അടൂർ: അമിതലഹരി ഉപയോഗത്തെ തുടർന്ന് മാനസിക നില തെറ്റിയ യുവാവ് കുടുംബാംഗങ്ങളെ വീട്ടിൽ പൂട്ടിയിട്ട് ഗ്യാസ് തുറന്നു വിട്ട് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു. വീടും വാഹനങ്ങളും അടിച്ചു തകർത്തു. ഫയർഫോഴ്‌സ് സംഘം അപകടം ഒഴിവാക്കി. ഒരു കോടിയോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
പള്ളിക്കൽ പഞ്ചായത്ത് നാലാംവാർഡിൽ പയ്യനല്ലൂർ ഇളംപളളിൽ കൊച്ചുതുണ്ട് തെങ്ങിനാൽ വർഗീസ് ഡാനിയേലിന്റെ വീട്ടിലാണ് മകൻ ജോമിൻ(23) അതിക്രമം നടത്തിയത്. വർഗീസ് ഡാനിയേൽ, ഭാര്യ മണി, മകൾ ജോമി എന്നിവരെ ഇന്നലെ രാത്രി എട്ടു മണിയോടെ വീട്ടിനുള്ളിൽ പൂട്ടിയിടുകയായിരുന്നു. തുടർന്ന് വീട് മുഴുവൻ അടിച്ച് തകർത്തു. കാർ, സ്‌കൂട്ടർ, വീട്ടുപകരണങ്ങൾ എന്നിവയെല്ലാം അടിച്ചു നശിപ്പിച്ചു. ഇതിന് ശേഷം ഔട്ട് ഹൗസിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ കൊണ്ടുവന്ന് ജനലിലൂടെ വീട്ടിനുള്ളിലേക്ക് തുറന്നുവിട്ടു. കുടുംബാംഗങ്ങളെ തീ കൊളുത്തി കൊല്ലും എന്ന് ഭീഷണി മുഴക്കി അക്രമാസക്തനായി വീടിന് പുറത്തുനിൽക്കുകയുമായിരുന്നു ജോമിൻ. വിവരമറിഞ്ഞ് അഗ്നിശമന സേന ചെല്ലുമ്പോൾ ജോമിൻ സേനയുടെ വാഹനത്തിന് നേരെ കല്ലെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ജീവനക്കാർക്ക് നേരെ അസഭ്യ വർഷം നടത്തുകയും ചെയ്തു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ ഭീതി മൂലം ദൂരെ മാറിനിൽക്കുകയായിരുന്നു.
സേനാംഗങ്ങളായ സന്തോഷ്, അനീഷ് കുമാർ എന്നിവർ ടോർച്ച് തെളിച്ചു ജോമിന്റെ ശ്രദ്ധ തിരിച്ച് അനുനയിപ്പിക്കാൻ ശ്രമിച്ചു. ഈ സമയം അജീഷ്, സാനിഷ് എന്നിവർ ചേർന്ന് വീടിന്റെ ചെറിയ ഗേറ്റ് തുറന്ന് ഉള്ളിൽ കടന്ന് വീട്ടുകാരെ സമാധാനിപ്പിച്ചു. ജനലിൽ കൂടി തുറന്ന് വിട്ടിരുന്ന ഗ്യാസിലിണ്ടർ ഓഫ് ചെയ്തു സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയ ശേഷം പുറത്തുനിന്ന് പൂട്ടിയ വാതിൽ തുറന്ന് വർഗീസ് ഡാനിയേൽ ഭാര്യ മണി, ജോമി എന്നിവരെ പുറത്തെത്തിച്ച് തൊട്ടടുത്ത വീട്ടിലേക്ക് മാറ്റി. ഈ സമയം ജോമിൻ സേനാംഗങ്ങളുടെ കണ്ണുവെട്ടിച്ച് ഇരുളിൽ മറഞ്ഞു. സേനാംഗങ്ങൾ തുടർന്ന് വീട്ടിനുള്ളിൽ പ്രവേശിച്ച് അപകടാവസ്ഥകൾ എന്തെങ്കിലുമുണ്ടോ എന്ന് പരിശോധിച്ചു. തുറന്നുവിട്ട ഗ്യാസിന്റെ ഗന്ധം വീട്ടിനുള്ളിൽ ആകമാനം നിറഞ്ഞിരുന്നതിനാൽ ജനാലയുടെ പാളികൾ തുറന്നു വായു സഞ്ചാരമുറപ്പാക്കി. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വീട്ടിലെ ഉപകരണങ്ങൾ എല്ലാം ജോമിൻ നശിപ്പിച്ചിരുന്നു
വീടിന്റെ ജനാല ചില്ലുകൾ തകർത്തു. വീടിന് രണ്ടു വശങ്ങളിൽ നിന്നും പ്രവേശിക്കാൻ രണ്ടു വലിയ ഗേറ്റുകൾ ഉണ്ട്. രണ്ട് ഔട്ട് ഹൗസുകളും തൊഴുത്തും 12 അടി ആഴം വരുന്ന മീൻ കുളവും സമീപത്തുണ്ട്. മറ്റ് അത്യാഹിതങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പാക്കി സേന സംഭവ സ്ഥലത്ത് നിന്നും തിരികെ നിലയത്തിലേക്ക് മടങ്ങി. സ്‌റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എസ്എഫ്ആർ ഒ അജീഷ് കുമാർ, എഫ്.ആർ.ഓമാരായ കെ. ശ്രീജിത്ത്, ഷിബു വി. നായർ, സന്തോഷ്, സാനിഷ്, അനീഷ് കുമാർ, രാജീവ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. രാത്രി 10 മണിയോടെയാണ് ഫയർ ഫോഴ്‌സ് മടങ്ങിയത്.


