പത്തനാപുരം – ഗാന്ധിഭവന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങൾ കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്തു. അതേ ചടങ്ങിൽ വെച്ച്, ഈ വർഷത്തെ ‘ഗാന്ധിഭവൻ സുഗതകുമാരി ദേശീയ പരിസ്ഥിതി പുരസ്കാരം’ കുമ്മനം രാജശേഖരന് സമ്മാനിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കും സുഗതവനം പദ്ധതിക്കും ലഭിച്ച വലിയൊരു അംഗീകാരമായി ഈ പുരസ്കാരത്തെ കാണുന്നതായി കുമ്മനം രാജശേഖരൻ പറഞ്ഞു. അതോടൊപ്പം “ഗാന്ധിഭവൻ ഇന്റർനാഷണൽ പൊയട്രി അവാർഡ്” സോഹൻ റോയിക്കും സമ്മാനിച്ചു. അദ്ദേഹവും പുരസ്കാരം ഏറ്റുവാങ്ങി. ഗാന്ധിഭവൻ രക്ഷാധികാരി കെ. ധർമ്മരാജൻ അധ്യക്ഷത വഹിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ സ്വാമി ശുഭാംഗാനന്ദ, പുനലൂർ സോമരാജൻ, ബി. ശശികുമാർ തുടങ്ങി നിരവധി പ്രമുഖർ സംബന്ധിച്ചു.



