ന്യൂഡൽഹി – കർണാടകയിലെ പ്രമുഖ പാർട്ടിയായ ജനതാദൾ (എസ്) ബിജെപിക്കൊപ്പം എൻഡിഎ യിൽ ചേരാൻ തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയുമായും കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി കൂടിക്കാഴ്ച്ച നടത്തി. ജെഡിഎസിനെ എൻ ഡി എയിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുന്നെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ജെപി നന്ദ സോഷ്യൽമീഡിയയിലൂടെ വ്യക്തമാക്കി.
കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെദ്യുരപ്പ നേരത്തെ ജെഡിഎസിന്റെ എൻ ഡി എ പ്രവേശനം സ്ഥിരീകരിച്ചിരുന്നു. ലോക്സഭാ ഇലക്ഷനിൽ സംസ്ഥാനത്തെ 28ൽ നാല് സീറ്റുകൾ ജെ ഡി എസിന് നൽകാൻ തീരുമാനിച്ചെന്നു കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെദ്യുരപ്പ അറിയിച്ചിരുന്നു. അതേസമയം സീറ്റ് വിഭജനത്തെക്കുറിച്ച് ചർച്ചകളൊന്നുമായിട്ടില്ലെന്ന് കുമാരസ്വാമി പറഞ്ഞു.
അതേസമയം, എൻഡിഎക്കൊപ്പം ചേരാനില്ലെന്ന് ജെഡിഎസ് കേരളഘടകം അറിയിച്ചു. അടുത്തമാസം ഏഴിന് സംസ്ഥാന കമ്മിറ്റി വിളിച്ചതായും സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് വ്യക്തമാക്കി. പ്രതിസന്ധിയിലായ കേരളാഘടകം മൊത്തമായി മറ്റു പാർട്ടികളിൽ ലയിയ്ക്കാനും സാദ്ധ്യതയുണ്ടന്ന് നിരീക്ഷകർ കരുതുന്നു.


