കോന്നി : പ്രകൃതിയും മനുഷ്യനും പരസ്പരപൂരകങ്ങളാകുന്ന വനവാസി സംസ്കാരത്തിൻറെ തിരുശേഷിപ്പുകളുടെ സ്മരണ നിലനിർത്തിക്കൊണ്ട് ആദി ദ്രാവിഡ നാഗ ഗോത്ര ജനത നൂറ്റാണ്ടുകളായി വനത്തിൽ മാത്രം ആചരിച്ചു വരുന്ന അത്യഅപൂർവ്വ അനുഷ്ഠാന പൂജയും ദ്രാവിഡ കലകളും കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം ) ഈ മാസം 21 ന് നടക്കും . ഇതിന് മുന്നോടിയായി 999 മലകളുടെ പ്രീതിയ്ക്കായി ചാണകം മെഴുകിയ പ്രത്യേക നിലപാട് തറയിൽ കളരി വിളക്ക് തെളിയിച്ചു .എല്ലാ ദിവസവും രാവിലെയും വൈകിട്ടും നിലപാട് തറയിൽ പൂജകൾ അർപ്പിക്കും .
ശബരിമല ഉത്സവ ഗുരുതിയ്ക്ക് ശേഷം വർഷത്തിൽ ഒരിക്കൽ സർവ്വ ചരാചരങ്ങളെയും ഉണർത്തിച്ചു കൊണ്ട് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ മാത്രം നൂറ്റാണ്ടുകളായി ആചരിക്കുന്ന ആഴിപൂജ, വെള്ളം കുടി നിവേദ്യം, കളരിപൂജ , ചരിത്ര പുരാതനമായ കുംഭപ്പാട്ട് , ഭാരതാംബയുടെ വിരിമാറിൽ ആദ്യം രൂപം കൊണ്ട കലാരൂപം ഭാരതക്കളി , തലയാട്ടം കളി ,കമ്പുകളി എന്നിവ മകരം ഏഴിന് രാത്രിയിൽ സമർപ്പിക്കും .
വീരയോദ്ധാവും മാന്ത്രികനും 999 മലകളുടെ ഊരാളിയും രോഗാദിപീഡകളകറ്റുന്ന സിദ്ധനുമായിരുന്ന ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനെയും പ്രകൃതിയെയും വാഴ്ത്തി പാടുന്ന കുംഭ പാട്ട് കൊട്ടിപ്പാടും .ഗുരുകാരണവന്മാരുടെയും കുലദൈവങ്ങളുടെയും പ്രീതിക്കായി പൂജകൾ നടത്തുകയും അനുഗ്രഹം തേടുകയും ചെയ്യുന്ന ചടങ്ങാണ് വെള്ളംകുടി നിവേദ്യം. സർവ്വവിധ അന്തകാരമകലാനും ലോകത്തിന് വെളിച്ചം പകരാനും ആഴിപൂജയും നടക്കും .
കിഴക്ക് ഉദിമല മുതൽ പടിഞ്ഞാറ് തിരുവാർ കടൽ വരെ ഉള്ള ദേശങ്ങളെ ഉണർത്തിച്ചും ഈരേഴു പതിനാലു ലോകത്തിൻറെ നന്മക്കുവേണ്ടി മുറുക്കാൻ അടങ്ങിയ കലശം സമർപ്പിച്ച് ഊരാളി മല വിളിച്ചു ചൊല്ലും .വെള്ളി പരമ്പു നിവർത്തി 101 കളരിക്കും കുലജാതർക്കും വേണ്ടി തേക്കിലയും പുന്നയിലയും മലവാഴ ഇലയും നാക്ക് നീട്ടിയിട്ട് 101 നിലവിളക്ക് തെളിച്ച് കാട്ടു വിഭവങ്ങളും കാർഷിക വിളകളും കനലിൽ ചുട്ടും വറുത്തും പൊടിച്ചും വേവിച്ചും പുഴുങ്ങിയും , കരിക്ക്, വറപൊടി, മുളയരി,അട വിഭവങ്ങൾ തെണ്ടും തെരളിയും കലശം, തേൻ, കരിമ്പ് എന്നിവ ചേർത്തു വച്ച് കളരി പൂജ സമർപ്പിക്കും .
21 കൂട്ടം കാട്ടു വിറകുകൾ കൊണ്ട് ആഴി കൂട്ടി ഹവിസ്സുകൾ അർപ്പിച്ച് അകത്തും പുറത്തുമുള്ള കളരിയിൽ വെള്ളം കുടി നിവേദ്യം കലശമായി തളിക്കും . 999 മലകളെ വിളിച്ചുണർത്തി മുളം കാലുകൾ, പച്ചിരുമ്പു, ഉണക്കപ്പാള, ഉണക്കകമ്പു ചേർത്തുള്ള കുംഭ പാട്ട്, ഭാരതകളി, തലയാട്ടം കളി,കമ്പ് കളി ,പാട്ടും കളിയും എന്നിവ തിരു സന്നിധിയിൽ നടക്കും .
മല ഉണർത്തൽ, കാവ് ഉണർത്തൽ, കാവ് ആചാരത്തോടെ താംബൂല സമർപ്പണം, മലയ്ക്ക് കരിക്ക് പടേനി, തൃപ്പടിപൂജ, ഭൂമിപൂജ, വൃക്ഷസംരക്ഷണപൂജ, ജലസംരക്ഷണപൂജ,സമുദ്ര പൂജ,പ്രകൃതി സംരക്ഷണ പൂജ , വാനരപൂജ, വാനരഊട്ട്, മീനൂട്ട്,ആനയൂട്ട്, പ്രഭാത വന്ദനം ,പ്രഭാതപൂജ ,സന്ധ്യാ നമസ്ക്കാരത്തിനു ശേഷമാണ് ആഴിപൂജയും വെള്ളം കുടി നിവേദ്യവും അത്യഅപൂർവ്വ അനുഷ്ഠാന പൂജയുംനടക്കും . ഏഴര വെളുപ്പിനെ വരെ നീണ്ടു നിൽക്കുന്ന അനുഷ്ടാന പൂജകൾക്ക് ഊരാളിമാർ നേതൃത്വം നൽകും എന്ന് കാവ് ഭാരവാഹികൾ അറിയിച്ചു .


