ആറന്മുള ക്ഷേത്രനഗരി വിനോദ സഞ്ചാര കേന്ദ്രമാകുന്നു: പമ്പയുടെ നെട്ടായത്തിലൂടെ ഇനി ബോട്ട് ഓടും

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: വിനോദ സഞ്ചാരികൾക്ക് ആറന്മുളയിൽ പമ്പാ നദിയിലൂടെ ബോട്ട് സർവീസ് ആരംഭിക്കുന്നതിന് അനുമതി ലഭിച്ചതായി വികസന സമതി. 1096 ലെ തിരുവിതാംകൂർ കനാൽ ആൻഡ് ഫെറീസ് ആക്ടിൽ ആറന്മുളയെക്കൂടിഉൾപ്പെടുത്തി സർക്കാർ ഉത്തരവും അസാധാരണ ഗസറ്റ് നോട്ടിഫിക്കേഷനും വന്നതോടെ ആണ് ഇത് യാഥാർഥ്യമാകുന്നത്. 2021 നവംബറിൽ മാസത്തിൽ വികസന സമിതി ഈ ആവശ്യവുമായി സർക്കാരിൽ നിവേദനം നൽകിയിരുന്നു.

തുടർന്ന് ജലസേചന വകുപ്പിന്റെയും ഇൻലാന്റ് നാവിഗേഷന്റെയും കോഴഞ്ചേരി, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം വരെയുള്ള പത്തോളം ഓഫീസുകളിൽ നിന്നുള്ള ശിപാർശ സർക്കാരിൽ സമർപ്പിക്കുകയും ചെയ്തു. ടൂറിസം, ജലവിഭവ, നിയമ വകുപ്പുകളുടെ അംഗീകാരത്തോടുകൂടി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം ജലസേചനം, ടൂറിസം, പോലീസ്, ഫയർഫോഴ്‌സ്, ഇൻലാന്റ് നാവിഗേഷൻ, നിയമവകുപ്പ് തലവൻമാരുടെ യോഗം ചീഫ് സെക്രട്ടറി വിളിച്ചു കൂട്ടി ചർച്ച നടത്തുകയും ചെയ്തു. ചീഫ് സെക്രട്ടറി തലത്തിൽ നടന്ന യോഗത്തിന്റെ ശിപാർശ പ്രകാരം മുഖ്യമന്ത്രിയാണ് ട്രാവൻകൂർ കനാൽ ആൻഡ് ഫെറി ആക്ടിൽ ആറന്മുള കൂടി ഉൾപ്പെടുത്തി പമ്പാനദിയിൽ കൂടി യാത്രാബോട്ട് സർവീസ് നടത്തുവാൻ ഉത്തരവ് നൽകിയത്.

തുടർന്ന് കോസ്റ്റൽ ഷിപ്പിങ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ വകുപ്പ് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ആറന്മുളയിൽ എത്തുന്ന ഭക്തർക്കും വിനോദ സഞ്ചാരികൾക്കും പാർത്ഥസാരഥി ക്ഷേത്രവും കണ്ണാടി നിർമ്മാണവും പളളിയോടവും തിരുവോണ തോണിയും വാസ്തു വിദ്യാ ഗുരുകുലവും സന്ദർശിച്ചതിന് ശേഷം പമ്പാനദിയിൽ കൂടി ബോട്ടിൽ സഞ്ചരിക്കാൻ പദ്ധതി തയാറാക്കും. ആറന്മുള ഉതൃട്ടാതി വള്ളംകളി ട്രാക്കും ക്ഷേത്ര കടവും വിവിധ പള്ളിയോടകടവുകളും പമ്പാനദിയിലെ ഏറ്റവും വലിയ തോടായ കോഴിത്തോടിന്റെ ഉത്ഭവസ്ഥാനവും ആറന്മുള ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ വിളക്കുമാടം കൊട്ടാരവും ഇതിൽ ഉൾപ്പെടുത്തും.

പമ്പാനദീ തീരത്തെ ജൈവ വൈവിദ്ധ്യങ്ങളും കൃഷിയും ഇരുകരകളിലുമുള്ള ദേവാലയങ്ങളും മാരാമൺ കൺവൻഷൻ നഗർ, തരംഗം ആറാട്ടുപുഴ തുടങ്ങിയ ആസ്വദിക്കുവാൻ ഉതകുന്ന യാത്രാ പാക്കേജുകൾ ഒരുക്കുമെന്ന് വികസന സമതി പ്രസിഡന്റ് പി.ആർ. രാധാകൃഷ്ണൻ, സെക്രട്ടറി അശോകൻ മാവുനിൽക്കുന്നതിൽ എന്നിവർ പറഞ്ഞു. ജലടൂറിസം സാധ്യമാകുന്നതോടു കൂടി കിഴക്കിന്റെ കുമരകമായി ആറന്മുളയെ മാറ്റാൻ സാധിക്കുമെന്നും ഇവർ പറഞ്ഞു. ആറന്മുള, തോട്ടപ്പുഴശേരി, മല്ലപ്പുഴശേരി പഞ്ചായത്തുകൾ പ്രമേയം പാസാക്കുകയും ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടു കൂടി അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് ആറന്മുള സമിതി ഭാരവാഹികളായ സന്തോഷ് കുമാർ,ഗിരീഷ് കുമാർ, വിനീത് മാലക്കര, ഫാക്ട് മോഹൻ, തോമസ് മാത്യു കുന്നത്ത് എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *