പത്തനംതിട്ട – അനുമതി ലഭിച്ചിട്ടുള്ള പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ ഉദ്യോഗസ്ഥ തലത്തിൽ കൈക്കൊള്ളണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ജില്ലാതല പട്ടികജാതി, പട്ടികവർഗ വികസന സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രായോഗികമായ പ്രോജക്ടുകൾ തയാറാക്കാൻ ഉദ്യോഗസ്ഥർ മുൻകൈയെടുക്കണമെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.
യോഗത്തിൽ 2023-24 സാമ്പത്തിക വർഷത്തെ പ്രധാൻമന്ത്രി അനുസ്യൂചിത് ജാതി അഭ്യുദയ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകാരം ലഭിക്കുന്നതിന്, വിവിധ വകുപ്പുകളിൽ നിന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ പരിശോധിച്ച് സമർപ്പിച്ചിട്ടുള്ള പ്രൊപ്പോസലുകൾ ജില്ലാതല വർക്കിംഗ് ഗ്രൂപ്പ് അവലോകനം ചെയ്തു. ഈ സാമ്പത്തിക വർഷത്തെ കോർപ്പസ് ഫണ്ട്, സ്പിൽ ഓവർ പദ്ധതികളുടെ പുരോഗമനം അവലോകനം ചെയ്ത് ആവശ്യമായ നിർദേശങ്ങളും ചർച്ച ചെയ്തു. പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രധാന പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്തു. അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതി പ്രകാരം ജില്ലയിലെ 12 കോളനികളുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ. ദിവ്യ.എസ്.അയ്യർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു, പട്ടികവർഗ സർക്കാർ നോമിനി ജി. രാജപ്പൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപ ചന്ദ്രൻ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


