ജല്ലിക്കെട്ട് നടത്താമെങ്കിൽ എന്തു കൊണ്ട് ആനന്ദപ്പള്ളിക്കാർക്ക് മരമടി നടത്തിക്കൂടാ ?

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: മരമടി ബിൽ നിയമസഭ പാസാക്കണമെന്ന് ആനന്ദപ്പള്ളി കർഷക സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ടിനോടനുബന്ധിച്ച് കേന്ദ്ര സർക്കാർ മൃഗങ്ങളെ ഉപയോഗിച്ചുള്ള ഉത്സവങ്ങൾക്കെല്ലാം ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തിയപ്പോൾ ആനന്ദപ്പള്ളി മരമടിക്കും വിലക്കു വീണു. ഇതുമൂലം കേരളത്തിൽ ഒരിടത്തും നിയമപരമായി ഈ ഉത്സവം നടത്താൻ സാധിക്കാത്ത അവസ്ഥയായി.

2008 ൽ ആനന്ദപ്പള്ളി മരമടിയും ജില്ലാ ഭരണകൂടം നിരോധിച്ചു. മരമടിയെ സ്‌നേഹിക്കുന്ന ആയിരങ്ങളെ ഇതു നിരാശയിലാക്കി. ജെല്ലിക്കെട്ടിനായി തമിഴ്‌നാട്ടിലെ യുവജനങ്ങൾ ശക്തമായി സമരം നടത്തിയതിന്റെ ഫലമായി കേന്ദ്ര സർക്കാർ 2017 ൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഏർപ്പെടുത്തിയിരുന്ന നിയമത്തിൽ ഇളവ് വരുത്തുകയും അതത് സംസ്ഥാനങ്ങൾ ബിൽ പാസാക്കി ഇപ്രകാരമുള്ള കാർഷിക ഉത്സവങ്ങൾ നടത്തുന്നതിന് അനുമതി കൊടുക്കുകയും ചെയ്തു. കേന്ദ്രം ഇളവു നൽകിയപ്പോൾ തന്നെ തമിഴ്‌നാട്, കർണാടക, മഹാരാഷ്ര്ട തുടങ്ങിയ സംസ്ഥാനങ്ങൾ അവരുടെ നിയമസഭകളിൽ ബിൽ പാസാക്കി ഉത്സവം ആരംഭിച്ചു. എന്നാൽ ആനന്ദപ്പള്ളി കർഷക സമിതി ബിൽ പാസാക്കുന്നതിനായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിവേദനം നൽകി. മൃഗസംരക്ഷണ വകുപ്പ് മരമടി നടത്തുന്നതിനു തടസമില്ലായെന്നു അറിയിച്ചതാണ്. പക്ഷേ നാളിതു വരെയും നിയമസഭ ഇതിനുള്ള ബിൽ പാസാക്കിയിട്ടില്ല.

മൃഗസംരക്ഷണ വകുപ്പിനോ നിയമ വകുപ്പിനോ വനം വകുപ്പിനോ കൃഷിവകുപ്പിനോ തടസം ഒന്നും ഇല്ല എന്നാണ് മന്ത്രിമാർ പറയുന്നത്. എല്ലാ വർഷവും ഓഗസ്റ്റ് 15 നാണ് ആനന്ദപ്പള്ളി മരമടി നടത്തി വന്നിരുന്നത്. കേരളത്തിലെ എട്ടു ജില്ലകളിൽ നിന്നും 60 ൽ പരം ജോഡി ഉരുക്കളും ആയിരക്കണക്കിനു കർഷകരും വിദേശ ടൂറിസ്റ്റുകളും മരമടി ഉത്സവം കാണുന്നതിനായി ആനന്ദപ്പള്ളി ഗ്രാമത്തിൽ എത്തിയിരുന്നു. മരമടിക്കുള്ള ഒരുക്കങ്ങൾ തുടങ്ങാൻ ഇപ്പോൾ സമയം കഴിഞ്ഞു. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ പാസാക്കണമെന്ന് ഭാരവാഹികളായ കൺവീനർ ഫാ. ഗീവർഗീസ് ബ്ലാഹേത്ത്, പ്രസിഡന്റ് വർഗീസ് ദാനിയേൽ, സെക്രട്ടറി വി.കെ സ്റ്റാൻലി, ചീഫ് കോ- ഓർഡിനേറ്റർ നിഖിൽ ഫ്രാൻസിസ്, വി.എസ്. ദാനിയേൽ, എബി തോമസ് എന്നിവർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *