കൊല്ലം – ബസിനുള്ളിൽ കരുതിക്കൂട്ടി തിക്കും തിരക്കും സൃഷ്ടിച്ച് യാത്രക്കാരിയുടെ പണമടങ്ങിയ ബാഗും മോഷ്ടിച്ച് കടന്ന അന്തർ സംസ്ഥാന മോഷണസംഘത്തിലെ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ പാളയം മുക്കോണം കോവിൽ സ്വദേശിനി കൗസല്യ എന്ന പേരാണ് ഇവർ പോലീസിന് നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് തൃക്കരുവയിൽ നിന്ന് കൊട്ടിയത്തേക്കുള്ള ബസിൽ സഞ്ചരിച്ചിരുന്ന യാത്രക്കാരിയുടെ പണം അടങ്ങിയ പേഴ്സ് മോഷ്ടിച്ച പ്രതി വീണ്ടും മറ്റൊരു മോഷണ ശ്രമത്തിനിടയിലാണ് പിടിയിലായത്. തൃക്കരുവ സ്വദേശിനിയുടെ ബാഗാണ് മോഷ്ടിച്ചത്. തുടർന്ന് കൊട്ടിയം കണ്ണനല്ലൂർ ബസ്റ്റോപ്പിൽ എത്തിയ പ്രതി മറ്റൊരു സ്ത്രീയുടെ പേഴ്സ് മോഷ്ടിക്കാനുള്ള ശ്രമത്തിനിടയിൽ നാട്ടുകാരുടെ പിടിയിലായി. വിവരം ലഭിച്ചത് പ്രകാരം കൊട്ടിയം പോലീസ് എത്തി ഇവരുടെ പക്കൽ ഉണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോൾ തൃക്കരുവ സ്വദേശിനിയുടെ അഡ്രസ് കിട്ടി.
ഇവരെ വിവരം അറിയിച്ച ശേഷം മൊഴി രേഖപ്പെടുത്തി പോലീസ് കേസെടുത്തു. ഒമ്പതോളം സമാന കേസുകളിൽ പ്രതിയാണ് കൗസല്യ . അന്തർ സംസ്ഥാന മോഷ്ടാക്കളിൽ ഇവരെ പല കേസുകളിലും പോലീസ് പിടികൂടുമ്പോൾ വ്യാജ മേൽവിലാസം നൽകിയാണ് ഇവർ പോലീസിനെ കബളിപ്പിക്കുന്നത്. തിക്കുംതിരക്കുമുള്ള ബസ്സുകളിലും ആരാധനയലത്തിലും എത്തി സ്വർണാഭരണങ്ങളും പണം അടങ്ങിയ പേഴ്സും മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി.
കൊട്ടിയം പോലീസ് ഇൻസ്പെക്ടർ പി പ്രദീപിന്റെ നേതൃത്വത്തിൽ ഇവരെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


