പത്തനംതിട്ട – പൊതുവിപണിയിൽ സാധനങ്ങളുടെ വില ക്രമാതീതമായി വർധിപ്പിക്കരുതെന്ന് നിർദേശം നൽകി ജില്ലാ കളക്ടർ ഡോ. ദിവ്യാ എസ് അയ്യർ. ഓണകാലത്ത് പൊതുവിപണിയിൽ സാധനങ്ങൾക്കുണ്ടാകുന്ന വിലകയറ്റം നിയന്ത്രിക്കുന്നത് സംബന്ധിച്ച് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടർ. പൊതുജനങ്ങൾക്ക് കാണാൻ സാധിക്കുന്ന തരത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ സാധനങ്ങളുടെ വിലവിവര പട്ടിക പ്രദർശിപ്പിക്കണം. വ്യാപാര സ്ഥാപനങ്ങൾ രജിസ്റ്ററുകളും ബില്ലുകളും കൃത്യമായ രീതിയിൽ സൂക്ഷിക്കണം. കൃത്യമായ ഇടവേളകളിൽ സിവിൽ സപ്ലൈസ്- ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംയുക്ത സ്‌ക്വാഡിന്റെ മിന്നൽ പരിശോധന തുടരും. യോഗത്തിൽ ഉന്നയിച്ച വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു. എഡിഎം ബി. രാധാകൃഷ്ണൻ, ജില്ലാ സപ്ലൈ ഓഫീസർ എം. അനിൽ, വ്യാപാര വ്യവസായികൾ തുടങ്ങിയവർ പങ്കെടുത്തു


