വിശാല ലോകത്തെ തിരിച്ചറിയാന്‍ വ്യാപ്തിയോടെയുള്ള വായന വേണം: ജില്ലാ കളക്ടര്‍

Pathanamthitta

പത്തനംതിട്ട – വിശാലമായ ലോകത്തെ തിരിച്ചറിയാനായി വ്യാപ്തിയോടു കൂടിയുള്ള വായന വേണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കാരംവേലി എസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന വായനാപക്ഷാചരണം ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ ഉന്നതപഠനവും വായനയും എന്ന വിഷയത്തില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു കളക്ടര്‍.
വിരക്തി തോന്നാത്ത വായാനശീലം വളര്‍ത്തിയെടുക്കണം. വായന എല്ലാ മാധ്യമങ്ങളിലൂടെയും സാധ്യമാക്കാം. കാലാനുസൃതമായ മാറ്റം പുസ്തക സൃഷ്ടിയിലും വായനയിലും ഉണ്ടാകണം. ഏറ്റവും കൂടുതല്‍ തവണ വായിച്ച പുസ്തകം ഖലീല്‍ ജിബ്രാന്റെ ദ പ്രൊഫറ്റ് ആണെന്നും ഓരോ തവണ വായിക്കുമ്പോഴും ആശയങ്ങളും അര്‍ഥതലങ്ങളും വ്യത്യസ്തമാണെന്നും കളക്ടര്‍ തന്റെ വായാനാനുഭവം പങ്കുവച്ച് പറഞ്ഞു.

വിജയത്തിന്റെ ആദ്യ ചവിട്ടുപടി ഉള്ളില്‍ നിന്നുള്ള പ്രചോദനമാകണം. നമ്മുടെ ഉള്ളിലെ കരുത്ത് മനസിലാക്കി കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്ത് വരണം. വിദ്യാഭ്യാസ കാലഘട്ടത്തില്‍ ക്ലാസ് മുറിക്കുള്ളിലും പുറത്തും നിന്നും ലഭിച്ച പാഠങ്ങള്‍ തന്റെ സമഗ്രമായ വ്യക്തിത്വവികസനത്തിന് സഹായിച്ചതായി കളക്ടര്‍ പറഞ്ഞു. വ്യക്തിത്വ വികസന രൂപീകരണത്തിന് വിദ്യാലയജീവിതം വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നതിനാല്‍ വിദ്യാര്‍ഥികളെ പഠനേതര കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കേണ്ടത് വിദ്യാലയങ്ങളുടെ കര്‍ത്തവ്യമാണ്. ഭാവി പാതയിലേക്കുള്ള ദിശാസൂചികയായി ജപ്പാനീസ് തത്വചിന്തയായ ഇകിഗായിയെക്കുറിച്ചും കളക്ടര്‍ പരാമര്‍ശിച്ചു.
ഇന്നത്തെ തലമുറയ്ക്ക് സ്വയം വേദികള്‍ സൃഷ്ടിക്കാന്‍ സാങ്കേതിക വിദ്യ അവസരമൊരുക്കുന്നുണ്ട്. കഴിവുകള്‍ വികസിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും നിരവധി വേദികള്‍ ഒരുക്കുന്ന കാലഘട്ടമാണിത്. മറ്റ് ഒന്നിനെയും ആശ്രയിക്കാതെ അവസരം സ്വയം കണ്ടെത്തി കഴിവുകള്‍ ലോകത്തെ അറിയിക്കാന്‍ ഇന്നത്തെ തലമുറ പ്രാപ്തരാണ്.

ആശയവിനിമയത്തിന് വായന വഹിക്കുന്ന പങ്കിനെക്കുറിച്ചും കളക്ടര്‍ വിദ്യാര്‍ഥികളോട് സംസാരിച്ചു. ചിന്തകളെയും ചിന്താധാരകളെയും വളര്‍ത്തിയെടുത്തുകൊണ്ടുള്ള ആശയവിനിമയം സാധ്യമാകണം. നല്ല ആശയവിനിമയത്തിന് വായിച്ച് ഗ്രഹിച്ച് ആശയങ്ങള്‍ സൃഷ്ടിച്ച് അവലോകനം ചെയ്ത് ആവിഷ്‌കരിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

വിദ്യാര്‍ഥികളുടെ ആവശ്യപ്രകാരം കുട്ടികള്‍ക്കൊപ്പം ഗാനമാലപിച്ചാണ് ജില്ലാ കളക്ടര്‍ സംവാദം പൂര്‍ത്തിയാക്കിയത്. വായനശീലത്തെക്കുറിച്ചും സിവില്‍ സര്‍വീസ് പഠനത്തില്‍ വായനയുടെ പ്രാധാന്യത്തെക്കുറിച്ചും ഉന്നത പഠനവും തൊഴിലവസരങ്ങളെക്കുറിച്ചും വിദ്യാര്‍ഥികള്‍ കളക്ടറോട് ചോദ്യങ്ങള്‍ ചോദിച്ചു. കളക്ടറുടെ പുസ്തകമായ കൈയൊപ്പിട്ട വഴികളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *