തൊടുപുഴ: പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കളെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. കുടയത്തൂർ തെങ്ങുംപള്ളി കാക്കനാട്ട് അഭിജിത് ജോർജ് (20), ചേരാനല്ലൂർ ചിറ്റൂർ മടത്തിപ്പറന്പിൽ സ്വദേശി സനീഷ് (സനു-27) എന്നിവരെയാണ് തൊടുപുഴ എസ്എച്ച്ഒ സുമേഷ് സുധാകരൻറെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ആദ്യം പിടികൂടിയ അഭിജിത്തിനെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ശേഷം ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിച്ച് കൈവിലങ്ങ് അഴിച്ചപ്പോൾ പോലീസിനെ ആക്രമിച്ച് പ്രതി രക്ഷപെടാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു. പ്രതിയുടെ ഇടിയേറ്റ് സിവിൽ പോലീസ് ഓഫീസറായ നഹാസിൻറെ പല്ലു തെറിച്ചുപോയി. ഇദ്ദേഹത്തെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു പ്രതിയായ സനീഷിനെ ഇന്നു പുലർച്ചെയാണ് അറസ്റ്റ് ചെയ്തത്.
ഇടവെട്ടിക്കു സമീപം താമസിക്കുന്ന പെൺകുട്ടി കഴിഞ്ഞ ഒൻപതിന് മറ്റൊരാൾക്കൊപ്പം ഇറങ്ങിപ്പോയിരുന്നു. വീട്ടുകാരുടെ പരാതിയെത്തുടർന്ന് അന്വേഷണം നടത്തിയ പോലീസ് മൂവാറ്റുപുഴയിൽ നിന്നു പെൺകുട്ടിയെ കണ്ടെത്തി. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് അഭിജിത്തും സനീഷും പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയത്. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടി യുവാക്കളെ പരിചയപ്പെട്ടത്. ചേരാനല്ലൂരിൽനിന്നു തൊടുപുഴയിലെത്തിയ സനീഷ് പെൺകുട്ടിയെ ബൈക്കിൽ കയറ്റി വാഗമണ്ണിലെത്തിച്ചാണ് പീഡനത്തിനു ഇരയാക്കിയത്.
അഭിജിത്ത് ഇടവെട്ടിയിലെ വീട്ടിൽ വച്ചാണ് പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം കൂട്ടിക്കൊണ്ടുപോയ ആൾക്കെതിരേ പെൺകുട്ടി മൊഴി നൽകാത്തതിനാൽ ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല. പോലീസുകാരനെ ആക്രമിച്ചതിന് അഭിജിത്തിനെതിരേ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് ഡിവൈഎസ്പി എം.ആർ. മധുബാബു പറഞ്ഞു.
What do you feel about this post?
Like
Love
Happy
Haha
Sad

