മെഴുവേലി ബാബുജി നോവല്‍ എഴുതാന്‍ തുടങ്ങിയ കാലം മുതല്‍ പഴക്കമുണ്ട് ഞാനും അദ്ദേഹത്തിന്റെ പുസ്തകങ്ങളുമായിട്ടുള്ള വായനാ ബന്ധത്തിന്. സഖി ബുക്‌സിന്റെ ഒരു രൂപ വിലയുളള സമ്പൂര്‍ണ നോവലില്‍ തുടങ്ങിയ ആ ശീലം അദ്ദേഹം മംഗളത്തിലും മനോരമയിലും നോവലെഴുതുമ്പോഴും തുടര്‍ന്നു പോയിട്ടുണ്ട്. ജനപ്രിയ സാഹിത്യം എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ജനകീയ സാഹിത്യശാഖയില്‍ എന്നും ഞാന്‍ അത്ഭുതത്തോടെ വായിച്ചു പോയ രണ്ടു എഴുത്തുകാരുണ്ട്. ജോയ്‌സിയും മെഴുവേലി ബാബുജിയും. മംഗളം വാരികയുടെ ഡസ്‌കില്‍ ചുരുങ്ങിയ കാലം ജോലി ചെയ്തപ്പോള്‍ ഇവരുടെ കൈയെഴുത്ത് പ്രതികള്‍ തന്നെ വായിക്കാനും ഭാഗ്യം സിദ്ധിച്ചു. ഇത്രത്തോളം അപ്‌ഡേറ്റഡ് ആയിട്ടുള്ള രണ്ടു സാഹിത്യകാരന്മാര്‍ വേറെയുണ്ടോ എന്ന് സംശയമാണ്. എണ്‍പതുകളുടെ തുടക്കത്തില്‍ എഴുത്തുകാരായി വന്നവരാണ്. ഈ സോഷ്യല്‍ മീഡിയ കാലത്തും അവര്‍ നോവല്‍ എഴുതിക്കൊണ്ടേയിരിക്കുന്നു. കാലത്തിന് അനുസരിച്ച് സ്ഥലവും സന്ദര്‍ഭവും ഭാഷയും മാറി. കാലത്തിന് അനുസരിച്ച് മാറുക. പുതുതലമുറയ്‌ക്കൊപ്പം നിന്നു കൊണ്ട് കഥയും നോവലും സൃഷ്ടിക്കുക. അതൊരു ജന്മവാസനയാണ്. എഴുത്തുകാരന്റെ പരിവര്‍ത്തനവും.
ജനപ്രിയ സാഹിത്യം ശോഷിച്ചു വരുന്ന സോഷ്യല്‍ മീഡിയ കാലത്തും കഥാതന്തു തെരഞ്ഞെടുക്കുന്നതില്‍ ഞെട്ടിക്കുകയാണ് മെഴുവേലി ബാബുജി എന്ന എന്റെ നാട്ടുകാരന്‍ നോവലിസ്റ്റ്. മാതൃഭൂമി ബുക്‌സ് ജനപ്രിയ സാഹിത്യത്തിന് വേണ്ടി ആരംഭിച്ച ഗ്രാസ് റൂട്ട് ബുക്ക്‌സ് പുറത്തിറക്കിയ കില്ലര്‍ മെറ്റല്‍ എന്ന മെഴുവേലി ബാബുജിയുടെ ത്രില്ലര്‍ നോവല്‍ ഒറ്റ ഇരുപ്പിന്, ഒന്നര ദിവസം കൊണ്ടാണ് വായിച്ചു തീര്‍ത്തത്.
ഇപ്പോള്‍ ഏറെ വിവാദമായിരിക്കുന്ന സ്വര്‍ണക്കടത്തിന്റെ ഉള്ളറകളിലൂടെ സഞ്ചരിക്കുന്ന സസ്‌പെന്‍സ് ത്രില്ലര്‍. ലൊക്കേഷന്‍ ചെങ്ങന്നൂരും മുളക്കുഴയും വന്മഴി ഷാപ്പും പ്രാവിന്‍കൂടും തിരുവന്‍വണ്ടൂരും വരട്ടാറുമൊക്കെയാണ്. നമുക്ക് ഏറെ പരിചിതമായ സ്ഥലങ്ങള്‍. കേരളത്തില്‍ സ്വര്‍ണക്കടത്ത് വ്യാപകമായി പിടിക്കപ്പെടുമ്പോള്‍ തമിഴ്‌നാട്ടില്‍ കൊണ്ടിറക്കി ആംബുലന്‍സുകളിലും പച്ചക്കറി വാഹനങ്ങളിലും മറ്റും കേരളത്തിലേക്ക് സ്വര്‍ണം എത്തിക്കുന്ന സംഘം. അവരെ വേട്ടയാടാന്‍ രണ്ടു വര്‍ഷത്തോളം വേഷപ്രച്ഛന്നരായി കേരളത്തില്‍ തമ്പടിക്കുന്ന തമിഴ്‌നാട് പോലീസിലെ ഐപിഎസുകാരിയും സംഘവും. ശില്‍പികളുടെ വേഷത്തില്‍ റോഡരികില്‍ തമ്പടിച്ച് കേസ് അന്വേഷിക്കുന്ന രീതി. ഓരോ അധ്യായവും ത്രില്ലടിപ്പിക്കുന്നു. ഉദ്വേഗജനകം. ജനപ്രിയ വാരികകളില്‍ അതാത് ലക്കം അവസാനിപ്പിക്കുന്നത് അടുത്ത ലക്കം വായിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു എന്‍ഡ് പഞ്ചു ഇട്ടു കൊണ്ടാണ്. ശരിക്കും ഒരു പുസ്തകം ആകുമ്പോള്‍ ഇത്തരമൊരു എന്‍ഡ് പഞ്ചിന് പ്രസക്തിയില്ല. പക്ഷേ, കില്ലര്‍ മെറ്റലിന്റെ ഭംഗി ആ എന്‍ഡ് പഞ്ച് തന്നെയാണ്.
ഒരു സിനിമ കണ്ടു കഴിഞ്ഞ പ്രതീതിയാണ് നോവല്‍ വായിച്ചു കഴിയുമ്പോള്‍. മനസിന്റെ തിരശീലയില്‍ ഗണപതിയും മിത്രയും റോജാമണി ഐപിഎസും മിത്രയും ശീതളുമൊക്കെ ജീവനുള്ള കഥാപാത്രങ്ങളായി നിറയുന്നു. ഇപ്പോഴും മെഴുവേലി ബാബുജി എന്ന ആക്ഷന്‍ നോവലിസ്റ്റിന് പകരക്കാരനില്ല. ഈ മനുഷ്യന്‍ എന്നെ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുകയാണ്. 220 പേജുള്ള പുസ്തകത്തിന് വില 280 രൂപയാണ്. ഒറ്റ ഇരുപ്പിന് വായിച്ചു തീര്‍ക്കാമെന്നത് തന്നെയാണ് മെച്ചം. ഇതേ ഗണത്തില്‍ ധാരാളം പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായി വരുന്നുണ്ട്. അധ്യാപനത്തില്‍ നിന്ന് വിരമിച്ച ശേഷം സാഹിത്യ രചനയ്ക്ക് അദ്ദേഹത്തിന് കൂടുതല്‍ സമയം ലഭിക്കുന്നു. സാഹിത്യപ്രേമികള്‍ക്ക് അതൊരു ഭാഗ്യം കൂടിയാണ്. എന്തായാലും കില്ലര്‍ മെറ്റല്‍ ഉഗ്രനൊരു വായനാനഭുവം തരുന്നു.
ജി വൈശാഖൻ ( KUWJ പത്തനംതിട്ട ജില്ലാ സെക്രട്ടറി )


