കുമ്പനാട്: പൗരസ്ത്യ ജോർജിയൻ തീർത്ഥാടന കേന്ദ്രമായ പുതുപുള്ളി പള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിനോട് അനുബന്ധിച്ചുള്ള വെച്ചൂട്ടിനുള്ള വിഭവങ്ങളുമായി കുമ്പനാട്ട് നിന്നുള്ള സംഘം ഈ വർഷവും പുതുപള്ളിയിൽ എത്തി. സുബിൻ നീറുംപ്ലാക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുമ്പനാട്ട് നിന്നും വിഭവങ്ങളുമായി പുതുപള്ളിയിൽ എത്തിയത്. നാലു കരകളിൽ നിന്നുള്ള പ്രതിനിധികളായ തോമസ് ജേക്കബ്, രാജു വെട്ടിത്തറ, ജോണിക്കുട്ടി മണ്ണാരിരേത്ത്, സന്തോഷ് നെല്ലിമൂട്ടിൽ, അഭിജിത്ത് പാറയിൽ, ഷിബു നീറുംപ്ലാക്കൽ, ലിജി നെല്ലിമല, തമ്പി അട്ടത്തറ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കുമ്പനാട്ട് വസിച്ച ദിവ്യ തേജസ്സുള്ള സ്വാമിജിയുടെ സാന്നിധ്യമുള്ള കുമ്പനാട് വലിയ പള്ളിയുടെ നടയിൽ വിളക്ക് തെളിയിച്ച് നടത്തിയ പ്രാർത്ഥനകൾക്കും ചടങ്ങുകൾക്കും ശേഷം നാളീകേരം ഉടച്ചാണ് സംഘം യാത്ര തിരിച്ചത്. ദേശവാസികളും വിശ്വാസികളും ശേഖരിച്ച അരി, തേങ്ങാ, എണ്ണ, വിറക്, വിളക്കുകൾ തുടങ്ങിയവയാണ് വെളുപ്പിനെ പുതുപള്ളി പള്ളിയിൽ പ്രതേക പ്രാർത്ഥനകൾക്ക് ശേഷം പള്ളി ഭാരവാഹികൾക്ക് കൈമാറിയത്. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ അധീനതയിലുള്ള പള്ളികളിൽ അപൂർവ്വമായിട്ട് പള്ളി നടയിൽ വിളക്ക് കത്തിക്കുന്നതിൽ കുമ്പനാട് വലിയ പള്ളി വിശ്വ പ്രസിദ്ധമായതാണ്. മതമൈത്രിക്ക് പേരുകേട്ട ഇവിടെ മറ്റ് സമുദായത്തിലുള്ള ആളുകൾ പള്ളി നടയിൽ പ്രാർത്ഥനകളും നേർച്ചകളും നടത്താറുണ്ട്. പണ്ട് കാലം മുതൽ ഈ പ്രദേശത്ത് നിന്ന് ശബരിമലയ്ക്ക് പോകാൻ കെട്ട് മുറിക്കി ഇറങ്ങുന്നവർ ഇവിടെ തിരി തെളിയിച്ച് നാളികേരം ഉടച്ചതിന് ശേഷം മലയ്ക്ക് പോകുന്ന വിശ്വാസവും ഇവിടെ നില നിൽക്കുന്നുണ്ട്.
What do you feel about this post?
Like
Love
Happy
Haha
Sad

