കൊച്ചി: മോൻസൻ മാവുങ്കലിന്റെ തട്ടിപ്പ്കേസിൽ പ്രതി ചേർത്ത കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ഹൈക്കോടതിയിൽ നിന്നും താൽക്കാലിക ആശ്വാസം. അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഫയലിൽ സ്വീകരിച്ചു. തുടർന്ന് ഹർജി 21 പരിഗണിക്കാൻ മാറ്റി. അതുവരെ അറസ്‌റ്റ് ചെയ്യാൻ പാടില്ലെന്ന് കോടതി അറിയിച്ചു. സുധാകരനെ അറസ്‌റ്റ് ചെയ്യുമോയെന്ന് ഹർജി പരിഗണിക്കവെ കോടതി ചോദിച്ചു. സാഹചര്യത്തിനനുസരിച്ചേ അത് പറയാനാകൂ എന്ന് സംസ്ഥാന സർക്കാരിന്റെ മറുപടി. ഇതോടെ കേസ് 21ലേക്ക് പരിഗണിക്കാൻ മാറ്റുകയും അതുവരെ അറസ്‌റ്റ് പാടില്ലെന്ന് കോടതി അറിയിക്കുകയുമായിരുന്നു. പത്ത് ലക്ഷത്തോളം രൂപ മോൻസൻ മാവുങ്കലിന്റെ സാന്നിദ്ധ്യത്തിൽ കെ. സുധാകരൻ കൈപ്പറ്റി എന്നുകാണിച്ചാണ് കേസ്.
തേസമയം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് തന്നെ കേസിൽ പ്രതി ചേർത്തതെന്ന് കെ സുധാകരൻ കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിക്കുന്നു. പണം നഷ്ടപ്പെട്ടവരുടെ ആദ്യ പരാതിയിൽ തന്നെപ്പറ്റി ആരോപണം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആരെയും വാഞ്ചിച്ചിട്ടില്ലെന്നും രാഷ്ട്രീയ വൈരാഗ്യം തീർക്കാനും സമൂഹ മാദ്ധ്യമത്തിൽ പ്രതിഛായ തകർക്കാനും ലക്ഷ്യമിട്ടാണ് കേസിൽ പ്രതി ചേർത്തതെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. അഡ്വ. മാത്യു കുഴൽനാടൻ മുഖേനയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
ചോദ്യം ചെയ്യലിന് ഹാജരാകാൻ സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നെങ്കിലും 23ന് മാത്രമേ ഹാജരാകാൻ കഴിയുള്ളുവെന്ന് സുധാകരൻ അറിയിച്ചു. പിന്നാലെ ക്രൈംബ്രാഞ്ച് പുതിയ നോട്ടീസ് നൽകിയിട്ടുണ്ട്. കേസിന്റെ തുടർനടപടികൾ ആലോചിക്കാൻ ക്രൈംബ്രാഞ്ച് ഇന്നലെ കൊച്ചിയിൽ യോഗം ചേർന്നിരുന്നു.
യാക്കൂബ് പുരയിലും മറ്റ് അഞ്ചുപേരും നൽകിയ 10 കോടിയുടെ തട്ടിപ്പ് കേസിലാണ് സുധാകരനെ പ്രതി ചേർത്തത്. സുധാകരന്റെ സാന്നിദ്ധ്യത്തിൽ 25 ലക്ഷം രൂപ നൽകിയെന്നും ഇതിൽ 10 ലക്ഷം സുധാകരന് കൈമാറുന്നത് കണ്ടെന്നും മോൻസണിന്റെ മുൻ ഡ്രൈവർ അജിത്തും ജീവനക്കാരായ ജെയ്സണും ജോഷിയും മൊഴി നൽകിയിട്ടുണ്ട്. ആരോപണം സുധാകരൻ നിഷേധിച്ചിട്ടുണ്ടെങ്കിലും മൊഴികൾ ശക്തമാണെന്നും പണം കൈമാറിയ ദിവസം സുധാകരൻ മോൻസണിന്റെ വീട്ടിൽ ഉണ്ടായിരുന്നുവെന്നതിന് ഡിജിറ്റൽ തെളിവുകളുമുണ്ടെന്നുമാണ് ക്രൈംബ്രാഞ്ച് നിലപാട്.


