കാട്ടൂർ പുത്തൻ പള്ളിയോടം തിങ്കളാഴ്ച നീരണിയും

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: തിരുവോണതോണിയുമായി ബന്ധപ്പെട്ട കാട്ടൂർ കരയിൽ പുത്തൻ പള്ളിയോടത്തിന്റെ നിർമ്മാണം പൂർത്തിയായി. തിങ്കൾ രാവിലെ 10നും 11.30നും മധ്യേയുള്ള മുഹൂർത്തത്തിൽ പന്തളം കൊട്ടാരം നിർവാഹക സിമിതി പ്രസിഡന്റ് പി.ജി ശശികുമാർ വർമ്മ നീരണിയൽ ചടങ്ങ് നിർവഹിക്കും. രാവിലെ ഒമ്പതിന് ചേരുന്ന പൊതു സമ്മേളനം അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്റ് രാജൻ മൂലേവീട്ടിൽ ശിൽപ്പികളെ ആദരിക്കും.

718-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ഉടമസ്ഥതിയിലുള്ള പള്ളിയോടം പ്രമുഖ ശൽപ്പി അയിരൂർ സന്തോഷ് ആചാരിയാണ് നിർമ്മിച്ചത്. ഒമ്പത് മാസവും പത്തു ദിവസവും നിർമ്മാണത്തിനായി വേണ്ടിവന്നു. കാലപ്പഴക്കം മൂലം പഴയ പള്ളിയോടം നീറ്റിൽ ഇറക്കാൻ കഴിയാതെ വന്ന സാഹചര്യത്തിലാണ് പുതിയ പള്ളിയോടത്തിന് ഉളികുത്തിയത്. പൊൻകുന്നം കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ നിന്നും എത്തിച്ച ലക്ഷണമൊത്ത നാല് ആഞ്ഞിലിതടികൾ നിർമ്മാണത്തിന് വേണ്ടിവന്നു. മുഖ്യ ശിൽപ്പി സന്തോഷ് ആചാരിക്കൊപ്പം പിതാവ് അയിരൂർ ചെല്ലപ്പനാചാരി, സുരേന്ദ്രൻ, മനോജ് പുല്ലാട്, ഗണേശ്, വിഷ്ണു തുണ്ടഴം, ശിവൻകുട്ടി നെല്ലിക്കൽ, ജയൻ കൊല്ലം, പ്രതീഷ് റാന്നി, മനീഷ് റാന്നി, അജീഷ് അയിരൂർ എന്നിവർ സഹ കർമ്മികളായി.

നാൽപ്പത്തി ഏഴേകോൽ നീളവും 64 അംഗുലം ഉടമയുമുള്ള പള്ളിയോടത്തിന് 19 അടി അമരപൊക്കമുണ്ട്. നീരണിഞ്ഞ ശേഷം തിരുവാറന്മുളയ്ക്ക് പള്ളിയോടം പുറപ്പെടും. സമീപകരകളിലെ പള്ളിയോടങ്ങൾ അകമ്പടി സേവിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *