തമ്പിക്കുട്ടി ഡോക്ടർക്ക് നാടിന്റെ വിട ; അന്ത്യാഞ്ജലി അർപ്പിക്കാൻ ശ്രേയസിലേക്ക് ജനങ്ങളുടെ ഒഴുക്ക്

Pathanamthitta

ഇലവുംതിട്ട :- നാടിന്റെ ഹൃദയ സ്പന്ദനം തൊട്ടറിഞ്ഞ ഡോക്ടർക്ക് ഇന്ന് നാട് വിതുമ്പലോടെ വിട നൽകും. കാഴ്ച്ചയും കേൾവിശക്തിയുമില്ലാത്തവർക്ക് മൺട്രോത്തുരുത്തിൽ സഭയുമായി ചേർന്ന് അഭയ കേന്ദ്രമൊരുക്കിയ ശേഷമാണ് ഡോ. സഖറിയ എന്ന തമ്പിക്കുട്ടി ഡോക്ടറുടെ ജീവിതത്തിൽ നിന്നുള്ള മടക്കം. നല്ലാനിക്കുന്നിൽ സി. എം. എസ് സ്കൂളിനും മാതൃ ദേവാലയത്തിനും അടുത്തായി അശരണർക്ക് അഭയമൊരുക്കുക എന്നതു കൂടി മാത്രം ബാക്കിയാക്കിയാണ് അദ്ദേഹത്തിന്റെ ധന്യ ജീവിതം അവസാനിച്ചത്.

പ്രിയ “തമ്പിക്കുട്ടി ” ഡോക്ടറുടെ വിയോഗത്തിൽ തീരാ ദുഖത്തിലാണ് നാട്. തുമ്പമൺ നോർത്ത് ബെഥേസ്ദാ ഹോസ്പിറ്റൽ ഡയറക്റ്ററും, സി.എസ്.ഐ അൽമായ സംഘടന മുൻ വൈസ് പ്രസിഡന്റും, ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരളാ ഓക്സിലിയറി മുൻ കമ്മറ്റിയംഗവുമായിരുന്ന, പനച്ചക്കുന്നിൽ ഡോ. ഡി. സഖറിയ (തമ്പിക്കുട്ടി ഡോക്ടർ 84) കഴിഞ്ഞ ദിവസമാണ് അന്തരിച്ചത് .

ദ്രാരിദ്ര്യ പൂർണമായ ഗ്രാമീണ ജീവിതത്തിൽ ദൈവദൂതനേപ്പോലെ അദ്ദേഹത്തിന്റെ സ്വാന്തനത്തിന്റെ കര സ്പർശമേൽക്കാത്ത നാട്ടുകാർ ഇല്ലന്നുതന്നെ പറയാം. പിറവി മുതൽ അന്ത്യശ്വാസം വരെ മനുഷ്യ ജീവിതത്തിന്റെ ഗതിവിഗതികൾക്ക് അദ്ദേഹവും അദ്ദേഹത്തിന്റെ ആശുപത്രിയുടെ നാല് ചുമരുകളും സാക്ഷ്യം വഹിച്ചതിന് കണക്കില്ല. അദ്ദേഹത്തിന്റെ സൈക്കിളും പിന്നെയുള്ള ഒരു തുവെള്ള സ്കൂട്ടറും മനുഷ്യ ജീവൻ രക്ഷിക്കാൻ രാപകൽ ചിറവരമ്പിലൂടെ ഓടിയിട്ടുള്ള രംഗങ്ങൾ നാട്ടുകാരുടെ മനസിൽ മായാതെ നിൽക്കുന്നു. കല്ലും കട്ടയും ചുമന്നുമെല്ലാം പാവങ്ങൾക്ക് 30ഓളം വീടുകൾ അദ്ദേഹം വച്ചു നൽകി.

അദ്ദേഹത്തിന്റെ ആശുപത്രിയിൽ നിർദ്ധനർക്ക് സൗജന്യ ചികൽസ നൽകുക എന്നത് അദ്ദേഹത്തിന്റെ ജീവിതവൃതമായിരുന്നു. സർക്കാർ പരിമിതമായിരുന്ന അക്കാലത്ത് കുറഞ്ഞത് 15 കിലോമീറ്റർ ചുറ്റളവിലുള്ള പണമില്ലാത്തവർ രാമൻചിറയിലെ തന്റെ ആതുരാലയത്തിൽ ചിൽകിസ തേടിയെത്തി വിഷമിച്ചു തിരികെപ്പോയ സംഭവമില്ല. സൗജന്യ ചികിസ മാത്രമല്ല വയറു വിശന്നുള്ള ഒരാളുടെയും ആശുപത്രി വാസം പോലുമുണ്ടായിട്ടില്ല. ഡോക്ടറുടെ ചെറു പൊതികളാക്കിയ പൊടിമരുന്നും ചെറു ഗുളികയും ഉൾപ്പെട്ട ഹോമിയോ ഒറ്റമൂലി ഒരു നാടിന്റെ ദിവ്യാ ഔഷധമായിരുന്നു. ഹോമിയോ ചികിൽസയ്ക്ക് ഒപ്പം ഇവിടെ അലോപ്പതി ഡോക്ടർമാരുടെ സേവനവും ലഭ്യമായിരുന്നു. പിന്നീട് ആശുപത്രി നടത്തിപ്പിന് കഴിയാതെ വന്നപ്പോൾ ആശുപത്രി കെട്ടിടം മർത്തോമ സഭയ്ക്ക് കൈമാറി. ഇന്ന് ഇവിടെ അശരണരുടെ അഭയ കേന്ദ്രമായ “ശ്രേയസ് ” എന്ന സ്ഥാപനം പ്രവർത്തിയ്ക്കുന്നു.

തന്റെ ആശുപത്രിയിൽ എത്തുന്നവർക്ക് അടിയന്തര വിദഗ്ദ്ധ ചികിൽസ വേണ്ടി വന്നാൽ തിരുവല്ലയിലും കോട്ടയത്തുമെല്ലാം തന്റെ ചെലവിൽ കൊണ്ടുപോയിട്ടുള്ള സംഭവങ്ങളും നിരവധിയാണ്. രോഗബാധിതനായി കിടപ്പിലായായത് ഏതാനം ആഴ്ച്ചകൾക്ക് മുമ്പ് മാത്രമായിരുന്നു. കിടപ്പിലാകുന്നത് വരെ കർമ്മ നിരതനായിരുന്നു അദ്ദേഹം. പ്രഭാതത്തിൽ 4 മണിയോടെ സൈക്കിൾ ഓടിച്ചും കിലോമീറ്ററുകൾ നടന്നും നാട്ടുകാരുമായി ഇടപഴകി. രോഗ ബാധിതരായി വീട്ടിൽ കഴിയുന്നവരെ അവരുടെ വീടുകളിലെത്തി പരിചരിക്കുക, ജാതി, മത വ്യത്യാസമില്ലാതെ മരണ വീടുകളിലെത്തി വീട്ടുകാരുടെ ദുഖത്തിൽ പങ്കു ചേരുക, പ്രാർത്ഥനാ നിരതനാകുക എന്നിവയെല്ലാം രോഗ ബാധിതനായി കിടപ്പിലാകുന്നതു വരെ അദ്ദേഹം തുടർന്നിരുന്നു.

പ്രിയ ഡോക്ടർക്ക് അന്ത്യാഞ്ജലി സമർപ്പിക്കാൻ നാട് ഒരുങ്ങുകയാണ്. ഭൗതിക ശരീരം ഇന്നലെ വൈകുന്നേരത്തോടെ ഭവനത്തിൽ കൊണ്ടുവന്നു. പ്രിയ ഡോക്ടറെ ഒരു നോക്ക് കാണാൻ ആളുകൾ ദൂരങ്ങളിൽ നിന്നുവരെ എത്തിക്കൊണ്ടിരിക്കുന്നു. സംസ്കാരം തിങ്കൾ ഉച്ചക്ക് 2 ന് നല്ലാനിക്കുന്ന് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ : മറിയാമ്മ സഖറിയ. പുന്നക്കാട് മലയിൽ കുടുംബാംഗമാണ്. മക്കൾ : ആനി (ഹ്യൂസ്റ്റൺ) , സോണി (സൗദി) , ക്രിസ്റ്റി (സൗദി) . മരുമക്കൾ ബോബി (ഹ്യൂസ്റ്റൺ) , മനോജ്, ( സൗദി), ജീമോൾ ( സൗദി) .

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *