ഉമ്മൻ ചാണ്ടിയെ അവസാനമായി കാണാൻ സുരേഷ് ഗോപിയും തിരുനക്കരയിലെത്തി

Kottayam
Print Friendly, PDF & Email

കോട്ടയം: കേരള രാഷ്‌ട്രീയ ചരിത്രത്തിലെ ജനപ്രിയ നേതാവാണ് ഉമ്മൻചാണ്ടിയെന്ന് നടൻ സുരേഷ് ഗോപി. സവിശേഷമായ ഒരു യുഗമാണ് ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ അവസാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുനക്കര മൈതാനത്ത് ഉമ്മൻ ചാണ്ടിയ്‌ക്ക് അന്ത്യാ‍ഞ്ജലി അർപ്പിക്കാനായെത്തിയപ്പോൾ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘അനുകരിക്കാനും അനുവർത്തിക്കപ്പെടാനും തോന്നുന്ന വ്യക്തിത്വമാണ് ഉമ്മൻചാണ്ടിയുടേത്. ഒരു പക്ഷേ, അദ്ദേഹം അത് സ്വാംശീകരിച്ചത് കരുണാകരനിൽ നിന്നാകും. ഭരണത്തിലെ മികവല്ല, എങ്ങനെ താഴെ തട്ടിലെ ജനതയോട് പെരുമാറണം, അവരെ എങ്ങനെയാണ് ചേർത്തു പിടിക്കേണ്ടത് എന്നൊക്കെ അദ്ദേഹത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയും. ആ ഒരു ചേർത്തുപിടിക്കലിലൂടെ വലിയൊരു പ്രതീക്ഷയും ഉണ്ടാകും, അതിലൂടെ ചിലപ്പോൾ ഭാവിയിലേക്ക് നന്മകൾ പകർന്നു കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ജനസമ്ബർക്ക പരിപാടികളടക്കം നമ്മൾ കണ്ടതാണ്.

ജനസമ്ബർക്കം ഒരു പ്രത്യേകത തന്നെയാണ്. ഒരു പക്ഷേ, ഇത്തരത്തിലെ നേതാക്കന്മാർ കേരളത്തിൽ വിരളിൽ എണ്ണാവുന്നവർ മാത്രമാണുള്ളത്. അവരൊക്കെ മനുഷ്യനെ സ്നേഹിച്ചവരാണ്. ഇത് കുറച്ച്‌ കൂടുതലായിട്ട് ഉമ്മൻ ചാണ്ടി സാറിൽ കണ്ടു. കൃത്യതയും ആളുകളെ കേൾക്കുന്നതിനും അതനുസരിച്ച്‌ പ്രവർത്തിക്കുന്നതിനും രാഷ്‌ട്രീയക്കാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും അദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നു. ഇതുപോലൊരാൾ ഇനിയുണ്ടാകില്ല. ഉമ്മൻചാണ്ടിയുടെ ജീവിതവും ദേഹവിയോഗത്തിൽ ജനങ്ങൾ പ്രകടിപ്പിക്കുന്ന സ്നേഹവും കൂടുതൽ മികച്ച രാഷ്‌ട്രീയപ്രവർത്തനത്തിന് മറ്റ് നേതാക്കൾക്കും പ്രചോദനമാകും.‍ കേരളത്തിന്റെയും മലയാളത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു.’- സുരേഷ് ഗേപി പറഞ്ഞു.

ഉമ്മൻചാണ്ടിയെ അവസാനമായി കണ്ട് അന്തിമോപചാരം അർപ്പിക്കാൻ മമ്മൂട്ടി, രമേശ് പിഷാരടി, ദിലീപ് എന്നീ താരങ്ങളും എത്തി. ഉമ്മൻചാണ്ടിയുടെ ഭൗതിക ദേഹവും വഹിച്ചുള്ള വാഹനം പുതുപ്പള്ളിയിലേക്കുള്ള യാത്രയിലാണ്. ആയിരക്കണക്കിന് ജനങ്ങളാണ് ജനനേതാവിനെ അവസാനമായി കാണാൻ എത്തിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *