കാർഷിക സംസ്കൃതിയുടെ പഴയ കാലത്തേക്കൊരു മടക്കം ; ഓമല്ലൂർ വയൽവാണിഭത്തിന് തുടക്കമായി

Pathanamthitta
Print Friendly, PDF & Email

ഓമല്ലൂർ – നമ്മുടെ നാടിന്റെ കാർഷിക സംസ്കൃതിയുടെ പഴയ കാലത്തെ ഓർമ്മപ്പെടുത്തുന്ന ഓമല്ലൂർ വയൽ വാണിഭത്തിന് തുടക്കമായി. ഇനി ഒരു മാസക്കാലം കാർഷിക ഉത്പന്നങ്ങളുടെയും, മലയാളിയുടെ അടുക്കളയിലെ കലം, ചട്ടി, ചിരവ, അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെയും വിത്തിനങ്ങളുടെയും വിപണന കേന്ദ്രമായി ഓമല്ലൂർ ചന്തയും പരിസരവും സജീവമായി. ഓമല്ലൂർ വയലിൽ പേരുകേട്ട കന്നുകാലിച്ചന്ത പണ്ടുകാലത്ത് ഉണ്ടായിരുന്നെങ്കിലും ഇന്നത് ചുരുങ്ങി. കൂറ്റൻ കാച്ചിലും ചേനയും മുതൽ അടച്ചട്ടിയും മത്തും ഉലക്കയും തുടങ്ങി കുട്ടയും വട്ടിയും മുറവും കൂന്താലിയും തൂമ്പയും കോടാലിയും വരെയുള്ള ഗൃഹോപകരണ – പണിയായുധങ്ങളുടെ വലിയശേഖരം വാണിഭച്ചന്തയിൽ കിട്ടും. കറിച്ചട്ടിയും മൺകലവും കൂജയും അരകല്ലും നാഴിയും ചങ്ങഴിയും നെൽപ്പറയും തിരികയും അടുപ്പുപലകയും എന്നുവേണ്ട പുതിയ തലമുറയ്ക്ക് അപരിചിതമായ പലതും വാണിഭച്ചന്തയിൽ ലഭ്യമാണ്.

ഈ വർഷത്തെ വയൽവാണിഭത്തിന് തുടക്കം കുറിച്ച് ഇന്നലെ പുലർച്ചെമുതൽ കന്നുകാലി പ്രദർശനവും കാളച്ചന്തയുമുണ്ടായിരുന്നു. ഓമല്ലൂർ മാർക്കറ്റിന് സമീപത്തെ വയലിലാണ് കാളച്ചന്ത നടന്നത്. തുടർന്ന് നടന്ന കാർഷിക വിപണനമേള ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് ഉദ്ഘാടനം ചെയ്തു. വൈകീട്ട് നടന്ന സാംസ്കാരിക ഘോഷയാത്രയിൽ തൃശ്ശൂർ പുലികളി ചെണ്ടമേളം, ബട്ടർഫ്ലൈ ഷോ, കാളക്കൂറ്റൻമാർ എന്നിവയ്ക്ക് ഒപ്പം വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ കലാരൂപങ്ങളും പങ്കുചേർന്നു.

ഘോഷയാത്രയ്ക്ക് ശേഷമുള്ള സാംസ്കാരിക സമ്മേളനം സി.ഡി.എസ്. ചെയർപേഴ്സൺ വി.ജി. ശ്രീവിദ്യ ഉദ്ഘാടനം ചെയ്തു. വയൽവാണിഭ സംഘാടകസമിതി ജനറൽ കൺവീനർ സുരേഷ് ഓലുത്തുണ്ടിൽ അധ്യക്ഷത വഹിച്ചു. സജയൻ ഓമല്ലൂർ, രാജൻ ജോർജ്, രവീന്ദ്രവർമ അംബാനിലയം രതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.

ഓമല്ലൂർ വയൽവാണിഭം: പഴയ ചരിത്രം

നൂറ്റാണ്ടുകൾക്ക് മുമ്പ് നിലനിന്നിരുന്ന കാർഷിക അഭിവൃദ്ധിയുടെ പാരമ്പര്യമാണ് ഓമല്ലൂർ വയൽവാണിഭത്തിന് അവകാശപ്പെടാനുള്ളത്. പണ്ട് കൊല്ലം വെളിയനല്ലൂർ പഞ്ചായത്തിലെ തെക്കേ പാടത്തുനിന്ന്‌ വിരണ്ടോടിയ കൂറ്റൻ കാള ഓമല്ലൂരിലെത്തുകയും ഒരു കർഷകൻ ഈ കാളയെ വയലിലെ പാലമരത്തിൽ പിടിച്ചുകെട്ടുകയും ചെയ്തു. ഈ കാളക്കൂറ്റനെ കാണാൻ ഓമല്ലൂർ ദേശത്തെ ജനങ്ങൾ വയലിൽ തടിച്ചുകൂടുകയും ചെയ്തതായാണ് ചരിത്രം. ഈ സംഭവത്തിനുശേഷം ഓമല്ലൂർ വയൽ വാണിഭത്തിന് തുടക്കമായതായി പഴമക്കാർ പറയുന്നു.

ഒരുമാസക്കാലം നീളുന്ന വാണിഭത്തിൽ പങ്കെടുക്കാൻ കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന്‌ കച്ചവടക്കാർ ഓമല്ലൂരിലെത്തുന്നു. നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന ആളുകൾ ഉത്പന്നങ്ങൾ വാങ്ങാനെത്തുന്നതോടെ ഇനിയുള്ള ഒരു മാസം ഓമല്ലൂർ ചന്ത ജനനിബിഡമാകും.

Leave a Reply

Your email address will not be published. Required fields are marked *