കണ്ണൂരിലെ പെട്രോൾ പമ്പുകളിൽ പെട്രോളടിക്കാൻ ആരും വരുന്നില്ല ; പമ്പുടമകൾ പണിമുടക്കിലേക്ക്

Kerala Kannur
Print Friendly, PDF & Email

കണ്ണൂർ: തൊട്ടടുത്ത മാഹിയിൽ പെട്രോളിന് ലീറ്ററിനു 15 രൂപയും, ഡീസലിന് 13 രൂപയും വിലക്കുറവ്. കർണാടകയിലോ ഡീസലിന് 8 രൂപയും പെട്രോളിന് 5 രൂപയും വിലക്കുറവുണ്ട്. കർണാടകയിൽ നിന്നും മാഹിയിൽനിന്നും ഒക്കെ പെട്രോൾ കടത്തികൊണ്ടുവന്നു പലരും വ്യാപകമായി സമാന്തര കച്ചവടം കൂടി തുടങ്ങിയതോടെ കണ്ണൂരിലെ പെട്രോൾ പമ്പുടമകൾ കഷ്ടത്തിലായി. പിടിച്ചു നിൽക്കാൻ സമരവുമായി മുന്നോട്ട് പോകാനാണ് അവരുടെ താരുമാനം. ഈ മാസം 30ന് പെട്രോൾ പമ്പുകൾ അടച്ച് പണിമുടക്കുമെന്നു കണ്ണൂർ ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു. 24 മണിക്കൂറാണു സമരം. സംസ്ഥാനത്തിനു കോടിക്കണക്കിനു രൂപ വിൽപന നികുതി നഷ്ടം വരുത്തിയും ജില്ലയിലെ പെട്രോൾ പമ്പുകളിൽ വ്യാപാരനഷ്ടം വരുത്തിയുമാണ് ഇന്ധനക്കടത്തു തുടരുന്നത്.

അവിടെ നിന്ന് ടാങ്കർ ലോറികളിലും ബാരലുകളിലും കാനുകളിലുമായാണ് കണ്ണൂരിലേക്ക് ഇന്ധനം എത്തിക്കുന്നത്. കണ്ണൂരിനു പുറത്തേക്കും കടത്തുന്നുണ്ടന്നാണ് വിവരം. സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയുള്ള ഈ ഇന്ധനക്കടത്ത് പലതവണ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടികളുണ്ടായില്ലെന്നും അവർ ആരോപിക്കുന്നു. 2017നു ശേഷം ഡീലർ കമ്മിഷനിൽ വർദ്ധന ലഭിക്കാത്തതും മുതൽ മുടക്കു വർദ്ധിച്ചതും കാരണം നഷ്ടങ്ങൾ സഹിച്ചാണ് കണ്ണൂർ ജില്ലയിൽ പമ്പുകൾ ഇപ്പോൾത്തന്നെ പ്രവർത്തിക്കുന്നതെന്നും പെട്രോൾ പമ്പുടമകൾ ചൂണ്ടിക്കാട്ടി.

കേരളത്തെക്കാൾ ഇന്ധന വില 15 രൂപയോളം കുറവായ മാഹിയിൽ നിന്നുമുള്ള ഇന്ധന കടത്ത് തടയാൻ പൊലിസിന് കഴിയുന്നില്ലെന്ന് പമ്പുടമകൾ ചൂണ്ടിക്കാട്ടി. ടാങ്കറുകളിൽ വൻ തോതിലാണ് പെട്രോൾ, ഡീസൽ കടത്ത് നടക്കുന്നത്. ചെറു വാഹനങ്ങളിൽ കടത്തികൊണ്ടുവന്ന് കണ്ണൂർ ജില്ലയിൽ വിൽക്കുന്നത് വ്യാപകമാണ്. ഇതുകാരണം തൊട്ടടുത്ത ജില്ലയായ കണ്ണൂരിലെ പെട്രോൾ പമ്പുകൾ അടച്ചിടേണ്ട അവസ്ഥയിലാണ് സംസ്ഥാന സർക്കാർ അധിക സെസായി രണ്ടു രൂപ വർധിപ്പിച്ചതിനു ശേഷമാണ് ഈ പ്രവണത വ്യാപാമായിരിക്കുന്നത് എന്നും ഇവർ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *