്ന സ്ഥലങ്ങൾ ഇതിനായി കണ്ടെത്തി അവിടെ കർഷകരുടെ കൃഷിയിടങ്ങളിൽ കൂടുകൾ സ്ഥാപിച്ചു. ചെറുതും വലതുമായ തേനീച്ചകളെ ഒപ്പം ചേർത്ത് ഒരോ വിളവെടുപ്പിലും 20 ടൺ തേൻ സംഭരിച്ചാണ് ജോസ് തന്റെ പ്രതിഭ തെളിയിച്ചത്.
കൊല്ലം കുളത്തൂപ്പുഴ, ചണ്ണപ്പേട്ട, തെന്മല, പത്തനംതിട്ട ഏനാദിമംഗലം, കലഞ്ഞൂർ, പത്തനാപുരം, ആലപ്പുഴ കരുവാറ്റ, തോട്ടപ്പള്ളി ഗ്രാമങ്ങളിലാണ് തേൻ സംരംഭങ്ങൾ പ്രവർത്തിക്കുന്നത്. ഒരോ പ്രദേശത്തും 10 ദിവത്തിലൊരിക്കൽ ജോസ് എത്തും. സഹായികളായി എട്ട് തൊഴിലാളികളും ഉണ്ട്. സ്വന്തം കുടുംബത്തിലെ അംഗങ്ങളാണ് തേനീച്ചകൾ എന്നാണ് ഈ കർഷകൻ പറയുന്നത്. തേൻ കൃഷിക്കൊപ്പം വിവിധയിനം കാർഷിക ഉത്പന്നങ്ങളുടെ സംരംഭങ്ങളും ഉണ്ട്. കലഞ്ഞൂർ പഞ്ചായത്തിന്റെ അവാർഡ്, റീബിൽഡ് കേരള അവാർഡ്, വിവിധ സാമൂഹിക കൂട്ടായ്മകളുടെ അവാർഡ് ഉൾപ്പെടെ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ആധുനിക യന്ത്ര സാമഗ്രികളുടെ സഹായത്തോടെ പായ്ക്ക് ചെയ്ത് എടുക്കുന്ന തേൻ ഇന്ത്യയ്ക്ക് ഉള്ളിൽ എത്തിച്ച് നൽകുന്നുണ്ട്. ഇന്ത്യയ്ക്കു പുറത്ത് രണ്ട് സ്വകാര്യ കമ്പനികളുടെ സഹായത്താലും തേൻ വിപണനം നടത്തുന്നുണ്ടെന്നു ജോസ് പറഞ്ഞു. ഭാര്യ ജെസിയും മക്കളായ ക്രിസ്റ്റോയും ക്രിസ്റ്റിയും ഒപ്പം ഏതു കാര്യത്തിനും ഉണ്ടെന്നും ജോസ് പറഞ്ഞു. വീടിനോട് ചേർന്നുള്ള ആധുനിക പ്ലാന്റിലാണ് തേനിന്റെ സംസ്കരണ പ്രവർത്തനങ്ങൾ.


