അടൂർ – എട്ടുമാസം ഗർഭിണിയുടെ വയറോടുകൂടിയ നിലയിൽ തിരുപ്പതിയിൽനിന്നും എത്തിയ 37 വയസ്സുകാരിയുടെ ഗർഭപാത്രത്തിൽനിന്നും 1.820 കിലോഗ്രാം ഭാരം വരുന്ന മുഴ (ഫൈബ്രോയ്ഡ്) അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യൽറ്റി ആശുപത്രിയിൽ നീക്കം ചെയ്തു. ലാപറോസ്കോപ്പി വഴി ഇതുവരെ നീക്കം ചെയ്ത ഏറ്റവും വലിയ ഇന്റ്രമ്യൂറൽ ഫൈബ്രോയിഡ് ആണ് ഇത്. ഗർഭപാത്രത്തില് കുഴപ്പം വരാതെയാണ് മുഴ നീക്കം ചെയ്തത്. മുഴ നീക്കം ചെയ്ത അന്ന് തന്നെ രോഗിക്ക് ദിനചര്യകൾ ചെയ്യുന്നതിന് കഴിഞ്ഞു. പൂർണ ആരോഗ്യവതിയായി വരുന്ന രോഗി അടുത്ത ദിവസം ആശുപത്രി വിടും.
വയറു കീറാതെ താക്കോൽ ദ്വാരം വഴി തന്റെ ഗർഭപാത്രത്തിലെ വലിയ മുഴ നീക്കം ചെയ്യാൻ സാധ്യമാണോ എന്ന ചോദ്യവുമായിട്ടാണ് രോഗി ലൈഫ് ലൈൻ ആശുപത്രിയിൽ എത്തിയത്. അതിനു അവരെ പ്രേരിപ്പിച്ചത് സമീപിച്ച എല്ലാ ഡോക്ടർമാരും വയറുതുറന്നു മുഴയോടൊപ്പം ഗർഭപാത്രം കൂടി നീക്കം ചെയ്യുന്നതിനെപ്പറ്റിയാണ് അവരോടു നിർദേശിച്ചത് എന്നതാണ്. മുഴയുടെ വലിപ്പവും അത് ഗര്ഭപാത്ര ഘടനയിൽ ഉണ്ടാക്കിയ വ്യത്യാസവും ആണ് അതിനു ഡോക്ടർമാർ ചൂണ്ടിക്കാട്ടിയ കാരണങ്ങൾ.
ഗർഭപാത്രം ഇത്ര ചെറുപ്പത്തിലേ നീക്കം ചെയ്യേണ്ടി വരുന്നതിലുള്ള ആശങ്കയും വയറു കീറി ശസ്ത്രക്രിയ ചെയ്യുമ്പോൾ രക്തസ്രാവമുണ്ടായേക്കാമെന്ന ചിന്തയും യുവതിയെ ഭയപ്പെടുത്തി. ഈ സാഹചര്യത്തിൽ ഗർഭപാത്രത്തിലെ വലിയമുഴകൾ (Intramural Fibroid) നീക്കം താക്കോൽദ്വാരം വഴി നീക്കം ചെയ്യുന്ന ആശുപത്രികളെപ്പറ്റിയും ഡോക്ടർമാരെപ്പറ്റിയും അവർ ഗൂഗിളിൽ പരതി. അങ്ങനെയാണ് ലൈഫ് ലൈൻ ആശുപത്രിയെപ്പറ്റിയും ഗൈനക് ലാപ്പറോസ്കോപ്പി വിദഗ്ധനായ ഡോ സിറിയക് പാപ്പച്ചനെപ്പറ്റിയും അവർ മനസ്സിലാക്കിയത്. ആശുപത്രിയിൽ എത്തി ഡോ സിറിയക്കുമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ താക്കോൽ ദ്വാര ശാസ്ത്രക്രിയയിലുള്ള വൈദഗ്ധ്യം മനസ്സിലാക്കുകയും ചെയ്ത അവർ എത്രയും പെട്ടന്ന് അതിനായി സമ്മതിക്കുകയായിരുന്നു. ഏറ്റവും ഭാരം വരുന്ന ഗർഭപാത്രം താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു ലോക റെക്കോർഡ് നേടിയ ആളാണ് ഡോ സിറിയക്.
ഗർഭാശയം നീക്കം ചെയ്യേണ്ടി വന്നേക്കാവുന്ന അവസ്ഥ, ജീവനു ഭീഷണിയാകുന്ന വിധത്തിലുള്ള ഗുരുതരമായ രക്തസ്രാവം, അനസ്തീഷ്യയുമായി ബന്ധപ്പെട്ട സങ്കീർണ്ണതകൾ, ശസ്ത്രക്രിയക്കിടെ ഉണ്ടാകാവുന്ന സാങ്കേതിക ബുദ്ധിമുട്ടുകൾ എന്നിവയായിരുന്നു ഈ രോഗിയുടെ കാര്യത്തിൽ ഡോക്ടർമാർ നേരിടേണ്ടിവന്ന പ്രധാന വെല്ലുവിളികൾ. എന്നാൽ ഇവയെല്ലാം ഡോ സിറിയക്കിനും ടീമിനും വിജയകരമായി കൈകാര്യം ചെയ്യാനായി.
ഡോ സിറിയക് പാപ്പച്ചൻ, ഡോ ബി പ്രസന്നകുമാരി, ഡോ മാത്യൂസ് ജോൺ, ഡോ റോഷ്നി സുഭാഷ്, ഡോ വിദ്യ കെ എം, ഡോ നന്ദന രാജഗോപാൽ എന്നിവരടങ്ങുന്ന സർജറി റ്റീമിനെ അനെസ്തെറ്റിസ്റ്റുമാരായ ഡോ ഹരിശങ്കർ എസ്, ഡോ മീനു കൃഷ്ണൻ, എന്നിവരും സ്റ്റാഫ് നേഴ്സുമാരായ ജീന, റെനി എന്നിവരും സഹായിച്ചു.


