വയസൻപടയെന്നായിരുന്നു ചെന്നൈ സൂപ്പർ കിങ്സിനെ പലരും കളിയാക്കിയിരുന്നത്. ചെന്നൈ നിരയിലെ ഏറ്റവും പ്രായമേറിയ താരം അവരുടെ നായകൻ, ആരാധകരുടെ തല മഹേന്ദ്ര സിങ് ധോണിയായിരുന്നു. ബാറ്റിങ്ങ് നിരയിൽ പ്രായത്തിനപ്പുറം പരിചയസമ്പത്തിനായിരുന്നു ചെന്നൈ മാനേജ്മെന്റ് മുൻഗണന നൽകിയിരുന്നത്.
അതിന്റെ ഉത്തമ ഉദാഹരണമായിരുന്നു 2021-ലെ കിരീട നേട്ടം. രണ്ട് വർഷം പിന്നിട്ടും അതേ മാതൃക തന്നെയാണ് ടീം പിന്തുടരുന്നത്. വിമർശകർ കളിയാക്കുന്ന വയസൻപടയിലെ പുതിയ അംഗമായാണ് അജിങ്ക്യ രഹാനെ എത്തിയത്. ഡിസംബറിൽ നടന്ന മേഗാതാരലേലത്തിൽ അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കാണ് ചെന്നൈ രഹാനെ സ്വന്തമാക്കിയത്.
പിന്നീട് നടന്നത് ചരിത്രമെന്നൊക്കെ പറഞ്ഞാൽ വിശേഷണം യോജിക്കാതെ പോകും. ചെന്നൈയിലെത്തിയതോടെ രഹാനെയുടെ കളിശൈലി മാത്രമല്ല സമീപനം വരെ ആകെ മാറി. അടിമുടി ട്വന്റി 20 ബാറ്റർ. എവിടെ പന്തെറിഞ്ഞാലും രഹാനെ ബൗണ്ടറി കണ്ടെത്തും. അത് താരത്തിന്റെ റൺസും സ്ട്രൈക്ക് റേറ്റും തന്നെ തെളിയിക്കുന്നു.
സീസണിൽ ഇതുവരെ അഞ്ച് മത്സരങ്ങളിലാണ് രഹാനെ ബാറ്റ് വീശിയത്. 105 പന്തുകൾ നേരിട്ട താരം സ്കോർ ചെയ്തത് 209 റൺസ്. രണ്ട് അർദ്ധ സെഞ്ചുറി, പ്രഹരശേഷി 199.05. സീസണിൽ 100 റൺസിന് മുകളിൽ സ്കോർ ചെയ്ത ബാറ്റർമാരിൽ ഏറ്റവും ഉയർന്ന പ്രഹരശേഷിയും രഹാനെക്ക് തന്നെയാണ്.
ശാന്തമായ അന്തരീക്ഷം പോലെയായിരുന്നു രഹാനയുടെ കഴിഞ്ഞ സീസൺ. കൊൽക്കത്തയ്ക്കായി ഏഴ് കളികളിൽ നിന്ന് നേടിയത് കേവലം 133 റൺസ്. പ്രഹരശേഷി 105 മാത്രവുമായിരുന്നു. കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയായിരുന്നു എന്ന് രഹാനയെ ലേലത്തിൽ തഴഞ്ഞ മറ്റ് ടീമുകൾ ഇപ്പോൾ മനസിലാക്കി കാണണം. ഇന്നലെ കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ കേവലം 29 പന്തുകളിൽ നിന്നാണ് രഹാനെ 71 റൺസ് നേടിയത്. മത്സരശേഷം തന്റെ ഇപ്പോഴത്തെ ഫോം ആസ്വദിക്കുന്നുണ്ടെന്നും ഇനിയും മികച്ചത് വരാനുണ്ടെന്നുമാണ് രഹാനെ പറഞ്ഞത്.
എനിക്ക് കളിക്കാൻ അവസരം ലഭിച്ചു. ഒന്ന് രണ്ട് വർഷങ്ങളായി സ്ഥിരമായി കളിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നില്ല. സ്ഥിരമായി കളിക്കാനായില്ലെങ്കിൽ എങ്ങനെ മികവ് പ്രകടിപ്പിക്കാനാകും. ഒരു സമയത്ത് ഒരു മത്സരം എന്ന ചിന്തയിലാണ് മുന്നോട്ട് പോകുന്നത്. എന്റെ ബാറ്റ് എല്ലാത്തിനും മറുപടി നൽകും, രഹാനെ കൂട്ടിച്ചേർത്തു.


