അറിവിന്റെ അങ്കത്തട്ടിൽ പ്രതിഭകളുടെ മാറ്റൊലി ; ഗ്രാന്റ് ഫിനാലെയ്ക്ക് പത്തനംതിട്ടയിൽ നിന്ന് 6 ടീമുകൾ

Pathanamthitta

പത്തനംതിട്ട – കേരളത്തിന്റെ ചരിത്രവും സാംസ്‌കാരികവും സമകാലികവും സിനിമയും സാങ്കേതിക വിദ്യയും സർക്കാരിന്റെ ക്ഷേമ പദ്ധതികളും ഉൾപ്പെടെയുള്ള വിവിധ ചോദ്യശരങ്ങൾ…സമർദം വഴിമാറുമ്പോൾ ആശ്വാസത്തിന്റെ നെടുവീർപ്പ്… ഇടയ്ക്കിടെ പരസ്പരം അഭിനന്ദിക്കുന്ന മൽസരാർഥികൾ…കോഴഞ്ചേരി സെന്റ് തോമസ് കോളജ് ആതിഥേയത്വം വഹിച്ച സി എം മെഗാക്വിസ് പത്തനംതിട്ട ജില്ലാ മൽസരം വിദ്യാർഥികൾക്ക് സമ്മാനിച്ചത് അറിവിനൊപ്പം ഭാവിയിലേക്കുള്ള മുതൽക്കൂട്ടും.

സി എം മെഗാക്വിസ് സ്‌കൂൾ, കോളജ്തല ജില്ലാ മൽസരങ്ങൾക്കായി ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു. സ്‌കൂൾ, കോളജുകളിൽ സംഘടിപ്പിച്ച മൽസരത്തിലെ വിജയികൾ സെന്റ് തോമസ് കോളജിൽ അറിവ് പരീക്ഷണത്തിനെത്തി.
ഇന്ത്യയിലെ ആദ്യ ഫോട്ടോ ജേർണലിസ്റ്റും ഭരണഘടന സമിതിയിലെ വനിതകളും ഫ്രീ ഫയർ കമ്പനിയും ബഷീറിന്റെ സ്മരണയും പുന്നപ്ര വയലാർ ചരിത്രവും കൗതുകമുണർത്തിയ ചോദ്യങ്ങളായി.

സാംസ്‌കാരികവും ചരിത്രവും സാമൂഹികവുമായ മാറ്റങ്ങളെ തൊട്ടുണർത്തി കോന്നി മെഡിക്കൽ കോളജും അച്ചൻ കോവിലാറും പമ്പയും പടയണി ആചാര്യൻ കടമ്മനിട്ട വാസുദേവനും മണ്ണടിയും ജില്ലയെ പ്രതിപാദിക്കുന്ന ചോദ്യങ്ങളായി വന്നു. എൽ ഇ ഡി സ്‌ക്രീനിൽ തെളിഞ്ഞ സംസ്ഥാനത്തിന്റെ ഇന്നലെകളും ഇന്നും ചരിത്രത്തിന്റെ ഈടുകളെ ഓർമപ്പെടുത്തി. കെ സ്മാർട്ടും കെ ഡിസ്‌കും വിജ്ഞാന കേരളവും നവകേരളവും ഭാവി പ്രതീക്ഷ പദ്ധതികളും അറിവിന്റെ ആഴമളന്നു.

ആദ്യ ഘട്ടത്തിൽ 20, കലാശപ്പോരിൽ 36 ചോദ്യങ്ങളുമായിരുന്നു. പ്രാഥമിക മത്സരത്തിൽ വിജയിച്ച 6 ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടി. തിരുവല്ല മാർത്തോമാ കോളേജ് ചരിത്ര വിഭാഗം അധ്യാപകൻ ജി കെ ആഗ്നേയ് പ്രശ്നോത്തരിക്ക് നേതൃത്വം നൽകി.
സ്‌കൂൾ ജില്ലാതല മത്സരത്തിൽ കലഞ്ഞൂർ ജിഎച്ച്എസ്എസ് ആൻഡ് വിഎച്ച്എസ്എസിലെ വി നിരഞ്ജനും അർജുൻ എസ് കുമാറും ഒന്നാം സ്ഥാനം നേടി. പന്തളം തോട്ടക്കോണം സർക്കാർ എച്ച് എസ് എസിലെ ഷിഹാദ് ഷിജു, എസ് ശ്രുനവ്യ എന്നിവർ രണ്ടും പത്തനംതിട്ട എംടിഎച്ച്എസ്എസിലെ എം യൂസഫ് ഹലിം, അധർവ് എം നായർ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ സ്‌കൂൾതല മൽസര വിജയികൾക്ക് സമ്മാനം നൽകി.

കോളജ്തല മത്സരത്തിൽ ആദ്യ രണ്ടു സ്ഥാനം തിരുവല്ല മാർത്തോമാ കോളേജ് വിദ്യാർഥികളായ എസ് അജ്മൽ, എസ് പദ്മചന്ദ്രനും
ചന്ദന ലക്ഷ്മി സന്തോഷ്, ഐ പി റാണിയയും നേടി. മൂന്നാം സ്ഥാനം പന്തളം എൻ എസ് എസ് പോളിടെക്‌നിക് കോളേജ് വിദ്യാർഥികളായ ആദിത്യ ദേവ്, എ അമൽ കുമാറിനാണ്. വിജയികൾക്ക് കോഴഞ്ചേരി സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ പ്രൊഫ. ജോർജ് കെ അലക്സ് ട്രോഫി സമ്മാനിച്ചു. ജേതാക്കൾ ഗ്രാന്റ് ഫിനാലെയ്ക്ക് അർഹരായി.

പത്തനംതിട്ട വിദ്യാഭ്യാസ ഉപജില്ല ഡയറക്ടർ ബി ആർ അനില, ജില്ല ഇൻഫർമേഷൻ ഓഫീസർ സി ടി ജോൺ, സി എം മെഗാ ക്വിസ് ജില്ലാ നോഡൽ ഓഫീസർ ഡോ. ജിജു വി ജേക്കബ്, വിദ്യാകിരണം ജില്ലാ കോ ഓഡിനേറ്റർ എ കെ പ്രകാശ്, കോളജ്തല കോ ഓഡിനേറ്റർ ഡോ. കെ.വി സുധീഷ് എന്നിവർ നേതൃത്വം നൽകി.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് പ്രശ്നോത്തരി സംഘടിപ്പിച്ചത്. രാജ്യത്ത് ആദ്യമായാണ് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി ഓൺലൈൻ സാധ്യത പ്രയോജനപ്പെടുത്തി സുതാര്യമായ രീതിയിൽ പ്രശ്നോത്തരി നടത്തുന്നത്.

ചിത്രം: സ്‌കൂൾ ഫസ്റ്റ്
കോഴഞ്ചേരി സെന്റ് തോമസ് കോളജിൽ നടന്ന സി എം മെഗാ ക്വിസ് സ്‌കൂൾ തലത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർഥികൾ

ചിത്രം: ക്വിസ് സ്‌കൂൾ-
കോഴഞ്ചേരി സെന്റ് തോമസ് കോളജിൽ നടന്ന സി എം മെഗാ ക്വിസ് സ്‌കൂൾ തലമത്സരം

ചിത്രം: കോളജ് ഫസ്റ്റ്-
കോഴഞ്ചേരി സെന്റ് തോമസ് കോളജിൽ നടന്ന സി എം മെഗാ ക്വിസ് കോളേജ് തലത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർഥികൾ

ചിത്രം: വിന്നേഴ്സ് കോളജ്
കോഴഞ്ചേരി സെന്റ് തോമസ് കോളജിൽ നടന്ന സി എം മെഗാ ക്വിസ് കോളജ് തല വിജയികൾ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണന് ഒപ്പം

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *