കണ്ണൂർ – ഡോക്ടറുടെ പെട്ടെന്നുള്ള മരണം ഉൾക്കൊള്ളാനാകാതെ ഒരു നാട്. ഡോക്ടറുടെ പരിചരണം ലഭിച്ചിട്ടുള്ള സാധാരണക്കാരായ നാട്ടുകാർക്കാണ് ആ വേർപാട് വിശ്വസിക്കാനാകാത്തത്. 10 വർഷത്തിലധികമായി ഗവ.താലൂക്ക് ആശുപത്രിയിൽ അസ്ഥിരോഗ വിദഗ്ധനായി ജനങ്ങളെ സേവിച്ച ഡോ. പ്രദീപ്കുമാർ (45) സ്വന്തം ക്ലിനിക്കിൽ ജീവനൊടുക്കിയ വാർത്തയറിഞ്ഞതു മുതൽ എല്ലാവരും ഞെട്ടലിലാണ്.
രാത്രി വൈകും വരെ ആശുപത്രിയിൽ രോഗികളെ പരിശോധിച്ച ഡോക്ടറാണ് മണിക്കൂറുകൾക്കകം അതേ ക്ലിനിക്കിൽ ജീവനൊടുക്കിയെന്ന വിവരം നാടറിയുന്നത്. രോഗികൾ വരാൻ താമസിച്ചാലും കാത്തിരിക്കുന്ന ഡോക്ടറായിരുന്നു പ്രദീപ്കുമാർ. ക്ലിനിക്കിൽ ബുക്ക് ചെയ്യുമ്പോൾ കൃത്യമായി സമയം പറയും. രോഗി സമയം തെറ്റി വന്നാലും ഡോക്ടർ കാത്തിരിക്കും. അസ്ഥിരോഗ ചികിത്സയിൽ ആ നാട്ടിലെ സാധാരണക്കാർക്ക് പലപ്പോഴും അവസാന വാക്ക് ഈ ഡേക്ടറായിരുന്നു.
തനിച്ച് തന്റെ മുന്നിൽ ചികിത്സ തേടിയെത്തുന്നവർക്ക് ബൈസ്റ്റാൻഡറായും ഈ ഡോക്ടർ ഒപ്പം ഉണ്ടാകുമായിരുന്നു. താലൂക്ക് ആശുപത്രിയിൽ പൊതുദർശനത്തിന് വച്ചപ്പോൾ വൻ ജനാവലി അന്തിമോപചാരം അർപ്പിക്കാനെത്തി. കരിവെള്ളൂരിലെ വീട്ടിലും വൻ ജനാവലി ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. പരിയാരം ഗവ.മെഡിക്കൽ കോളേജിലെ ഇ എൻ.ടി വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഡോ. അമ്പിളിയാണ് ഭാര്യ.


