തിരുവല്ല: രാമൻചിറയിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ തമ്മിലുണ്ടായ സംഘട്ടനത്തിൽ ഒരാൾ അറസ്റ്റിൽ. സംഭവത്തിലെ ഏഴാം പ്രതിയായ കുറ്റപ്പുഴ ബഥേൽപടിയിൽ ഫെബിന മൻസിലിൽ ഫസൽ മുഹമ്മദ് അലി (28)യെ ആണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്.
ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന എട്ടോളം പേർ വരുന്ന സംഘവും കടപ്രയിൽ സിനിമ കഴിഞ്ഞ് മടങ്ങിയ ചങ്ങനാശ്ശേരി സ്വദേശികളായ കാപ്പാ കേസ് പ്രതിയും പെൺവാണിഭ കേസിൽ പ്രതിയായ സ്ത്രീയും അടക്കം മൂന്നു വനിതകളും ഉൾപ്പെട്ട ഏഴംഗ സംഘവും തമ്മിലാണ് സംഘട്ടനം നടന്നത്. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. മുത്തൂർ സ്വദേശിയായ ഷാൻഖാന് തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു.
ഇയാൾ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണം നടത്തിയ ചങ്ങനാശേരി സ്വദേശികൾക്കെതിരെയാണ് തിരുവല്ല പോലീസ് വധ ശ്രമത്തിന് അടക്കം കേസെടുത്തിരിക്കുന്നത്. സംഘർഷം നടക്കുന്നതിനിടെ ചങ്ങനാശേരിയിൽ നിന്നുള്ള സംഘം വിളിച്ചുവരുത്തിയ ആളാണ് അറസ്റ്റിലായ ഫസൽ മുഹമ്മദ് അലി. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് ഇൻസ്പെക്ടർ ബി.കെ. സുനിൽ കൃഷ്ണൻ പറഞ്ഞു.


