അടൂർ: കോളേജ് വിദ്യാർത്ഥി സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് തോട്ടിലേക്ക് വീണ് പൂർണമായി കത്തി നശിച്ചു. കോളജ് വിദ്യാർത്ഥി പരുക്കുകളോടെ ആശുപത്രിയിലാണ് .
ഏഴംകുളം – ഏനാത്ത് റോഡിൽ കരിങ്ങാട്ടിപ്പടി പാലത്തിന് സമീപം വെള്ളി വൈകിട്ട് നാലു മണിയോട് കൂടിയാണ് ഈ സംഭവം. കൊടുമൺ ഇടത്തിട്ട മണ്ണിൽ വടക്കേതിൽ വീട്ടിൽ പ്രഫുല്ല ചന്ദ്രൻ (20) ഓടിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. കരിങ്ങാട്ടിപ്പടി പാലത്തിന് സമീപം വളവിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് തോട്ടിലേക്ക് മറിയുകയായിരുന്നുവെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു.
കെ.വി.വി.എസ്. കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ പ്രഫുല്ല ചന്ദ്രൻ ക്ലാസ് കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. അടൂരിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. ബൈക്ക് പൂർണ്ണമായും കത്തി നശിച്ചു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ പ്രഫുലിനെ ആദ്യം അടൂരുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.


