ആറന്മുള ജലോത്സവം: പത്തനംതിട്ട – ചെങ്ങന്നൂർ കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കണം- മന്ത്രി വീണാ ജോർജ്

Pathanamthitta
Print Friendly, PDF & Email

** ജലോത്സവത്തിനും വള്ളസദ്യയ്ക്കും വിവിധ ക്രമീകരണങ്ങൾ വകുപ്പുകൾ ഒരുക്കും
** ടൂറിസം പാക്കേജ് സാധ്യത പരിശോധിക്കുന്നതിന് നിർദേശം

പത്തനംതിട്ട – നിർത്തലാക്കിയ പത്തനംതിട്ട – ചെങ്ങന്നൂർ കെഎസ്ആർടിസി ബസ് സർവീസ് ആറന്മുള ഉതൃട്ടാതി വള്ളംകളി, വള്ളസദ്യ എന്നിവയുടെ പശ്ചാത്തലത്തിൽ പുനരാരംഭിക്കുന്നതിന് ആരോഗ്യമന്ത്രി വീണാജോർജ് നിർദേശം നൽകി. ആറന്മുള വള്ളംകളി, വള്ളസദ്യ എന്നിവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സർക്കാർതല ക്രമീകരണങ്ങൾ നിശ്ചയിക്കുന്നതിനായി പത്തനംതിട്ട കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പത്തനംതിട്ട ജില്ലയുടെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നായ ആറന്മുള ഉതൃട്ടാതി വള്ളംകളി, വള്ളസദ്യ എന്നിവയുടെ സുരക്ഷിതത്വം ഉറപ്പാക്കാനും ഭക്തജനങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായി വഴിപാടിൽ പങ്കെടുക്കാനുമുള്ള സൗകര്യം വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഉറപ്പാക്കും. ഒരുക്കങ്ങളുടെ ഏകോപനത്തിന്റെ കോ-ഓർഡിനേറ്ററായി ദുരന്തനിവാരണ വിഭാഗം ഡെപ്യുട്ടി കളക്ടർ ടി.ജി. ഗോപകുമാറിനെയും അസിസ്റ്റന്റ് കോ-ഓർഡിനേറ്ററായി കോഴഞ്ചേരി തഹസിൽദാരെയും ചുമതലപ്പെടുത്തി. പമ്പാ നദിയിൽ കോഴഞ്ചേരി പാലം നിർമാണം നടക്കുന്ന സ്ഥലത്ത് പള്ളിയോടം കടന്നു പോകുന്നതിനുള്ള തടസം അടിയന്തിരമായി നീക്കം ചെയ്യണം. പള്ളിയോടത്തിന്റെ യാത്രയ്ക്ക് തടസമായി നദിയിലുള്ള മണൽ ചാക്കുകളും ചെളിയും നീക്കം ചെയ്യണം. ആറന്മുള സത്രത്തിന്റെ അറ്റകുറ്റപ്പണി അടിയന്തിരമായി പൂർത്തിയാക്കണം. ആറന്മുളയിൽ ഫയർഫോഴ്സ് യൂണിറ്റിനെയും സ്‌കൂബാ ടീമിനെയും വിന്യസിക്കണം. നദിയിലേക്ക് മാലിന്യങ്ങൾ ഇടുന്നവരെ കാമറ നിരീക്ഷണത്തിലൂടെ കണ്ടെത്തി പിഴ ചുമത്തണം. ടി.കെ. റോഡിൽ ഇലന്തൂർ മാർത്തോമ പള്ളിക്കു സമീപമുള്ള കലുങ്കിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണം. ആറന്മുളയിലേക്ക് എത്തുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാകരുത്. ശ്രീപത്മനാഭ സ്വാമിക്ഷേത്രം, ആറന്മുള ക്ഷേത്രം എന്നിവയുമായി ബന്ധപ്പെടുത്തി ടൂറിസം പാക്കേജ് ഉടൻ ആരംഭിക്കുന്നതിനുള്ള സാധ്യത ഡിടിപിസി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തണം.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ വള്ളസദ്യയുടെ ബുക്കിംഗ് ഇത്തവണ നടന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ ജനപ്രവാഹം കൂടുതലായിരിക്കും. ഇതു കണക്കിലെടുത്തുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തുക. ആരോഗ്യവകുപ്പ്, പോലീസ്, ഫയർഫോഴ്‌സ്, മേജർ, മൈനർ ഇറിഗേഷൻ, പിഡബ്ല്യുഡി (റോഡ്‌സ്, ബിൽഡിംഗ്), കെഎസ്ഇബി, കെഎസ്ആർടിസി, ഡിറ്റിപിസി, വാട്ടർ അതോറിറ്റി, പഞ്ചായത്ത്, എക്‌സൈസ്, ദേവസ്വം ബോർഡ്, പള്ളിയോടസേവാസംഘം എന്നിവയുടെ മികച്ച ഏകോപനം ഉറപ്പ് വരുത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഒരു മെഡിക്കൽ ടീം വള്ളംകളി ദിവസം കടവിലുണ്ടാകും. ആംബുലൻസ് സജ്ജീകരിച്ചിട്ടുണ്ടെന്നും മല്ലപ്പുഴശേരി, ആറന്മുള പഞ്ചായത്തുകളുടെ കുടുംബാരോഗ്യകേന്ദ്രങ്ങൾ ഇതുമായി ചേർന്ന് പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തണമെന്നും ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ, ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, എഡിഎം ബി. രാധാകൃഷ്ണൻ, തിരുവല്ല സബ്കളക്ടർ സഫ്‌ന നസറുദ്ദീൻ, അടൂർ ആർഡിഒ തുളസീധരൻപിള്ള, ദുരന്തനിവാരണവിഭാഗം ഡെപ്യുട്ടി കളക്ടർ ടി.ജി. ഗോപകുമാർ, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്. രാജൻ, സെക്രട്ടറി പാർത്ഥസാരഥി ആർ. പിള്ള, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ ആർ. പ്രകാശ്, ആറന്മുള ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബി. ജയകുമാർ വിവിധ വകുപ്പുതല മേധാവികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *