എസ്എൻഡിപിയുടെ വോട്ടവകാശ കേസിൽ കേന്ദ്രസർക്കാരിന് പ്രത്യേക താൽപര്യമോ ? വെള്ളാപ്പള്ളിയുടെ കസേര ഉറപ്പിക്കാനോ കേന്ദ്രസർക്കാർ നീക്കം ? എതിർപ്പുമായി സംരക്ഷണ സമിതി

Kerala Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം:- സുപ്രീംകോടതി ഫയലിൽ സ്വീകരിച്ച് എതിർകക്ഷികൾക്ക് നോട്ടീസ് അയച്ച എസ്എൻഡിപിയിൽ എല്ലാവർക്കും വോട്ടവകാശം എന്ന കേസിലെ അപ്പീലുകളിൽ കേന്ദ്രസർക്കാർ നിലപാട് നിർണായകമാണെന്ന മാധ്യമ വാർത്തകൾക്കെതിരേ എസ്എൻഡിപി സംരക്ഷണ സമിതി ചെയർമാൻ അഡ്വ. എസ്. ചന്ദ്രസേനൻ രംഗത്ത്. വെളളാപ്പളളിമാർ തുടർന്നും എസ്എൻഡിപി യോഗം തലപ്പത്ത് തുടരുമെന്ന പ്രതീതി ജനിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.

2005 മുതൽ 2022 വരെ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കു മുന്നിലും കേരള ഹൈക്കോടതിയിലെ വിവിധ കേസുകളിലും കമ്പനി ലോ ബോർഡിലും എസ്എൻഡിപി യോഗം എടുത്തിരുന്ന നിലപാട് സംസ്ഥാന നിയമമായ നോൺ ട്രേഡിങ് കമ്പനി കേരളയുടെ കീഴിലാണ് എസ്എൻഡിപി പ്രവർത്തിക്കുന്നത് എന്നായിരുന്നു. ഇതേ നിലപാട് കൊണ്ടാണ് 2015 ൽ, വെള്ളാപ്പള്ളി നടേശനും കൂട്ടരും എസ്എൻഡിപി യോഗത്തിൽ നിന്ന് പുറത്താകുന്ന തീരുമാനം കമ്പനി ലോ ബോർഡിൽ നിന്ന് ഉണ്ടാകാതിരുന്നത്.

2022 ലാണ് എസ്എൻഡിപി യോഗത്തിലെ എല്ലാ അംഗങ്ങൾക്കും വോട്ടവകാശം നൽകിക്കൊണ്ട് ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് വന്നത്. ഇതിന്റെ പ്രധാന കാരണം, കേരള നിയമത്തിനു കീഴിൽ പ്രവർത്തിക്കുന്ന കമ്പനിക്കു വേണ്ടി കേന്ദ്ര സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവ് നിലനിൽക്കില്ല എന്നതാണ്. എല്ലാവർക്കും വോട്ടവകാശം വന്നാൽ താൻ ദയനീയമായി പരാജയപ്പെടുമെന്ന് നഗ്‌നസത്യം തുറിച്ചു നോക്കിയപ്പോൾ വെളളാപ്പള്ളി ഞെട്ടി. സമുദായത്തിലെ വെറും അഞ്ചു ശതമാനത്തിന്റെ പോലും പിന്തുണ തനിക്കില്ലെന്ന് അദ്ദേഹത്തിന് അറിയാം.

ഇത് മറികടക്കുന്നതിന് വേണ്ടിയാണ് എല്ലാവർക്കും വോട്ടവകാശം കിട്ടിയ കേസിൽ നടേശൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഡിവിഷൻ ബെഞ്ച് നടേശന്റെ അപ്പീൽ അനുവദിക്കുന്നു. ഇതിനെതിരേ എസ്എൻഡിപി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സുപ്രീം കോടതിയിൽ നാല് അപ്പീലുകൾ നൽകുന്നു. കോടതി ഇത് ഫയലിൽ സ്വീകരിച്ച് നോട്ടീസ് അയക്കുന്നു. ഇതിന് പിന്നാലെ ചില മാധ്യമങ്ങളിൽ ഒരു വാർത്ത പ്രത്യക്ഷപ്പെടുന്നു. എല്ലാവർക്കും വോട്ടവകാശം കേസിൽ കേന്ദ്രസർക്കാർ നിലപാട് നിർണായകം എന്നായിരുന്നു വാർത്ത.

എന്നാൽ, ഈ പ്രചാരണത്തിന്റെ യാഥാർഥ്യമെന്താണ് ? എസ്എൻഡിപി സംരക്ഷണ സമിതി ചെയർമാൻ ഇക്കാര്യം ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളിൽ ഇട്ട പോസ്റ്റിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്. ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിനെതിരേ എസ്എൻഡിപി സംരക്ഷണ സമിതി അപ്പീൽ നൽകുമെന്ന് അറിയാവുന്ന വെള്ളാപ്പള്ളി നടേശൻ കാവിയറ്റ് ഇടുന്നു. സംരക്ഷണ സമിതി നൽകിയ അപ്പീലുകളിൽ വെള്ളാപ്പള്ളി മാരും യോഗവും കൂടാതെ എതിർകക്ഷികളായി കേന്ദ്ര സർക്കാരും കേരള സർക്കാരും ഐജി ഓഫ് രജിസ്‌ട്രേഷനും ഉണ്ടായിരുന്നു.

മാർച്ച് 25 ന് അപ്പീലുകൾ സുപ്രീം കോടതി മുമ്പാകെ പരിഗണനയ്ക്ക് വന്നു. അന്ന് കാവിയേറ്റേഴ്‌സിനെ കൂടാതെ അഡീഷണൽ സോളിസിറ്റർ ജനറലും കോടതിയിൽ ഹാജരായി. ഇവിടെയാണ് ശ്രദ്ധിക്കേണ്ടത്. അന്നു വരെ കേന്ദ്ര സർക്കാരിന് കോടതി നോട്ടീസ് പോകാത്ത ഈ കേസിൽ അഡീഷണൽ സോളിസിറ്റർ ജനറൽ ഹാജരായത് ആരുടെ നിർദ്ദേശപ്രകാരമാണ്? കോടതി കേസ് ഫയലിൽ സ്വീകരിച്ചാൽ മാത്രമേ കേന്ദ്ര സർക്കാരിനു കാര്യമുള്ളു. അങ്ങനെ വരുമ്പോൾ അവർക്ക് ഈ കേസിൽ എന്താണ് പ്രത്യേക താൽപ്പര്യം?

കേസ് വീണ്ടും പരിഗണിക്കുന്നതിന് വേണ്ടി ഏപ്രിൽ 21 ലേക്ക് മാറ്റി. അന്നു തന്നെ സുപ്രീം കോടതിയിൽ ഒൻപതംഗ ബഞ്ചിൽ ശബരിമല കേസിന്റെ വാദം നടക്കുകയായിരുന്നു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആ കേസിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. എന്നാൽ, അവിടെ നിന്ന് അദ്ദേഹം പരിഗണനയ്ക്ക് വേണ്ടി മാത്രമിരിക്കുന്ന എസ്.എൻ.ഡി.പി കേസിൽ, കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരാകുന്നു. കേന്ദ്ര സർക്കാരിന് നോട്ടീസ് ലഭിക്കാത്ത, കേന്ദ്ര സർക്കാർ കാവിയറ്റർ അല്ലാത്ത ഈ കേസിൽ, സോളിസിറ്റർ ജനറലിന്റെ പ്രത്യേക താർപര്യമെന്തായിരുന്നു ? എന്തിന് വേണ്ടിയാണ് അദ്ദേഹം ഹാജരായത് ? ഓർക്കണം, അഞ്ചു മുതൽ ഏഴു വരെ എതിർകക്ഷികളായ കേരള സർക്കാരും ഐജി ഓഫ് രജിസ്‌ട്രേഷനും ഈ കേസിൽ അന്ന് ഹാജരായില്ല. അവർക്ക് കോടതി നോട്ടീസ് ലഭിക്കാതിരുന്നതാണ് കാരണം.

21 ലെ സുപ്രീംകോടതി ഉത്തരവിലെ രണ്ടാം ഖണ്ഡിക കേന്ദ്ര സർക്കാരിന്റെ നിലപാട് അറിയിക്കാനുള്ളതും മൂന്നാം ഖണ്ഡിക മറ്റ് എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനും ഉള്ളതാണ്. മറ്റ് എതിർകക്ഷികൾ കേരള സർക്കാരും ഐജി ഓഫ് രജിസ്‌ട്രേഷനും ബിനു തുടങ്ങിയ മറ്റുള്ളവരുമാണ്.

അപ്പോൾ പിന്നെ എന്തുകൊണ്ടാണ് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം ചോദിച്ചത്? കേന്ദ്ര സർക്കാരിന്റെ സോളിസിറ്റർ ജനറൽ ഈ കേസിൽ നോട്ടീസ് പോലുമില്ലാതെ ഹാജരായി വാദം പറഞ്ഞതിനെ തുടർന്നാണ്, കേന്ദ്ര നിലപാട് എഴുതി നൽകാൻ നിർദ്ദേശിച്ചത്.

ഈ കേസിൽ കേരള സർക്കാരും നിലപാട് അറിയിക്കേണ്ടതുണ്ട്. പക്ഷേ, അത് കോടതി നോട്ടീസ് കിട്ടുന്ന മുറയ്ക്ക് മാത്രമാകും. ഈ കേസിൽ കേന്ദ്ര, കേരള സർക്കാർ നിലപാടുകൾ നിർണായകമാണോയെന്ന് ചോദിച്ചാൽ അല്ലെന്നാണ് ഉത്തരം.

കേന്ദ്ര സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറലും കേരള സർക്കാരിനു വേണ്ടി അഭിഭാഷകനും ഉന്നയിക്കുന്നത് അവരുടെ നിലപാടുകൾ മാത്രമാണ്. കേന്ദ്രത്തിന്റേയും സംസ്ഥാനത്തിന്റേയും നിലപാടുകൾക്ക് കോടതി തുല്യ പ്രാധാന്യമേ നൽകുകയുള്ളു.

പിന്നെ എന്താണ് ഈ കേസിൽ നിർണായകമായിട്ടുള്ളത് ? സത്യവും ധർമ്മവും നിയമവും നീതിയും ബാക്കിയുണ്ടെങ്കിൽ അതാണ് നിർണ്ണായകം.
കോടതി നടപടികളിലെ ഭാഗികമായ കാര്യങ്ങൾ വച്ച് ഈ വാർത്തകൾ വരുന്നതിന്റെ പിന്നിൽ വെള്ളാപ്പള്ളി നടേശന്റെ കരങ്ങൾ ഉണ്ടെന്ന് സംശയിക്കുന്നുവെന്ന് അഡ്വ. ചന്ദ്രസേനൻ പറയുന്നു. വെള്ളാപ്പള്ളിമാർ യോഗത്തിൽ തുടരുമെന്ന തരത്തിൽ പ്രചാരണം നടത്തിയില്ലെങ്കിൽ കൂടെ നിൽക്കുന്ന യൂണിയൻ ഭാരവാഹികളും വെള്ളാപ്പള്ളിമാരെ തള്ളിപ്പറയുമെന്ന് അവർക്കറിയാം. അതിനാണ് മേയ് 15 മുതൽ 17 വരെ കർണ്ണാടകത്തിൽ, റോട്ടറി മാതൃകയിൽ ക്യാമ്പ് വച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *