അയിരൂർ പുതിയകാവ് ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ കുത്തിത്തുറന്നു

Crime Pathanamthitta
Print Friendly, PDF & Email

കോഴഞ്ചേരി: അയിരൂർ പുതിയ കാവിൽ ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ കുത്തിതുറന്ന് മോഷണം. ഇന്നലെ പുലർച്ചെയാണ് മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്രം തുറക്കാൻ ജീവനക്കാർ എത്തിയപ്പോൾ ശ്രീകോവിലിനു മുന്നിലെ ഭണ്ഡാരം കുത്തിപ്പൊളിച്ചു നിലയിലായിരുന്നു. തുടരന്വേഷണത്തിൽ ആലിന് സമീപമുള്ള കാണിക്ക വഞ്ചിയും തുറന്ന് മോഷണം നടത്തിയതായി കണ്ടെത്തി. ജീവനക്കാർ ഉപദേശക സമിതി ഭാരവാഹികളെയും പോലീസിനെയും വിവരം അറിയിച്ചു.

കോയിപ്രം പോലീസും പത്തനംതിട്ടയിൽ നിന്നുള്ള വിരലടയാള വിദഗ്ദ്ധരും എത്തി പരിശോധനകൾ നടത്തി. രണ്ടു ദിവസം മുൻപാണ് ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ തുറന്നത്. എന്നാൽ ഇപ്പോൾ മോഷണം നടന്നിട്ടുള്ള വഞ്ചികൾ അന്ന് തുറന്ന് എണ്ണാൻ കഴിഞ്ഞില്ല. ക്ഷേത്രത്തിൽ ഏറ്റവും അധികം കാണിക്ക ലഭിക്കുന്നത് ശ്രീകോവിലിന് മുന്നിലെ ഭണ്ഡാരത്തിലാണ്.
ഇപ്പോൾ തുറന്നിരിക്കുന്നതും ഇതാണ്. കാണിക്ക വഞ്ചികൾക്ക്
പുറമേ സ്‌റ്റേജിന് വശത്തുള്ള സബ് ഗ്രൂപ്പ് ഓഫീസിലും പൂട്ട് തുറന്ന്
അകത്തു കയറിയിട്ടുണ്ട്. ഇവിടെ അലമാരകളും മേശകളും തുറക്കുകയും ഫയലുകളും മറ്റും വലിച്ചു വാരി ഇടുകയും ചെയ്തിട്ടുണ്ട്.

എന്നാൽ ഇതിന് സമീപമുള്ള ഉപദേശക സമതി ഓഫീസിനെ ഒഴിവാക്കുകയും ചെയ്തിട്ടിട്ടുണ്ട്. ക്ഷേത്രത്തിന്റെ തെക്കേനടയിലെ കതക് കുത്തിപ്പൊളിച്ച് അകത്തു കടന്നവർ ശ്രീകോവിലിനു മുന്നിലെ ഭണ്ഡാരം പൊളിച്ച് ഇതിലുള്ളതെല്ലാം എടുത്ത് ചാക്കിലാക്കി വടക്കേ നടതുറന്നാണ് പുറത്തെ നാഗരാജ നടയിൽ എത്തിയത്. കാണിക്ക വഞ്ചിയിൽ ഉണ്ടായിരുന്ന നാണയം ഇവിടെ ഉപേക്ഷിച്ചിട്ടുണ്ട്. കറൻസി നോട്ടുകളും മറ്റ് വഴിപാട് ഉരുപ്പടികളും മാത്രമാകാം ഇവർ കൊണ്ട് പോയത്. ചാക്കിന്റെ വലിപ്പവും
ഭാരവും ഒപ്പം നാണയം മാറുന്നതിലെ പ്രയാസവുമാകാം ഇത് ഉപേക്ഷിക്കാൻ കാരണമായി കരുതുന്നത്. ഇവിടെ നിന്നും കിഴക്ക്, പടിഞ്ഞാറേ നടകൾ ഒഴിവാക്കി ചെറുകോൽപ്പുഴ- റാന്നി റോഡിലേക്കുള്ള ചെറിയ വഴിയിലൂടെ ആണ് മോഷ്ടാക്കൾ മടങ്ങിയിരിക്കുന്നത്. ഈ ഭാഗങ്ങളിൽ സി.സി.ടി.വികൾ ഇല്ല എന്നതാകാം ഇതിനു കാരണം.

മോഷണം വിവരം അറിഞ്ഞതോടേ ക്ഷേത്രത്തിലെ പൂജകളും മുടങ്ങി. വെള്ളിയാഴ്ച ആയിരുന്നതിനാൽ വലിയ തോതിൽ ഭക്തരും എത്തിയിരുന്നു. തിരുവാഭരണം ശബരിമല യാത്രയിൽ ആദ്യ ദിനം തങ്ങുന്ന പുതിയകാവ് ദേവി ക്ഷേത്രത്തിൽ ആകെ 12 ജീവനക്കാരാണ് ഉണ്ടാകേണ്ടത്. ഇതിൽ മൂന്നു പേർ വാച്ചർമാരാണ്. മേൽശാന്തി ഉൾപ്പെടെ മൂന്ന് സ്ഥിരം ജീവനക്കാർ മാത്രമാണ് ഇപ്പോൾ ഇവിടെ ഉള്ളത്. ഇതിനാൽ രാത്രി കാവലിന് ആളില്ല. സി.സി.ടി.വി സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല. ഇതെല്ലാം പഠിച്ച കള്ളൻ തന്നെയാകും മോഷണം നടത്തിയതെന്ന വിശ്വാസമാണ് ഭക്തർ പങ്ക് വയ്ക്കുന്നത്. ജീവനക്കാരുടെകുറവ് നികത്തണമെന്ന് ആവശ്യപ്പെട്ട് കവിയൂർ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം ജീവനക്കാർ പ്രതിഷേധിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *