പത്തനംതിട്ട – വേറിട്ട കാഴ്ചപ്പാടുകള്‍ രൂപീകരിക്കുന്നതിന് വായന സഹായിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വായനാപക്ഷാചരണം ജില്ലാതല ഉദ്ഘാടനം കാരംവേലി എസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വളര്‍ച്ചയുടെ ഓരോഘട്ടത്തിലുമുള്ള ചിന്തകളും വൈകാരികതയും വ്യത്യസ്തമാണ്. ഇത് മനസിലാക്കുന്നതിന് വായന സഹായിക്കുന്നു. വായനയ്ക്ക് വേണ്ടി സമയം കണ്ടെത്തണം. സംശയങ്ങള്‍ തീര്‍ക്കുന്നതിനു ഗൂഗിള്‍ ഉപയോഗിക്കുന്നുവെങ്കിലും ലഭിക്കുന്ന അറിവുകള്‍ എല്ലാം ശരിയാകണമെന്നില്ല. വ്യക്തിയുടെ ബൗദ്ധികവും മാനസികവും വൈകാരികവുമായ വളര്‍ച്ചയ്ക്ക് വായന പ്രധാനപ്പെട്ടതാണ്. ചിന്താശക്തിയും അവലോകനവും ഭാവനയെ ഉത്തേജിപ്പിക്കുന്നതിനും ഭാഷാപ്രാവീണ്യത്തിനും ആസ്വാദനത്തിനും വായന സഹായിക്കുന്നു. സ്‌കൂളില്‍ വായനക്ലബ് രൂപീകരിക്കണം. വായനയെ പരിപോഷിപ്പിക്കുന്നതിന് വിദ്യാര്‍ഥികള്‍ അഭിരുചിയനുസരിച്ച് ചര്‍ച്ചകള്‍ നടത്തുന്നതിന് ഇടംകണ്ടെത്തണം. കാരംവേലി എസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ലൈബ്രറിയിലേക്ക് കൂടുതല്‍ പുസ്തകങ്ങള്‍ ലഭ്യമാക്കും. കാരംവേലി എസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുതല്‍ നെല്ലിക്കാല ഗവ എല്‍പി സ്‌കൂള്‍ വരെ സ്‌കൂള്‍ സോണാക്കും. ഈ ഭാഗത്ത് നടപ്പാതയ്ക്ക് കൈവരി വയ്ക്കുന്നതിന് പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് നിര്‍ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
മാനസികമായ ജീവിത നിലവാരം ഉയര്‍ത്താന്‍ വായനാശീലം അനുപേക്ഷണീയമാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. വായനയ്ക്ക് വേണ്ടി നീക്കി വയ്‌ക്കേണ്ട സമയം ഇലക്ട്രോണിക് മീഡിയ അപഹരിച്ചുകൊണ്ടിരികയാണ്. അറിവ് നേടുന്നതിന് മാത്രമായിരിക്കണം സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തേണ്ടത്. പുതുതലമുറ പുസ്തക വായനയിലേക്ക് മടങ്ങി വരണം. ഇതിനായി വായനാ മത്സരങ്ങള്‍ സംഘടിപ്പിക്കണം. വിജ്ഞാനപ്രദമായ രീതിയില്‍ ജീവിതത്തെ ഉയര്‍ത്തികൊണ്ട് വരാന്‍ ബോധപൂര്‍വമുള്ള വായന സഹായിക്കും. സംസ്ഥാന സര്‍ക്കാരും ലൈബ്രറി കൗണ്‍സിലും സാംസ്‌കാരിക സംഘടനകളും സംയുക്തമായി വായന ശീലത്തെ പുനസ്ഥാപിക്കാനും പുനരുജ്ജീവിപ്പിക്കാനും പുഷ്ഠിപ്പെടുത്താനും പ്രയത്നിക്കുന്നുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഉള്ളിലെ കൗതുകത്തേയും ജിജ്ഞാസയേയും സര്‍ഗാത്മകതയേയും തെട്ടുണര്‍ത്തുന്നതാണ് പുസ്തകങ്ങളെന്ന അത്ഭുത ജാലകങ്ങളാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ് അയ്യര്‍ പറഞ്ഞു.
പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാന്‍ ഫാ.ഡോ.എബ്രാഹാം മുളമൂട്ടില്‍ വായനാദിന പ്രതിജ്ഞ വിദ്യാര്‍ഥികള്‍ക്ക് ചൊല്ലികൊടുത്തു. കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സി.അംഗം പ്രൊഫ. ടി.കെ.ജി നായര്‍ വായനാനുഭവം പങ്കുവച്ചു. ജില്ലാഭരണകേന്ദ്രം, ജില്ലാ ലൈബ്രറി കൗണ്‍സില്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, മറ്റ് വിവിധ വകുപ്പുകളും സംയുക്തമായി ജൂണ്‍ 19 മുതല്‍ ജൂലൈ 7 വരെയാണ് വായനാ പക്ഷാചരണം സംഘടിപ്പിച്ചിട്ടുള്ളത്.
മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി, വൈസ് പ്രസിഡന്റ് ടി. പ്രദീപ്കുമാര്‍, കാന്‍ഫെഡ് പ്രസിഡന്റ് എസ്. അമീര്‍ജാന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ജി. ആനന്ദന്‍, കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.എന്‍. സോമരാജന്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി.കെ. നസീര്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ഗീവര്‍ഗീസ് ബ്ലാഹേത്ത്, എസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ കെ.എന്‍. മോഹന്‍ബാബു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.ടി. രമ്യ, എസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി.എസ്. ബീന, ഹെഡ്മിസ്ട്രസ് എസ്.പുഷ്പ, പിടിഎ പ്രസിഡന്റ് തോമസ് ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


