സ്വന്തം മാതാപിതാക്കളെ മർദ്ദിക്കാൻ മകന് കൂട്ടായി എത്തിയത് ഭാര്യാ പിതാവ് !!

Crime

അടൂർ: ഭാര്യാപിതാവിനെ കൂട്ടിയെത്തി മാതാപിതാക്കളെ മകൻ മർദ്ദിച്ചു, ഇരുവരെയും മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്ത് ഏനാത്ത് പോലീസ്. ഏനാത്ത് വടക്കടത്തുകാവ് കിളിവയൽ സാഗര നിവാസിൽ സുധാകര(55)നും ഭാര്യ സുലജ എസ് നായർ(60)ക്കുമാണ് 6 ന് വൈകിട്ട് മർദ്ദനമേറ്റത്. മകൻ സന്ദീപ്, ഇയാളുടെ ഭാര്യാ പിതാവ് കിരൺ എന്നിവരാണ് പിടിയിലായത്. സുധാകരനും സുലജക്കും രണ്ട് ആൺമക്കളാണ്, സന്ദീപ് മൂത്തയാളാണ്. ഇളയത് സൗരവ്. സന്ദീപിന് ഹൈദരാബാദിൽ സ്വകാര്യ കമ്പനിയിൽ ജോലിയുണ്ട്.

ഇയാൾ രണ്ട് വിവാഹം കഴിച്ചു, ആദ്യത്തേത് വേർപെടുത്തിയിരുന്നു. രണ്ടാമത് 2023 മേയിൽ ചേർത്തല സ്വദേശിനിയെയാണ് കല്യാണം കഴിച്ചത്. മാതാപിതാക്കൾ നടത്തിക്കൊടുത്തതാണ്. അതിനുശേഷം സന്ദീപും പിതാവും അത്ര സ്വരചേർച്ചയിലായിരുന്നില്ല. ചേർത്തലയിലെ വീട്ടിലാണ് സന്ദീപ് താമസിച്ചുവന്നത്. ഇയാളുടെ ഭാര്യ ഗർഭിണിയായപ്പോൾ, ഏഴാം മാസത്തിൽ സുധാകരന്റെ വീട്ടിൽ വന്നു. ഈ സമയത്ത് സാധാരണ നടത്തുന്ന ചടങ്ങിനുശേഷം തിരികെപോകാമെന്ന് പറഞ്ഞത് യുവതിക്കും മറ്റും ഇഷ്ടമായില്ല.ഇതേചൊല്ലി അച്ഛനും സന്ദീപും ഫോണിൽ സംസാരിച്ചു വഴക്കായി. പിന്നീട് നിരന്തരം പിതാവിന്റെ ഫോണിൽ വിളിച്ച് മകൻ അസഭ്യം പറയാറുണ്ട്. ഇതെല്ലാം സുലജ തന്റെ ഫോണിൽ റെക്കോർഡ് ചെയ്തിരുന്നു. വിളിക്കുമ്പോഴെല്ലാം മാതാവിനെ കുറിച്ച് മോശമായി പരാമർശിക്കുകയും ചെയ്യും.

പിതാവ് ഇത് ചോദ്യം ചെയ്യാറുണ്ട്, പ്രകോപിതനാകുമ്പോൾ അമ്മയുടെ മുന്നിലിട്ട് അച്ഛനെ തല്ലുമെന്നും പറഞ്ഞിരുന്നു. 6 ന് വൈകിട്ട് സന്ദീപും ഭാര്യയും കുഞ്ഞും, യുവതിയുടെ മാതാപിതാക്കളുമായി വീട്ടിൽ വന്നു. വീട്ടിലെ ദിവാൻ കോട്ടിൽ കിടന്ന സുധാകരനെ അസഭ്യം വിളിച്ചുകൊണ്ടു വലിച്ചു താഴെ ഇട്ട ശേഷം സന്ദീപ് തലയ്ക്കും മറ്റും ഇടിച്ചു. തുടർന്ന് കൈ പിടിച്ചു തിരിച്ചു. സുധാകരന്റെ നടുവിരലിന് പൊട്ടലുണ്ടായി. തടഞ്ഞ സുലജയുടെ നെഞ്ചിൽ കിരൺ ഇടിച്ചു, അസഭ്യം വിളിക്കുകയും ചെയ്തു. തനിക്ക് മാനഹാനിയുണ്ടായതായും, വീടിന്റെ സിറ്റൗട്ടിലെ സിസിടിവിയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ ഉള്ളതായും സുലജ പോലീസിന് മൊഴി നൽകിയിരുന്നു. ദമ്പതികൾ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഏനാത്ത് പോലീസിൽ സുലജ നൽകിയ പരാതിപ്രകാരം കേസെടുത്ത്, ഇൻസ്‌പെക്ടർ അമൃത സിംഗ് നായകത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *