മണിപ്പൂരിലേത് ഭരണഘടനാ വീഴ്ച തന്നെ ; വിഷയത്തിൽ ഇടപെടുമെന്ന് സുപ്രീം കോടതി

India

ന്യുഡൽഹി: മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ കടുത്ത വിമർശനവുമായി സുപ്രീം കോടതി രംഗത്ത് . ഈ സംഭവത്തിൽ സ്വമേധയാ കേസെടുത്ത കോടതി, സംഭവം അപലപനീയമാണെന്നും വീഡിയോ സമൂഹത്തിൽ വലിയ അസ്വസ്ഥത ഉണ്ടാക്കിയെന്നും പറഞ്ഞു. മണിപ്പൂരിൽ നിന്നുള്ള ആ വീഡിയോ വലിയ ഭരണഘടനാ വീഴ്ചയാണ് കാണിക്കുന്നത്. സർക്കാർ ടനടി പ്രവർത്തിച്ചില്ലെങ്കിൽ മേഖലയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ കോടതി ഇടപെടുമെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ് മുന്നറിയിപ്പ് നൽകി.

കേസ് ജൂലായ് 28ന് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ഇന്നലെ പ്രചരിച്ച വീഡിയോകോടതിയെ വളരെ അസ്വസ്ഥതപ്പെടുത്തി. സർക്കാർ മുന്നോട്ടുവന്ന് നടപടിയെടുക്കേണ്ട സമയമാണിത്. ഇത് ഒട്ടും അംഗീകരിക്കാനാവാത്തതാണെന്നൂം ചീഫ് ജസ്റ്റീസ് പറഞ്ഞു.
സർക്കാർ ഇടപെടുന്നില്ലെങ്കിൽ കോടതി ഇടപെടും. ഇത്തരം അക്രമങ്ങളിൽ കുറ്റക്കാർക്കെതിരെ കേസെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ച്‌ കോടതിയെ അറിയിക്കണം. മാധ്യമങ്ങളിൽ കാണുന്ന വീഡിയോ കടുത്ത ഭരണഘടനാ ലംഘനമാണ് കാണിക്കുന്നത്.- ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.

കഴിഞ്ഞ മേയ് നാലിന് ആണ് രണ്ട് യുവതികളെ ജനക്കൂട്ടം പിടികൂടി നഗ്നരാക്കി തെരുവുകളിലുടെ നടത്തുന്നതും പിന്നീട് വയലിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുന്നതുമായ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിലൂടെ രണ്ടുമാസത്തിന് ശേഷം ഇന്നലെ പ്രചരിച്ചത്. നഗനരാക്കി നടത്തുന്നതിനിടെ ജനക്കൂട്ടം ഇവരെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ച്‌ അപമാനിക്കുന്നതും വീഡിയോയിലുണ്ട്. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. കക്ഷി രാഷ്ട്രീയ ഭേദമന്യേ വിമർശനവുമായി ജനങ്ങൾ രംഗത്തെത്തി.
കേസിൽ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ഹീരാദാസ് (32) എന്നയാളെ മണിപ്പൂർ പോലീസ് തൗബാൽ ജില്ലയിൽ നിന്നും അറസ്റ്റു ചെയ്തിരുന്നു. വീഡിയോയിൽ കണ്ട പച്ച ടി ഷർട്ട് ധരിച്ചയാളാണ് ഹീരാദാസ് എന്ന് പോലീസ് പറഞ്ഞു.

മണിപ്പൂരിലുണ്ടായ സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുള്ള ആദ്യ പ്രതികരണവും ഇന്നുണ്ടായി. രാജ്യത്തിന് മുഴുവൻ ലജ്ജാകരമാണ് സംഭവം. കുറ്റക്കാർ ആരും തന്നെ രക്ഷപ്പെടില്ലെന്ന് രാജ്യത്തിന് ഞാൻ ഉറപ്പ് നൽകുന്നു. നിയമം അതിന്റെ വഴിക്ക് തന്നെ പോകും. മണിപ്പൂരിലെ പെൺകുട്ടികൾക്ക് സംഭവിച്ചതിൽ ഒരിക്കലും പൊറുക്കാനാവില്ലെന്നും മോദി പറഞ്ഞു. പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് തുടങ്ങി. മണിപ്പൂർ വിഷയത്തിൽ രാജ്യസഭ ബഹളത്തെ തുടർന്ന് രണ്ട് മണിവരെ പിരിഞ്ഞു. ലോക്‌സഭ അന്തരിച്ച അംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി രണ്ടു മണിവരെ നിർത്തിവച്ചിരിക്കുകയാണ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *