പട്‌ന: ബിഹാറിൽ ജനതാദൾ പക്ഷങ്ങളുടെ യുഗത്തിന് അന്ത്യം. രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചതിന് പിന്നാലെ പുതിയ ബീഹാർ മുഖ്യമന്ത്രിയായി ഒബിസി നേതാവ് സാമ്രാട്ട് ചൗധരിയെ ബിജെപി പ്രഖ്യാപിച്ചു. ബീഹാറിൽ ആദ്യമായാണ് ബിജെപിക്ക് ഒരു മുഖ്യമന്ത്രിയുണ്ടാകുന്നത്. അതും ഒരു ഒബിസി നേതാവ്. ബുധനാഴ്ച പാറ്റ്നയിൽ വെച്ച് സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇതോടെ രണ്ട് ദശാബ്ദത്തിനോടടുത്തുളള നിതീഷ് യുഗം അവസാനിച്ച് ബിജെപി നേതൃത്വത്തിലുളള സർക്കാർ ആദ്യമായി ബീഹാറിൽ അധികാരത്തിലേറുകയാണ്.
നിതീഷിന്റെ രാജിക്ക് പിന്നാലെ ചേർന്ന യോഗത്തിൽ ബിജെപി നിയമസഭാ കക്ഷി നേതാവായി സാമ്രാട്ട് ചൗധരിയെ ഐകകണ്ഠമായി തെരഞ്ഞെടുത്തു. ബുധനാഴ്ച നടക്കുന്ന ചടങ്ങിൽ സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 57 വയസുകാരനായ സാമ്രാട്ട് ചൗധരി, രാകേഷ് കുമാർ എന്ന് വിളിപ്പേരിലാണ് അറിയപ്പെടുന്നത്. ബി ജെ പിയുടെ സംസ്ഥാനത്തെ ശക്തമായ മുഖമായ ചൗധരി, താരാപൂരിൽ നിന്നുള്ള എം എൽ എയാണ്. ഒ ബി സി മുഖം എന്ന നിലയിൽ ബി ജെ പി വളർത്തിയെടുത്ത സമ്രാട്ട് ചൗധരി ബി ജെ പി സംസ്ഥാന അധ്യക്ഷനായടക്കം പ്രവർത്തിച്ചിട്ടുണ്ട്. സമതാ പാർട്ടി നേതാവ് ശകുനി ചൗധരിയുടെ മകനായ അദ്ദേഹം, 1990 ൽ ആർ ജെ ഡിയിലൂടെയാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്. 1999 ആർ ജെ ഡി മന്ത്രിസഭയിൽ കൃഷിമന്ത്രിയായിരുന്നു. 2014 ൽ ആർ ജെ ഡിയിൽ നടന്ന പിളർപ്പിന് പിന്നിലെ സൂത്രധാരനായിരുന്നു. 2018 ആർ ജെ ഡി വിട്ട് ബി ജെ പിയിലെത്തി. 2021 മുതൽ നിതീഷ് കുമാർ മന്ത്രിസഭയിൽ അംഗമായിരുന്നു. ബീഹാർ ആഭ്യന്തരമന്ത്രിയായിരുന്ന സമ്രാട്ട് ചൗധരി, ഉപ മുഖ്യമന്ത്രി പദത്തിൽ നിന്നാണ് സംസ്ഥാനത്തെ നയിക്കാനെത്തുന്നത്. അതേസമയം നാളെ ബി ജെ പി മുഖ്യമന്ത്രിക്കൊപ്പം രണ്ട് ഉപമുഖ്യമന്ത്രിമാർ ജെ ഡി യുവിൽ നിന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. വിജേന്ദ്ര യാദവ്, വിജയ് ചൗധരി എന്നിവരാകും ഉപമുഖ്യമന്ത്രിമാരെന്നാണ് സൂചന.
*ഒബിസി കരുത്തിൽ ബിഹാർ പിടിക്കാൻ.. അടുത്തത് ?
സാമ്രാട്ട് ചൗധരി 1968 നവംബർ 16ന് മുൻഗർ ജില്ലയിലെ ലഖൻപൂർ ഗ്രാമത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ശകുനി ചൗധരി ഏഴ് തവണ എംഎൽഎയും പാർലമെന്റ് അംഗവുമായിരുന്നു. അമ്മ പാർവതി ദേവിയും താരപൂർ മണ്ഡലത്തിൽ നിന്ന് എംഎൽഎ ആയിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ ഈ കുടുംബത്തിന് ശക്തമായ സ്വാധീനമുണ്ട്. മുൻഗറിൽ ആദ്യകാല വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം മധുരൈ കാമരാജ് സർവകലാശാലയിൽ ഉന്നത പഠനം നടത്തി. വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ച് ആരോപണങ്ങളുണ്ടായിട്ടും ചൗധരി രാഷ്ട്രീയത്തിൽ സജീവമായി.
1990-കളിൽ ലാലു പ്രസാദ് യാദവിനൊപ്പം രാഷ്ട്രീയ ജീവിതം തുടങ്ങി. 1995-ൽ ഒരു പ്രക്ഷോഭത്തിനിടെ 89 ദിവസം ജയിലിൽ കഴിഞ്ഞത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ നിർണായക ഘട്ടമായിരുന്നു. 1999 മെയ് 19-ന് രബ്രി ദേവി സർക്കാരിൽ കൃഷിമന്ത്രിയായി. 2000-ൽ പർബത്തയിൽ നിന്ന് ആദ്യമായി എംഎൽഎ ആയി. 2010-ൽ രണ്ടാം തവണയും എംഎൽഎ ആയ ചൗധരി, നിയമസഭയിലെ പ്രതിപക്ഷ ചീഫ് വിപ്പായി. 2014-ൽ ആർജെഡിയിൽ പിളർപ്പുണ്ടാക്കി ജിതൻ റാം മാഞ്ചി സർക്കാരിൽ നഗരവികസന മന്ത്രിയായി. ഇത് ലാലു പ്രസാദ് യാദവുമായുള്ള അദ്ദേഹത്തിന്റെ വേർപിരിയലിനും കാരണമായി.

2017-ൽ ബിജെപിയിൽ ചേർന്ന അദ്ദേഹം 2018-ൽ സംസ്ഥാന ഉപാധ്യക്ഷനായി. 2020-ൽ ബിജെപി ക്വാട്ടയിൽ നിന്ന് നിയമനിർമ്മാണ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2021-ൽ പഞ്ചായത്തി രാജ് മന്ത്രിയായും പ്രവർത്തിച്ചു. 2022-ൽ ബിഹാർ നിയമനിർമ്മാണ കൗൺസിലിലെ പ്രതിപക്ഷ നേതാവായി മാറിയതോടെ സംഘടനയിലും നിയമസഭയിലും ചൗധരിയുടെ സ്ഥാനം ശക്തിപ്പെട്ടു. 2022 ഓഗസ്റ്റിൽ നിതീഷ് കുമാർ മഹാസഖ്യവുമായി ചേർന്ന് സർക്കാർ രൂപീകരിച്ചപ്പോൾ, ബിജെപിക്ക് കരുത്തനും ആക്രമണോത്സുകനുമായ ഒരു നേതാവിനെ ആവശ്യമായിരുന്നു.
അമിത് ഷാ സമ്രാട്ട് ചൗധരിയെ 2023ൽ സംസ്ഥാന ബിജെപി അധ്യക്ഷനായി നിയമിച്ചു. നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നത് വരെ തലപ്പാവ് ഉപേക്ഷിക്കില്ലെന്ന് ചൗധരി പ്രതിജ്ഞയെടുത്തു. 2024 ജൂലൈയിൽ അയോധ്യയിലെ സരയൂ നദിയിൽ സ്‌നാനം ചെയ്ത് അദ്ദേഹം ഈ പ്രതീകാത്മക പ്രതിജ്ഞ നിറവേറ്റി. 2024 ജനുവരിയിൽ ആദ്യമായി ഉപമുഖ്യമന്ത്രിയും ബിജെപി നിയമസഭാ കക്ഷി നേതാവുമായി. 2024 ഫെബ്രുവരിയിൽ ധനകാര്യം, ആരോഗ്യം, നഗരവികസനം തുടങ്ങിയ പ്രധാന വകുപ്പുകളുടെ ചുമതല അദ്ദേഹത്തിന് ലഭിച്ചു.
ഒബിസി വിഭാഗത്തിൽ നിന്നുള്ള ചൗധരിയെ ഉയർത്തിക്കൊണ്ടുവന്നതിലൂടെ, ഈ സമവാക്യം തകർക്കാനും കുശ്വാഹ വോട്ടർമാർക്കിടയിൽ പിന്തുണ നേടാനും ബിജെപി ശ്രമിക്കുന്നു. ഒരു ശക്തനായ ഒബിസി നേതാവെന്ന നിലയിൽ സ്വന്തം സമുദായത്തിനുവേണ്ടി സംസാരിക്കുന്ന അദ്ദേഹം, വിശാലമായ ഒബിസി വിഭാഗത്തിന്റെ പ്രതിനിധിയായി സ്വയം അടയാളപ്പെടുത്തുന്നു. 2022 മുതൽ നിതീഷ് കുമാറിനെ രാഷ്ട്രീയ വേദികളിൽ പരസ്യമായി വെല്ലുവിളിക്കുകയും ശക്തമായ നിലപാടുകൾ എടുക്കുകയും ചെയ്തിട്ടുണ്ട്. 2025 നവംബറിൽ താരപൂർ മണ്ഡലത്തിൽ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹം രണ്ടാം തവണയും ഉപമുഖ്യമന്ത്രിയായി.
സമ്രാട്ട് ചൗധരിയുടെ മുഖ്യമന്ത്രി പദവിയിലേക്കുള്ള ഉയർച്ച ബീഹാറിലെ ബിജെപിക്ക് ഒരു പുതിയ ഘട്ടത്തിന് തുടക്കമിടുമോ എന്നതാണ് പ്രധാന ചോദ്യം. അതുവഴി പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ചില തെക്കേയിന്ത്യൻ സംസ്ഥാനങ്ങളിലും സമാന നിലയിലുള്ള നേതാക്കന്മാരെ വളർത്തിക്കൊണ്ടു വരാനുള്ള നീക്കവും ബിജെപി ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.


