സാമൂഹിക വിരുദ്ധരുടേയും യാചകരുടേയും താവളമായ പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡ്

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: സന്ധ്യ കഴിഞ്ഞാൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് സാമൂഹിക വിരുദ്ധരുടേയും യാചകരുടേയും താവളമായി മാറുന്നു. ഇരുളിന്റെ മറവിൽ ഇവിടെ എന്തുനടന്നാലും ആരും ചോദിക്കാനില്ലാത്ത അവസ്ഥയാണ്. യാത്രക്കാർക്ക് ഇരിക്കാനുള്ള കസേരയിലാണ് യാചകരുടെ ഇരുപ്പും കിടപ്പും. യാത്രക്കാർ നോക്കുകുത്തിയായി നിൽക്കേണ്ട അവസ്ഥ.

ഒരു ഭാഗത്ത് മദ്യപരുടേയും പിടിച്ചുപറിക്കാരുടേയും ശല്യം വേറെ. സുരക്ഷാ ഡ്യൂട്ടിയിലുള്ളവരെ ഇവിടെ കാണാറില്ല. അങ്ങനെ ഒരു തസ്തിക പോലും ഉണ്ടോയെന്ന് സംശയം. ഇത്രയും യാചകർ ഇവിടെ തമ്പടിച്ചത് എവിടെ നിന്നാണെന്ന് യാത്രക്കാർക്ക് സംശയമുണ്ട്. ദീർഘദൂര സർവീസുകൾ എത്താനായി കാത്തു നിൽക്കുന്ന യാത്രക്കാർക്ക് ഒന്ന് ഇരിക്കാൻ പോലും യാചകർ സമ്മതിക്കില്ല. ഇരിക്കാനായി എത്തിയാൽ യാചകർ ഇവരെ ചീത്തവിളിച്ച് ഓടിക്കുന്ന അവസ്ഥയാണ്. സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റുമില്ല. പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ഇടയ്‌ക്കൊക്കെ പോലീസ് ഡ്യൂട്ടിയിലുണ്ടായിരുന്നു. പുതിയ സ്റ്റാൻഡിൽ അതുമില്ല.

യാചകർ മിക്കവരും ജനറൽ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സംഘടനകൾ വിതരണം ചെയ്യുന്ന ഭക്ഷണം വാങ്ങിക്കൊണ്ടുവന്ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ഇരുന്ന് കഴിച്ചശേഷം മിച്ചം വരുന്നതും അവശിഷ്ടങ്ങളും വലിച്ചെറിയുകയാണ്. ഇത് കഴിക്കാനായി തെരുവുനായ്ക്കൾ കൂട്ടംകൂടി എത്തുന്നതും യാത്രക്കാരെ പേടിപ്പെടുത്തുന്നു. വിശാലമായ സ്റ്റാൻഡിൽ രാത്രികാലങ്ങളിൽ എന്തുനടന്നാലും നോക്കാൻ ആളില്ല. യാത്രക്കാർ ഭയപ്പാടോടെയാണ് ഇവിടെ ബസുകാത്തുനിൽക്കുന്നത്. സ്റ്റാൻഡിൽ രാത്രി കിടക്കുന്ന യാചകരെയും സാമൂഹിക വിരുദ്ധരേയും ഒഴിവാക്കിത്തരണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പോലീസ് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെയും യാത്രക്കാരുടെയും ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *