കോന്നി: വിദ്യാർഥിനിക്ക് പിന്നാലെ പിന്തുടർന്ന് ശല്യം ചെയ്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊക്കാത്തോട് അള്ളുങ്കൽ ഷിനുഭവനിൽ ഷിജിൻ ബാബു (28) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. സ്‌കൂൾ വിട്ട് വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇടപെട്ട് പ്രതിയെ തടഞ്ഞു വച്ച് പോലീസിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ സബ് ഇൻസ്പെക്ടർ കെ.എസ്. ഷൈജു, എസ്.സി.പി.ഓമാരായ അനീഷ്, സുബിൻ എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. 2020 ൽ പോലീസ് രജിസ്റ്റർ ചെയ്ത അടിപിടിക്കേസിലും ഇയാൾ പ്രതിയാണ്.


