പത്തനംതിട്ട – ശബരിമലയുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച വകുപ്പുകളെ ആദരിക്കുന്നതിന് പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെയും ഇടത്താവളങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ വികസിപ്പിക്കും. വാഹനപാർക്കിംഗ്, തീർഥാടകർക്കുള്ള വിവിധ സേവനങ്ങൾ എന്നിവ കൂടുതൽ മികവുറ്റതാക്കും. മാസ്റ്റർപ്ലാൻ അനുസരിച്ചുള്ള വികസനപ്രവർത്തനങ്ങൾ നടത്തും. വൃത്തിയും ശുദ്ധിയുമുള്ള തീർഥാടന കേന്ദ്രമായി ശബരിമലയെ മാറ്റുന്നതിന് എല്ലാവരും പരിശ്രമിക്കണം. ശബരിമലയെ മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിന് വിശുദ്ധിസേനാംഗങ്ങൾ ഉൾപ്പെടെ നടത്തുന്ന പ്രവർത്തനം ഏറ്റവും നല്ല സേവനമാണ്. ശബരിമലയുടെ വികസനപ്രവർത്തനങ്ങൾക്കായി സർക്കാർ അനുവദിക്കുന്ന ഫണ്ട് സമയബന്ധിതമായി ശരിയായി വിനിയോഗിക്കണം.
ഇത്തവണത്തെ ശബരിമല തീർഥാടനം മഹത്തരമായി മാറ്റാൻ കഴിഞ്ഞു. ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ ഏതൊരു കാര്യവും മഹത്തരമാക്കി മാറ്റാൻ സാധിക്കുമെന്നാണ് ഇതു വ്യക്തമാക്കുന്നത്. അൻപതു ലക്ഷത്തോളം തീർഥാടകരാണ് ഇത്തവണ ദർശനം നടത്തിയത്. തീർഥാടന കാലത്ത് ഓരോ സന്ദർഭത്തിലും ഉണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞു. ഓരോരുത്തരും ചെയ്യേണ്ട ചെറിയ കാര്യങ്ങൾ പോലും കൃത്യമായി ചെയ്താൽ വിജയം കൈവരിക്കാം. കഴിഞ്ഞ തീർഥാടന കാലത്തെ കുറവുകൾ മനസിലാക്കുന്നതിനും മികച്ച മാതൃകൾ കണ്ടെത്തി പഠിക്കുന്നതിനുമാണ് ശ്രമിക്കുന്നത്.
വരുന്ന തീർഥാടന കാലത്തേക്കുള്ള മുന്നൊരുക്കങ്ങൾ നേരത്തെ നടത്തണം. ഇത്തവണ കേരളത്തിലെ എല്ലാ ദേവസ്വം ബോർഡുകളും തീർഥാടകരെ സഹായിച്ചു. അതേപോലെ നിരവധി പള്ളികളും മോസ്‌കുകളും തീർഥാടകർക്ക് സേവനം ലഭ്യമാക്കി മികച്ച മാതൃകയായി. കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും പ്രവർത്തിച്ചു. തദ്ദേശഭരണസ്ഥാപനങ്ങളും മികച്ച പ്രവർത്തനമാണ് നടത്തിയത്. കഴിഞ്ഞ തീർഥാടന കാലത്തെ അനുഭവങ്ങൾ പാഠമാക്കി മെച്ചപ്പെട്ട സേവനം നൽകണം. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ കളക്ടർക്ക് ദേശീയ അവാർഡ് ലഭിച്ചത് മികച്ച മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനെ അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പൊന്നാട അണിയിച്ച് ആദരിച്ചു. ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച വകുപ്പുകളെ മന്ത്രി ഫലകം നൽകി ആദരിച്ചു. ജില്ലാ ഭരണകൂടത്തിനുവേണ്ടി പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ആദ്യ ആദരവ് ഏറ്റുവാങ്ങി.
കോവിഡ് മഹാമാരിക്കു ശേഷം നടന്ന ഇത്തവണത്തെ തീർഥാടനകാലം മികച്ചതാക്കുന്നതിന് വകുപ്പുകളുടെ ഏകോപിതമായ പ്രവർത്തനത്തിലൂടെ കഴിഞ്ഞതായി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിച്ച അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. തീർഥാടനം കഴിഞ്ഞ ഉടൻ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് യോഗം വിളിക്കുന്നത് ഇത് ആദ്യമായാണ്. വരുംകാല തീർഥാടനങ്ങൾ മികച്ചതാക്കാൻ ഇതു സഹായകമാകുമെന്നും എംഎൽഎ പറഞ്ഞു.
തീർഥാടനത്തിന്റെ ദിശമാറ്റാൻ തെറ്റായ പ്രചാരണങ്ങളിലൂടെ പലരും ശ്രമിച്ചെങ്കിലും പതറാതെ മുന്നോട്ടു പോയി ലക്ഷ്യത്തിൽ എത്താൻ സാധിച്ചതായി അഡ്വ. കെ.യു. ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. തീർഥാടകരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി ദേവസ്വം മന്ത്രി ഇടപെടലുകൾ നടത്തി. പ്രതിസന്ധികളെ മറികടക്കാൻ സാധിച്ചതാണ് തീർഥാടന വിജയത്തിനു വഴിയൊരുക്കിയത്. തീർഥാടനം വിജയിപ്പിക്കുന്നതിന് വിവിധ വകുപ്പുകളിലെ ജീവനക്കാർ മികച്ച പ്രവർത്തനമാണ് നടത്തിയതെന്നും എംഎൽഎ പറഞ്ഞു.
സംതൃപ്തികരമായ തീർഥാടനകാലമാണ് കടന്നുപോയതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ പറഞ്ഞു. തീർഥാടനം ചിട്ടയായും ഭംഗിയായും നടത്താൻ സാധിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും തീർഥാടനം മികച്ചതാക്കുന്നതിന് നിരന്തര ഇടപെടലുകളാണ് നടത്തിയത്. ദേവസ്വം മന്ത്രി നിരവധി തവണ ശബരിമല സന്ദർശിക്കുകയും അവലോകന യോഗങ്ങൾ നടത്തുകയും ചെയ്തു. അഡ്വ. പ്രമോദ് നാരായൺ എംഎൽഎയും അഡ്വ.കെ.യു. ജനീഷ് കുമാർ എംഎൽഎയും മികച്ച ഇടപെടലുകൾ നടത്തി. കേരളത്തിന്റെ സാമ്പത്തിക രംഗത്ത് ഉണർവ് പകരാൻ ശബരിമല തീർഥാടനത്തിനു സാധിച്ചു. തീർഥാടന കാലത്ത് കേരളം സജീവമായി മാറി. ശബരിമല തീർഥാടനം കേരളത്തിന്റെ പൊതുസ്വത്താണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
കോവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധി കാലത്തിനു ശേഷം ഇത്തവണ പൂർണതോതിൽ നടന്ന ശബരിമല തീർഥാടനം പ്രതിച്ഛായ മാറ്റിയതായി ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു. ശബരിമല തീർഥാടനത്തിന്റെ വിജയത്തിൽ പങ്കാളികളായ എല്ലാവർക്കും അർഹതപ്പെട്ടതാണ് തനിക്കു ലഭിച്ച പുരസ്‌കാരമെന്നും കൂടുതൽ മികച്ച പ്രവർത്തനം നടത്തുന്നതിന് ഇതു പ്രോത്സാഹനമാകുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
ദേവസ്വം ബോർഡ് മെമ്പർമാരായ ജി. സുന്ദരേശൻ, അഡ്വ.എസ്.എസ്. ജീവൻ, എഡിജിപി എം.ആർ. അജിത്ത് കുമാർ, ദേവസ്വം വകുപ്പ് സ്‌പെഷൽ സെക്രട്ടറി എം.ജി. രാജമാണിക്യം, ഡിഐജി ആർ. നിശാന്തിനി, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ, ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ്, കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, ശബരിമല എഡിഎം പി. വിഷ്ണുരാജ്, ഇടുക്കി സബ് കളക്ടർ ഡോ. അരുൺ എസ് നായർ, ദേവസ്വം കമ്മീഷണർ ബി.എസ്. പ്രകാശ്, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ, ശബരിമല എക്‌സിക്യുട്ടീവ് ഓഫീസർ എച്ച്. കൃഷ്ണകുമാർ, ദേവസ്വം ബോർഡ് ചീഫ് എൻജിനിയർ ആർ. അജിത്ത് കുമാർ, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


