** പത്തു ദിവസം കൂടി സമയം – മന്ത്രി റോഷി അഗസ്റ്റിന്‍

Pathanamthitta
Print Friendly, PDF & Email
പത്തനംതിട്ട നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് കാരണമായ കരാറുകാരനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ് പറഞ്ഞു. ജില്ലയില്‍ നടക്കുന്ന പശ്ചാത്തല സൗകര്യ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കരാറുകാരന് നാല് തവണയാണ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി നല്‍കിയത്. എന്നിട്ടും നിര്‍മാണം പൂര്‍ത്തീകരിക്കാതെ നിരുത്തരവാദപരമായി പെരുമാറുന്നത് അംഗീകരിക്കാനാകില്ല. നഗരത്തിലെ റോഡുകളില്‍ കൂടിയുള്ള ഗതാഗതം പൊതുജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ നടപടിയുണ്ടാകും. പിഡബ്ല്യുഡി, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ കൃത്യമായ രീതിയുള്ള ആശയവിനിമയം നടത്തണം. കരാര്‍ ഏറ്റെടുത്ത ശേഷം സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഇത്തരം പ്രവര്‍ത്തികള്‍ വച്ച് പൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ട നഗരത്തില്‍ പൈപ്പ്ലൈനുകള്‍ സ്ഥാപിക്കുന്ന നടപടി പത്ത് ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ കൂട്ടായ ശ്രമം ആവശ്യമാണ്. ജില്ലാതലത്തില്‍ നിര്‍മാണ പുരോഗതി ബന്ധപ്പെട്ട വകുപ്പുകള്‍ കൃത്യമായ ഇടവേളകളില്‍ വിലയിരുത്തണമെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷന്‍ മുതല്‍ അബാന്‍ ജംഗ്ഷന്‍ വരെയുള്ള റോഡിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കരാറുകാരുടേയും ചീഫ് എന്‍ജിനീയറുടേയും യോഗം വിളിച്ച് ചേര്‍ത്തിരുന്നു. നിലവില്‍ കരാറുകാരന് പത്ത് ദിവസത്തേക്ക് കൂടി സമയം നീട്ടി നല്‍കിയിട്ടുണ്ട്. അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ ഇനിയും പ്രവര്‍ത്തി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കര്‍ശനമായ നിയമ നടപടിയുണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു. പൊതുമരാമത്ത് നിരത്ത് വിഭാഗം, വാട്ടര്‍ അതോറിറ്റി, മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *