ആശാ പ്രവർത്തകരുടെ സമരവീര്യത്തിനു ഒട്ടും കുറവില്ല ; മറ്റന്നാൾ കൂട്ട ഉപവാസ സമരവും തുടങ്ങും.

Kerala Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം: ന്യായമായ വേതനത്തിനായി സെക്രട്ടേറിയറ്റ് പടിക്കൽ ആശാ വർക്കർമാർ നടത്തുന്ന സമരം നാൽപ്പത്തിയൊന്നാം ദിവസത്തിലേക്ക് കടന്നു. സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി ആശമാർ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസും തുടരുകയാണ്. ഇവർക്ക് പിന്തുണയുമായി ആശാവർക്കർമാർ തിങ്കളാഴ്ച മുതൽ കൂട്ട ഉപവാസമിരിക്കും.

എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കേരളത്തിലെ എല്ലാ പിഎച്ച് സെൻ്ററുകൾക്ക് മുന്നിലുമാണ് കൂട്ട ഉപവാസ സമരം നടക്കുന്നത്. കേരള ആശ ഹൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു, തങ്കമണി, ശോഭ എന്നിവരാണ് നിരാഹാരമിരിക്കുന്നത്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആർ. ഷീജയെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഓണറേറിയം വർദ്ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായിട്ടാണ് ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്നത്. സമരത്തിന് പിന്നിൽ മഴവിൽ സഖ്യമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയ്‌ക്കെതിരെ ആശാ പ്രവർത്തകർ ശക്തമായ പ്രതിഷേധിച്ചു. ആശാ വർക്കർമാരുടെ സമരത്തിന് പിന്നിൽ ഇടതുവിരുദ്ധ മഴവിൽ സഖ്യമാണെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രസ്താവന. കേന്ദ്ര മന്ത്രി സുരേഷ് ഗോപി വന്നപ്പോൾ പാട്ട് പാടിയെന്ന മന്ത്രി ബിന്ദുവിന്റെ പ്രസ്താവനക്കും എതിരെ അവർ പ്രതിഷേധിച്ചു.

ആശാ വർക്കർമാരെ ഉപയോഗിച്ച് എസ്‌യുസിഐയും ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും കോൺഗ്രസും ബിജെപിയും ലീഗും ഉൾപ്പെടെ ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങളെ തുറന്നുകാണിക്കുമെന്നും എം വി ഗോവിന്ദൻ ഇന്നലെ പറഞ്ഞിരുന്നു. പ്രതിപക്ഷ പാർട്ടികൾ എല്ലാം ആശാ സമരത്തെ പിന്തുണക്കുന്നു എന്ന എം വി ഗോവിന്ദന്റെ പ്രസ്താവന വഴി ഭൂരിപക്ഷ പിന്തുണ തങ്ങൾക്കുണ്ടന്ന് സർക്കാരിന് പാർട്ടിക്കും വ്യക്തമായില്ലേ എന്നും ആശാ പ്രവർത്തകർ ചോദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *