ഇലവുംതിട്ട – മൂലൂരിന്റെ ദീപ്തമായ സ്മരണ ഈ കാലഘട്ടത്തെ നയിക്കുന്ന വെളിച്ചമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സരസകവി മൂലൂർ എസ് പത്മനാഭപണിക്കരുടെ 154 -മത് ജയന്തി ആഘോഷവും ഇലവുംതിട്ട മൂലൂർ സ്മാരകത്തിന്റെ 34 -മത് വാർഷികവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മൾ ആയിരിക്കുന്ന ഇടങ്ങളിൽ ചെയ്യുന്ന പ്രവർത്തികൾ സാമൂഹിക പ്രതിബദ്ധതയോടെ വരും തലമുറകൾക്ക് വേണ്ടി ചെയ്യണമെന്നുള്ള ഓർമ്മപ്പെടുത്തലാണ് മൂലരിന്റെ സ്മരണ നൽകുന്നത്. മൂലൂരിനെയും ശ്രീനാരായണ ഗുരുവിനെയും പോലുള്ളവർ നമ്മുടെ പൂർവികരുടെ മനസിൽ വരുത്തിയ മാറ്റങ്ങളിലൂടെയാണ് സമൂഹത്തിൽ മാറ്റം ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.
മൂലൂർ സ്മാരകത്തിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി സംരക്ഷണ പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങൾ ഇനിയും ചെയ്യുവാൻ ഉണ്ടെന്നും അതിനായുള്ള പരിശ്രമമാണ് നടത്തുന്നത് എന്നും മന്ത്രി പറഞ്ഞു. കേന്ദ്ര കിഴങ്ങുവിള ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി നിയമിതനായ ഡോ.ബൈജു ഗംഗാധരനെ മന്ത്രി ആദരിച്ചു.
മുൻ എംഎൽഎയും മൂലൂർ സ്മാരകം പ്രസിഡന്റുമായ കെ.സി. രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ജില്ലാ പഞ്ചായത്ത് അംഗം ആർ. അജയകുമാർ, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ, വൈസ് പ്രസിഡന്റ് അനിലാ ചെറിയാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രജിത കുഞ്ഞുമോൻ, സ്മാരകം സെക്രട്ടറി പ്രൊഫ. ഡി. പ്രസാദ്, മാനേജിംഗ് കമ്മിറ്റി അംഗം വി. വിനോദ്, കെ.എൻ. രാധാചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.


