തിരുവനന്തപുരം – രാത്രിയുടെ നിശബ്ദതയിൽ വീടിന്റെ അകത്തളങ്ങളിൽ അണയാത്ത സ്മാർട്ട് ഫോണുകളുടെ നീലവെളിച്ചം കേരളത്തിൽ അശാന്തിയുടെ വിത്തു പാകുന്നു. അതിരുകളില്ലാത്ത ഇന്റർനെറ്റ് ഡേറ്റയും വിരൽത്തുമ്പിൽ സുലഭമായ അശ്ലീല സൈറ്റുകളും പച്ചയായ മനുഷ്യരിലെ മൃഗീയവാസനകളെ ഉണർത്തുന്ന മാരകമായ ‘രാസവസ്തുവായി’ മാറുകയാണെന്ന് മനഃശാസ്ത്രജ്ഞരും പോലീസും മുന്നറിയിപ്പ് നൽകുന്നു.
കേവലം വിനോദത്തിനപ്പുറം, മസ്തിഷ്‌കത്തെ മരവിപ്പിക്കുന്ന സൈബർ ലഹരി കൊടുംക്രിമിനലുകളെ സൃഷ്ടിക്കുന്ന ഇടമായി സൈബർ ലോകത്തെ മാറ്റിയിരിക്കുന്നു.അടുത്തകാലത്ത് കേരള മനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരമായ പീഡനക്കേസുകളിലെയും ഇലന്തൂർ നരബലി ഉൾപ്പെടെയുള്ള വിചിത്ര കുറ്റകൃത്യങ്ങളിലെയും പ്രതികളെ ചോദ്യം ചെയ്തപ്പോൾ പുറത്തുവന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. മൊബൈൽ ഫോണിലെ അശ്ലീല ദൃശ്യങ്ങൾ നൽകിയ വികലമായ ആവേശമാണ് ഇവരെ കൊടുംക്രിമിനലുകളാക്കി മാറ്റിയതെന്ന് അന്വേഷണസംഘം സാക്ഷ്യപ്പെടുത്തുന്നു.
ഇരകളോട് ക്രൂരമായ രീതിയിൽ പെരുമാറാനും വിചിത്രമായ പീഡനമുറകൾ അവലംബിക്കാനും ഇവരെ പ്രേരിപ്പിക്കുന്നത് ഇന്റർനെറ്റിൽ നിന്ന് ലഭിക്കുന്ന വികലമായ ഉള്ളടക്കങ്ങളാണ്. പല കേസുകളിലും പ്രതികളുടെ ഫോണുകൾ പരിശോധിച്ചപ്പോൾ മണിക്കൂറുകളോളം ഇത്തരം ദൃശ്യങ്ങൾ കണ്ടതിന്റെ ഡിജിറ്റൽ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്.ലഹരിമരുന്നിന് അടിമയാകുന്നതുപോലെ തന്നെ മസ്തിഷ്‌കത്തിലെ ഡോപ്പമിൻ അളവ് വ്യതിയാനപ്പെടുത്തി വ്യക്തിയെ ക്രിമിനൽ ചിന്തകളിലേക്ക് നയിക്കാൻ ഈ സൈബർ ലോകത്തിന് സാധിക്കുന്നു.
സാധാരണ കുറ്റവാളികളിൽ നിന്ന് ഭിന്നമായി, യാതൊരു പ്രകോപനവുമില്ലാതെ ക്രൂരത ചെയ്യാൻ മടിക്കാത്ത ഒരു വിഭാഗം സമൂഹത്തിൽ വളരുന്നു എന്നത് ഭീതിയോടെ കാണേണ്ടതുണ്ട്.മൊബൈൽ സ്‌ക്രീനുകളിൽ കാണുന്ന വൈകൃതങ്ങൾ യാഥാർത്ഥ്യമാണെന്ന് വിശ്വസിക്കുകയും അത് ജീവിതത്തിൽ പരീക്ഷിക്കാൻ മുതിരുകയും ചെയ്യുന്നതാണ് ഇത്തരം ‘സൈക്കോ പാത്ത്’ കുറ്റവാളികളെ സൃഷ്ടിക്കുന്നത്.
വീടുകളിൽ കുട്ടികളുടെയും മുതിർന്നവരുടെയും ഇന്റർനെറ്റ് ഉപയോഗത്തിൽ കൃത്യമായ മേൽനോട്ടം വേണമെന്നും, ലഹരിവിരുദ്ധ കാമ്പയിനുകൾ പോലെ തന്നെ ‘സൈബർ ശുദ്ധീകരണ’വും അനിവാര്യമാണെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കേരളം ഡിജിറ്റൽ വിപ്ലവത്തിൽ മുന്നേറുമ്പോഴും അദൃശ്യമായ ഈ നീലവെളിച്ചം വലിയൊരു സാമൂഹിക ദുരന്തമായി മാറുകയാണ്.


