“ഏടാകൂടം” എന്ന നാടകവും, തിലകനും

Cinema Pathanamthitta

കോഴഞ്ചേരി: നമ്മുടെ നാട്ടുകാരനും മഹാനടനുമായിരുന്ന തിലകന്റെ വിയോഗവാർത്ത 2012 ൽ എത്തിയപ്പോൾ മാധ്യമങ്ങൾക്ക് മുമ്പിൽ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച സഹപാഠികളുടെയും ബന്ധുക്കളുടെയും അഭിമുഖം അന്ന് വാർത്തകളിൽ നിറഞ്ഞപ്പോൾ. ഞാൻ സൂക്ഷിച്ചിരിക്കുന്ന വാർത്തകളുടെ ശേഖരത്തിൽ നിന്നുള്ളത് പങ്കുവെക്കുന്നു….

വിദ്യാർത്ഥിയായിരുന്നപ്പോൾ ആദ്യ നാടകം ‘ഏടാകൂടത്തി’ലൂടെ അഭിനയരംഗത്തെത്തിയ തിലകനെപ്പറ്റി സഹപാഠികൾക്കും ബന്ധുക്കൾക്കും പറയാനും, ഓർക്കാനും ഓർമകളേറെ. അദ്ദേഹത്തിൻറെ കുടുംബവീടായ അയിരൂർ പ്ലാങ്കമൺ വെള്ളിയറ പാലപ്പുരത്തിന്‌ സമീപമുളള എസ്‌.എൻ.ഡി.പി സ്‌കൂളിലായിരുന്നു ആദ്യ നാടകാവതരണമെന്ന്‌ സഹപാഠിയും ബന്ധുവുമായ വെള്ളിയറ വലിയപറമ്പിൽ വി.എൻ ഭാസ്‌ക്കരപണിക്കർ ഓർക്കുന്നു..

നാടകത്തിന്റെ പേര്‌ തന്നെ വിചിത്രം ‘ഏടാകൂടം’. അഭിനയത്തികവിന്റെ സാക്ഷാത്‌കാരമായിരുന്നു അന്ന്‌ തിലകനിൽ കാണാൻ കഴിഞ്ഞത്‌. സ്വതസിദ്ധമായ ശൈലി, അമിത ഭാവമില്ല, അനുകരണമില്ല. സദസ്യരെ ആദ്യ അഭിനയത്തിലൂടെ തന്നെ കയ്യിലെടുത്ത തിലകനിലെ മഹാനടനെ അന്നുതന്നെ പ്ലാങ്കമണ്ണുകാർ തിരിച്ചറിഞ്ഞിരുന്നു.

വെള്ളിയറ സ്‌കൂളിലെ പഠനത്തിനുശേഷം അയിരൂർ മാതാപ്പാറ മർത്തോമ്മ സ്‌കൂളിലേക്കു തിലകൻ മാറി. അന്ന്‌ തിലകനോടൊപ്പം ഭാസ്‌ക്കരപണിക്കരും സ്‌കൂളുമാറി. ഒന്നിച്ചുള്ള യാത്ര. ഗ്രാമവീഥികളിലൂടെ കഥപറഞ്ഞ്‌ നടന്നുനീങ്ങിയ ആ നല്ല ഇന്നലെകളിൽ സ്‌നേഹം നിറഞ്ഞ ഒരു കൂട്ടുകാരന്റെ എല്ലാ പിന്തുണയും തിലകനിൽ നിന്ന്‌ പണിക്കർക്ക്‌ ലഭിച്ചു. എന്നാൽ ആ പഠനയാത്ര പിന്നീട്‌ ഒന്നിച്ചു തുടരാൻ കഴിഞ്ഞില്ല. പിന്നെ മുണ്ടക്കയം സ്‌കൂളിലേക്കു തിലകൻ മാറി. അതോടെ കൂടികാഴ്‌ചകൾ അപൂർവമായി.

തിലകന്റെ സഹജമായ ധിക്കാരവും ധാർഷ്‌ട്യവും യഥാർഥത്തിൽ പിതാവിൽനിന്നു പകർന്നുകിട്ടിയതാണ്‌. ഭാസ്‌ക്കരപണിക്കർ അദ്ധ്യാപകനായി മലബാറിലേക്കു പോയി. തിലകൻ പട്ടാളത്തിൽ ചേർന്നു. അവിടെനിന്നു നാടകാഭിനയത്തിലേക്കും സിനിമയിലേക്കും ഒക്കെ മാറി. പിന്നീടുള്ള കൂടിക്കാഴ്‌ചകൾ വല്ലപ്പോഴുമായി. വെള്ളിയറയിൽ എന്ന്‌ തിലകൻ വന്നാലും ഭാസ്‌ക്കരപണിക്കരെ കണ്ട്‌ രണ്ടുവാക്ക്‌ സംസാരിക്കാതെ മടങ്ങാറില്ലായിരുന്നു. ചിലപ്പോൾ ഭാസ്‌ക്കരപണിക്കർ വീട്ടിലില്ലാത്ത സമയങ്ങളിലാവും തിലകന്റെ വരവ്‌.

രോഗബാധിതനായശേഷം ഒരിക്കൽ വീണ്ടും തിലകൻ ഭാസ്‌ക്കരപണിക്കരെ കാണാനെത്തി. ഒരു സ്വകാര്യചാനലിന്റെ അഭിമുഖത്തിനുവേണ്ടിയായിരുന്നു വരവ്‌. അയിരൂർ പ്ലാങ്കമൺ വെളളിയറ പാലപുരത്തുളള ടി.എസ്‌ കേശവന്റെയും ദേവയാനിയുടേയും ആറ്‌ മക്കളിൽ രണ്ടാമനായിരുന്നു തിലകൻ. വിദ്യാഭ്യാസം മുണ്ടക്കയം കോട്ടയം ഭാഗങ്ങളിലായിരുന്നെന്നു ബന്ധുക്കൾ ഓർക്കുന്നു. നാടകരംഗത്ത്‌ സജീവമായ പത്തുവർഷക്കാലം ഏറെയും അയിരൂരിലെ കുടുംബവീട്ടിൽതന്നെ ഉണ്ടായിരുന്നതായി തിലകന്റെ ബന്ധുവും റിട്ട. അദ്ധ്യാപികയുമായ അയിരൂർ പുത്തേഴം ചെരുവിൽ സുമതി ടീച്ചർ ഓർക്കുന്നു. തിലകന്റെ മൂത്ത സഹോദരി രാജമ്മ നേരത്തെ മരിച്ചു. മറ്റു സഹോദരിമാരായ ഗീതയും വിമലയും കല്ലടയിലും മറ്റൊരു സഹോദരി ശ്യാമള കൂടലിലുമാണു താമസം. സിനിമാ തിരക്കിനിടയിലും അയിരൂരിലെത്തി ബന്ധുക്കളേയും പഴയകാല സുഹൃത്തുക്കളേയും കാണുന്നതിനു തിലകൻ സമയം കണ്ടെത്തുമായിരുന്നു. രോഗബാധിതനായി തിരുവനന്തപുരത്ത്‌ ഫ്‌ളാറ്റിൽ താമസിക്കുമ്പോൾ താനും കുടുംബവും അദ്ദേഹത്തെ പോയി കണ്ടിരുന്നതായി സുമതി ടീച്ചർ പറഞ്ഞു.

ടീം പത്തനംതിട്ടക്ക് വേണ്ടി, ജിബു വിജയൻ ഇലവുംതിട്ട

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *