സെൻസസ്: ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം (സെൽഫ് എന്യൂമറേഷൻ)

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – സെൻസസ് 2027ന്റെ ഭാഗമായി പൊതുജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ (സെൽഫ് എന്യൂമറേഷൻ) ജൂൺ 16 മുതൽ 30 വരെ ഓൺലൈനായി രേഖപ്പെടുത്താം. സെൻസസ് ഉദ്യോഗസ്ഥർ വീടുകളിൽ എത്തുന്നതിന് മുമ്പ് വ്യക്തികൾക്ക് തങ്ങളുടെ കുടുംബത്തിലെ വിവരം ഓൺലൈൻ പോർട്ടലിലൂടെ നേരിട്ട് സമർപ്പിക്കാനുള്ള സംവിധാനമാണ് സെൽഫ് എന്യുമറേഷൻ. 15-20 മിനിറ്റിനുള്ളിൽ പ്രക്രിയ പൂർത്തിയാക്കാം.
https://se.census.gov.in എന്ന പോർട്ടലിലൂടെ സംസ്ഥാനം തിരഞ്ഞെടുത്ത് കുടുംബനാഥന്റെ പേരും മൊബൈൽ നമ്പറും നൽകി രജിസ്റ്റർ ചെയ്യാം. ഒരു മൊബൈൽ നമ്പർ ഒരു കുടുംബത്തിന് മാത്രമേ ഉപയോഗിക്കാനാകൂ. ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് ഒ.ടി.പി. വഴി വെരിഫിക്കേഷൻ പൂർത്തിയാക്കണം. ഒരിക്കൽ തിരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാനാകില്ല. പോർട്ടലിലെ മാപ്പിൽ വീടിന്റെ കൃത്യമായ സ്ഥാനം ‘റെഡ് മാർക്കർ’ ഉപയോഗിച്ച് അടയാളപ്പെടുത്തണം. സെൻസസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകി വിവരങ്ങൾ പരിശോധിച്ച ശേഷം ഫൈനൽ സബ്മിറ്റ് നൽകുക.

വിവരങ്ങൾ നൽകി കഴിഞ്ഞാൽ ‘എച്ച്’ എന്ന് തുടങ്ങുന്ന 11 അക്ക സെൽഫ്-ഇന്യൂമറേഷൻ ഐഡി (എസ് ഇ ഐഡി) ലഭിക്കും. സെൻസസ് ഉദ്യോഗസ്ഥർ പിന്നീട് വീട് സന്ദർശിക്കുമ്പോൾ ഈ ഐഡി കൈമാറണം. ഇതോടെ വിവരങ്ങൾ ഡിജിറ്റലായി സ്ഥിരീകരിക്കപ്പെടും. ജൂൺ 30നകം വിവരങ്ങൾ സമർപ്പിക്കാത്തവർക്ക് സെൽഫ്-ഇന്യൂമറേഷൻ പൂർത്തിയാക്കാനാകില്ല. അങ്ങനെയുള്ളവരുടെ വിവരങ്ങൾ ഉദ്യോഗസ്ഥർ നേരിട്ട് ശേഖരിക്കും. സർക്കാർ ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രിൻസിപ്പൽ സെൻസസ് ഓഫീസർ കൂടിയായ ജില്ല കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. പോർട്ടലിൽ യൂസർ ഗൈഡും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *