ന്യൂഡല്‍ഹി – ഇസ്രയേല്‍ – ഹമാസ് യുദ്ധം രൂക്ഷമായതോടെ ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാന്‍ ഇന്ത്യയുടെ പ്രത്യേക രക്ഷാദൗത്യം. “ഓപ്പറേഷന് അജയ് ” എന്ന രക്ഷാദൗത്യത്തിന് രൂപംനല്‍കിയതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. ഇതിനായി പ്രത്യേക ചര്ട്ടര് വിമാനങ്ങളും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജയശങ്കര്‍ ട്വിറ്ററിന്റെ പുതിയ രൂപമായ എക്സിലൂടെ അറിയിച്ചു. ആദ്യ വിമാനം ഇസ്രായേലിലേക്ക് വ്യാഴാഴ്ച പുറപ്പെടുമെന്നാണ് വിവരം. രാജ്യത്തേക്ക് മടങ്ങിവരാന്‍ ഇന്ത്യന്‍ എംബസി വഴി രജിസ്റ്റര്‍ ചെയ്തവരെ ഘട്ടംഘട്ടമായി തിരിച്ചെത്തിക്കും. രജിസ്റ്റര്‍ ചെയ്തവരെ രക്ഷാദൗത്യം സംബന്ധിച്ച കാര്യങ്ങള്‍ ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഏകദേശം 18,000ത്തിലേറെ ഇന്ത്യക്കാര്‍ ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.


