പത്തനംതിട്ട – അയിരൂർ ഗ്രാമപഞ്ചായത്ത് തുടർപദ്ധതിയായി നടത്തിവരുന്ന കഥകളി മുദ്രാ പരിശീലനക്കളരിക്ക് പഞ്ചായത്തിലെ സർക്കാർ എൽ.പി സ്‌കൂളുകളിൽ തുടക്കമായി. ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി അഞ്ച് സർക്കാർ എൽ.പി.സ്‌കൂളുകളിലെ വിദ്യാർഥികൾക്കാണ് പരിശീലനം നല്കുന്നത്. പരിശീലനക്കളരിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഓൺലൈനായി നിർവഹിച്ചു. കലാവിഷയത്തിനായി നീക്കിവെച്ചിരിക്കുന്ന സമയമാണ് കഥകളി മുദ്രാ പരിശീലനത്തിന് ഉപയോഗപ്പെടുത്തുക. മുദ്രാ പരിശീലനം നൽകാൻ നാല് അധ്യാപകരെ പഞ്ചായത്ത് നിയമിച്ചു. ജില്ലാ കഥകളി ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അയിരൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി നടത്തുന്ന പദ്ധതിയിൽ വിദ്യാർഥികൾക്ക് യോഗയും കായിക പരിശീലനവും നൽകും. ചെറുകോൽപുഴ ഗവ.എൽ.പി സ്‌കൂളിൽ നടന്ന പൊതുസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബി ജയശ്രീ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി, ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് വിക്രമൻ നാരായണൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി. പ്രസാദ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ശ്രീജ വിമൽ, സാംകുട്ടി അയ്യക്കാവിൽ, ബ്ലോക്ക് പഞ്ചായത്തംഗം സൂസൻ ഫിലിപ്പ്, ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രഭാവതി, എൻ. ജി. ഉണ്ണികൃഷ്ണൻ, അനുരാധ ശ്രീജിത്ത്, അനിതകുറുപ്പ്, കഥകളി ക്ലബ് വർക്കിങ് പ്രസിഡന്റ് ഹരികൃഷ്ണൻ തോട്ടവള്ളിൽ, പ്രധാന അധ്യാപിക അനിത ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.


