കല്ലേലി മണ്ണിൽ ഭക്തിയുടെ സൂര്യകിരണം : ആദിത്യ പൊങ്കാല സമർപ്പിച്ചു

Kerala Pathanamthitta

പത്തനംതിട്ട (കോന്നി ): പ്രതീക്ഷാനിർഭരമായ അന്തരീക്ഷത്തിൽ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനിൽ മനമർപ്പിച്ച ആയിരങ്ങൾ കല്ലേലി പൂങ്കാവനത്തിൽ ആദിത്യ പൊങ്കാല സമർപ്പിച്ചു . 999 മലകളെ പ്രതിനിധാനം ചെയ്യുന്ന സ്വർണ്ണ മലക്കൊടി ഊരാളിമാരുടെ ആർപ്പോ വിളികളോടെ പൊങ്കാല നിവേദ്യം സ്വീകരിക്കാൻ എഴുന്നള്ളിച്ചു . കല്ലേലി മണ്ണിൽ ഭക്തിയുടെ സൂര്യകിരണം വീശി . കല്ലേലി ഊരാളി അപ്പൂപ്പൻറെ പിറന്നാൾ ഭക്ത ലക്ഷങ്ങൾ പത്താമുദയമായി കൊണ്ടാടി ആത്മ സമർപ്പണമായി കല്ലേലി ആദിത്യ പൊങ്കാല നേദിച്ചു .

കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്തു ദിനം നിറഞ്ഞു നിന്ന ഉത്സവ ആഘോഷങ്ങളിൽ പ്രാധാന്യം കൽപ്പിക്കുന്ന ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആത്മാവിഷ്കാരമായ 101 കരിക്കിൻറെ വലിയ പടേനിയോടെ പത്താമുദയ മഹോത്സവത്തിന് തുടക്കം കുറിക്കുകയും പ്രകൃതി സത്യങ്ങളെ സാക്ഷി നിർത്തി കല്ലേലിമണ്ണിൽ ആയിരങ്ങൾ പൊങ്കാലകലങ്ങളിൽ തങ്ങളുടെ കണ്ണീരും കിനാവും അർപ്പിച്ചു കൊണ്ട് സ്വയം സമർപ്പിതരായി.പൂർവികരുടേയും ആശാന്മാരുടെയും പ്രകൃതി സത്യങ്ങളുടെയും അനുഗ്രഹത്തോടെ നൂറ്റാണ്ട് പഴക്കം ഉള്ള കാവിലെ ആചാരവും അനുഷ്ടാനവും ആദിമ കലകളും കലാരൂപങ്ങളും കൊട്ടിക്കയറി

പ്രസിദ്ധമായ കല്ലേലി ആദിത്യ പൊങ്കാലയ്ക്ക് ചലച്ചിത്ര സീരിയൽ താരം പ്രിയങ്ക നായർ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഗായിക കുമാരി അഞ്ജന കടമ്പനാട്,ജന പ്രിയ കോമഡി താരങ്ങളായ രാജേഷ് കൊട്ടാരത്തിൽ, ഹരി ഉതിമൂട്, സുജിത്ത് കോന്നി എന്നിവർ ഉത്സവ സന്ദേശം കൈമാറി. കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സലിംകുമാർ കല്ലേലി സ്വാഗതം പറഞ്ഞു.

 

പണ്ടാര അടുപ്പിൽ ദീപനാളങ്ങൾ പകർന്നതോടെ ആർപ്പോ വിളികളുടെ അകമ്പടിയോടെ പൊങ്കാല അടുപ്പുകളിലേക്ക് അഗ്നിയുടെ പ്രയാണം തുടങ്ങി. അഞ്ചു കിലോമീറ്റർ ചുറ്റളവിൽ വരെ പൊങ്കാല അടുപ്പുകൾ നിരന്നു.സംസ്ഥാനത്തിനു അകത്തും പുറത്തുനിന്നുള്ളവരും വിദേശ രാജ്യങ്ങളിലെ പഠിതാക്കളും പൊങ്കാലയുടെ പുണ്യം നുകരാനെത്തി.

വിവിധ രാഷ്ട്രീയ സാമൂഹിക സാഹിത്യ മത സാമുദായിക ചലച്ചിത്ര രംഗത്തെ പ്രമുഖരും വിവിധ ദിവസങ്ങളിലായി എം പിമാർ എം എൽ എ മാർ എന്നിവർ പത്താമുദയ മഹോത്സവ ആശംസകൾ അർപ്പിക്കാൻ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ എത്തി .പത്താമുദയ മഹോത്സവത്തിന് ആയിരക്കണക്കിന് ഭക്തർ സാക്ഷിയായി . 41തൃപ്പടിയിൽ പടി പൂജ നൽകി . അച്ചൻ കോവിൽ പുണ്യ നദിയിൽ ആയിരങ്ങൾ കല്ലേലി വിളക്ക് തെളിയിച്ചു . ആൾപ്പിണ്ടി വിളക്ക് നദി ഏറ്റുവാങ്ങി .

കള്ളും കലശവും കരിക്കും മുളം കുറ്റിയിൽ വെച്ച് കാർഷിക വിളകൾ ചുട്ടും വറുത്തും പൊടിച്ചും പുഴുങ്ങിയും തെണ്ടും തെരളിയും വറപൊടിയും നൂറകനും മാന്തലും മടിക്കിഴങ്ങും ചെരാതും കാട്ടിലയിൽ നാക്ക് നീട്ടിയിട്ട്‌ മല കളരിയിൽ സമർപ്പിച്ചു കൊണ്ട് മലയാളക്കരയിലും പാണ്ടി ദേശത്തും ഉള്ള 999 മലകൾക്ക് പത്താമുദയ ഊട്ടു നൽകി .

ഭാരതാംബയുടെ വിരി മാറിൽ ആദ്യം രൂപം കൊണ്ട കലാരൂപമായ ഭാരതക്കളി , ഉണർത്ത് പാട്ടായ കുംഭ പാട്ട് , തലയാട്ടം കളി , കമ്പ് കളി , പടേനിക്കളി ,പാട്ടും കളികളും നടത്തി മല ദൈവങ്ങളെ പ്രീതിപ്പെടുത്തി പത്താമുദയ മഹോത്സവത്തിന് പരിസമാപ്തി കുറിച്ചു .

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *